പാലരുവിയില്‍ 2 കോച്ച് പുനഃസ്ഥാപിക്കുമെന്ന് റെയില്‍വേ, സ്ലീപ്പര്‍ 'പോര്' നാളെ അവസാനിച്ചേക്കും

സ്ഥിരം യാത്രക്കാര്‍ക്ക് ദുരിതമായി, ജനറല്‍ കോച്ചുകള്‍ വെട്ടിക്കുറച്ച ശേഷം പകരം സ്ലീപ്പര്‍ കോച്ചുകള്‍ ഏര്‍പ്പെടുത്തിയ പാലരുവി എക്‌സ്പ്രസ് യാത്രയില്‍ ഇന്നും നേരിയ സംഘര്‍ഷമുണ്ടായി. ജനറല്‍ കോച്ചുകളില്‍ കയറിപ്പറ്റാന്‍ വഴിയില്ലാതെ വന്നതോടെ സ്ലീപ്പര്‍ കോച്ചില്‍ കയറിയ യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കാന്‍ ടിടിഇ ശ്രമിച്ചതാണു വാക്കേറ്റത്തില്‍ കലാശിച്ചത്. 390 രൂപ വീതം പിഴ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് തര്‍ക്കം രൂക്ഷമായതോടെ യാത്രക്കാരെ കോച്ചില്‍ നിന്ന് പുറത്താക്കിയാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.
ട്രെയിനില്‍ തുടര്‍ച്ചയായ ദിനങ്ങളില്‍ സംഘര്‍ഷമുണ്ടായതോടെ, വെട്ടിക്കുറച്ച കോച്ചുകളില്‍ രണ്ടെണ്ണം പുനഃസ്ഥാപിക്കാമെന്ന് അധികൃതര്‍ ഉറപ്പു നല്‍കി. ഇതു സംബന്ധിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപിക്കാണ് റയില്‍വേ അധികൃതര്‍ ഉറപ്പു നല്‍കിയത്. വിഷയത്തില്‍ അടിയന്തര പരിഹാരം കാണണമെന്ന് 'ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ്' സെക്രട്ടറി ലിയോണ്‍സ് എംപിമാരായ കൊടിക്കുന്നില്‍ സുരേഷിനോടും എന്‍.കെ.പ്രേമചന്ദ്രനോടും അഭ്യര്‍ഥിച്ചിരുന്നു
തിരുനെല്‍വേലി - പാലക്കാട് പാലരുവി എക്‌സ്പ്രസില്‍ യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് സ്ലീപ്പര്‍ കോച്ചുകള്‍ അധികമായി ചേര്‍ത്തത്. അപ്പോഴാണ് സാധാരണ യാത്രക്കാരുടെ ജനറല്‍ കോച്ചുകള്‍ വെട്ടിക്കുറച്ചത്. എട്ടു കോച്ചുകള്‍ മാത്രം ഉണ്ടായിരുന്ന ട്രെയിനില്‍ നാലു സ്ലീപ്പര്‍ കോച്ചുകള്‍ അനുവദിച്ചപ്പോള്‍ മൂന്നു ജനറല്‍ കോച്ചുകള്‍ ഒഴിവാക്കി. ഇതോടെ ട്രെയിനില്‍ നിന്നുതിരിയാന്‍ ഇടമില്ലാത്ത വിധം തിരക്കായി. ഇതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ജീവന്‍ കയ്യില്‍പ്പിടിച്ച് ചവിട്ടുപടിയില്‍ ഉള്‍പ്പെടെ നിന്നു യാത്രചെയ്യേണ്ടി വന്നു. പലര്‍ക്കും യാത്രചെയ്യാനുമായില്ല.
യാത്രക്കാരുടെ സംഘടനയായ 'ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ്' ഉള്‍പ്പെടെ വിഷയത്തില്‍ ശക്തമായി പ്രതിഷേധിക്കുകയും, പ്രശ്‌നം ജനപ്രതിനിധികളുടെ ശ്രദ്ധയിലെത്തിക്കുകയും ചെയ്തതോടെ പ്രശ്‌നം പരിഹരിക്കാമെന്ന നിലപാടിലായിരുന്നു റെയില്‍വേ. തിരുവനന്തപുരം ഡിവിഷന്റെ നിയന്ത്രണത്തിലുള്ള പാലരുവി എക്‌സ്പ്രസിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഡിവിഷനിലെ കോച്ച് ക്ഷാമമാണെന്നും അടുത്ത ദിവസം മുതല്‍ 12 കോച്ചുകള്‍ ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നും കോച്ചുകള്‍ കൂട്ടാതെ യാത്രക്കാരെ വലച്ച് പാലരുവി എക്‌സ്പ്രസ് സര്‍വീസ് നടത്തിയത്.
https://www.facebook.com/Malayalivartha






















