വെള്ളപ്പൊക്ക നിയന്ത്രണത്തിന് സംസ്ഥാനത്ത് കൂടുതല്‍ ഡാമുകള്‍ നിര്‍മിക്കും

സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന പെരുമഴയുടെ സാഹചര്യത്തില്‍ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനുള്ള ഡാമുകള്‍ സ്ഥാപിക്കാന്‍ ജലസേചന വകുപ്പ് ഒരുങ്ങുന്നു. ആദ്യഘട്ടത്തില്‍ അഞ്ച് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ജലവിഭവ മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ അറിയിച്ചു. കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനുള്ള പഠനം നടന്നുവരുന്നു. 2018 ലെയും 2019 ലെയും പ്രളയങ്ങളുടെ പശ്ചാത്തലത്തിലാണ് വെള്ളപ്പൊക്ക നിയന്ത്രണത്തിനായി ഡാമുകള്‍ സ്ഥാപിക്കുന്നതിന്റെ സാധ്യത കണ്ടെത്താന്‍ നിര്‍ദേശിച്ചത്. ഇതിന്റെ അവലോകനയോഗം കഴിഞ്ഞദിവസം ചേമ്പറില്‍ നടന്നു. ഈ യോഗത്തിലാണ് അഞ്ച് സ്ഥലങ്ങളില്‍ വെള്ളപ്പൊക്ക നിയന്ത്രണ ഡാമുകള്‍ക്ക് സാധ്യതയുള്ളതായി വിലയിരുത്തിയത്. ഇത് സംബന്ധിച്ച വിശദമായ പഠനം നടത്തും. ജലസേചന വകുപ്പിലെ ചീഫ് എന്‍ജിനീയര്‍മാരും മറ്റ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
പ്രളയം നിയന്ത്രിക്കുന്നതിന് കേരളത്തില്‍ കൂടുതല്‍ ഡാമുകള്‍ നിര്‍മ്മിക്കണമെന്ന് നേരത്തേ കേന്ദ്ര ജലകമ്മീഷനും പറഞ്ഞിരുന്നു. അച്ചന്‍കോവില്‍, പമ്പ, പെരിയാര്‍ നദികളിലാണ് കൂടുതല്‍ ഡാമുകള്‍ വേണ്ടതെന്നാണ് പൊതുനിര്‍ദ്ദേശം. കോണ്ടൂര്‍ കനാല്‍ തകര്‍ന്നതാണ് ഈവര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ കരണം. അതേസമയം കൂടുതല്‍ ഡാമുകള്‍ നിര്‍മിക്കുന്നതിന് കൂടുതല്‍ സാമ്പത്തിക സഹായം ലഭിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടാനാണ് വകുപ്പ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അട്ടപാടിയില്‍ പുതിയ ഡാമും 458 കോടിയുടെ ജലസേചന പദ്ധതിയും വരുമെന്നും മന്ത്രി പറഞ്ഞു. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് വന്‍കിട ജലസേചന പദ്ധതി ജലസേചന വകുപ്പ് തയാറാക്കുന്നത്. ഇത് സംബന്ധിച്ച് 458 കോടിയുടെ വിശദമായ പദ്ധതി രേഖ തയാറായിക്കഴിഞ്ഞു. കഴിഞ്ഞദിവസം ഐഎംജിയില്‍ നടന്ന ചടങ്ങില്‍ പദ്ധതിരേഖ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എനിക്ക് കൈമാറിയിട്ടുണ്ട്. അഗളി ഷോളയാര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള കോണ്‍ക്രീറ്റ് അണക്കെട്ടാണ് വിഭാവനം ചെയ്തിട്ടുള്ളത്. വലതുകരയിലും ഇടതുകരയിലുംകൂടി 47 കിലോമീറ്റര്‍ ദൂരത്തില്‍ കോണ്‍ക്രീറ്റ് പൈപ്പിലൂടെ ജലം കര്‍ഷകര്‍ക്ക് എത്തിച്ചുനല്‍കും.
ഒരു മീറ്റര്‍ വ്യാസമുള്ള പൈപ്പാണ് ജലവിതരണത്തിന് ഉപയോഗിക്കുന്നത്. അതിനാല്‍ ജലനഷ്ടം കുറയ്ക്കാന്‍ കഴിയും. ആദിവാസി മേഖലയിലെ കര്‍ഷകര്‍ക്കാണ് ഈ പദ്ധതിയുടെ നേട്ടം പ്രധാനമായും ലഭിക്കുന്നത്. ഇതിനൊപ്പം മൈക്രോ ഇറിഗേഷന്‍ പദ്ധതികൂടി നടപ്പിലാക്കാനും ജലസേചന വകുപ്പ് ലക്ഷ്യം വയ്ക്കുന്നുണ്ട്. ആകെ 4255 ഹെക്ടര്‍ പ്രദേശത്തെ കൃഷിക്ക് ജലസേചന സൗകര്യം ലഭ്യമാക്കും. കുടിവെള്ള വിതരണ സംവിധാനവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. ഏഴ് ദശലക്ഷം ലിറ്റര്‍ ജലമാണ് കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കുക. വ്യാവസായിക ആവശ്യത്തിനും ഇവിടെനിന്നും ജലം നല്‍കും. വേനല്‍കാലത്ത് ഡാമില്‍നിന്നും ചുരുങ്ങിയ തോതില്‍ വെള്ളം തുറന്ന് വിട്ട് പുഴയിലെ പാരിസ്ഥിതിക സന്തുലനാവസ്ഥ ഉറപ്പാക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























