എല്ലാ പൊതുമേഖല ബാങ്കുകളുടെയും ഇടപാട് സമയം ഏകീകരിച്ചു; ഉപഭോക്താക്കള്‍ക്ക് രാവിലെ 10 മുതല്‍ വൈകിട്ട് നാല് മണിവരെ ബാങ്ക് ഇടപാടുകള്‍ നടത്താം

ഇന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് രാവിലെ 10 മുതല്‍ വൈകിട്ട് നാല് മണിവരെ ബാങ്ക് ഇടപാടുകള്‍ നടത്താം. ചൊവ്വാഴ്ച മുതൽ എല്ലാ ബാങ്കുകളും രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ പ്രവർത്തിക്കും. ഇതുവരെ ചില ബാങ്കുകൾ മൂന്നരവരെ മാത്രമേ ഇടപാടുകൾ നടത്തിയിരുന്നുള്ളൂ. ഉച്ചയ്ക്ക് രണ്ട് മുതല്‍ രണ്ടര വരെയാണ് ഒഴിവുസമയം. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനതല ബാങ്കേഴ്സ് സമിതിയാണ് സമയക്രമം ഏകീകരിച്ചത്. എന്നാല്‍, സ്വകാര്യ ബാങ്കുകളില്‍ ഈ സമയക്രമം ബാധകമല്ല.
ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ മൂന്നുവിധത്തിലുള്ള പ്രവൃത്തിസമയമാണ് നിർദേശിച്ചത്. രാവിലെ ഒമ്പതുമുതൽ മൂന്നുവരെ, പത്തുമുതൽ നാലുവരെ, 11 മുതൽ അഞ്ചുവരെ എന്നിങ്ങനെ. ഇതിൽ സംസ്ഥാനങ്ങൾ യുക്തമായത് തിരഞ്ഞെടുക്കാനായിരുന്നു നിർദേശം. കേരളത്തിൽ ബാങ്കുകൾ ഇതിൽ പത്തുമുതൽ നാലുവരെയുള്ള സമയമാണ് സ്വീകരിച്ചത്.
ഇടപാടുകാരുടെ സൗകര്യത്തിനായി പല ബാങ്കുകളും ഉച്ചഭക്ഷണത്തിന് ഇടവേള നൽകിയിരുന്നില്ല. ബാങ്കുകളിലെ ഇടപാടുകൾ തടസ്സപ്പെടാതെ ജീവനക്കാർ ഉച്ചഭക്ഷണസമയം ക്രമീകരിക്കുകയായിരുന്നു. ഇത് ജീവനക്കാർക്ക് ബുദ്ധിമുട്ടായതിനാലാണ് ഉച്ചഭക്ഷണത്തിന് പ്രത്യേക ഇടവേള നൽകാൻ തീരുമാനിച്ചതെന്നും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















