'പുതിയൊരു വാചകം തരൂ' എന്ന് തരൂരിനോട് വിദ്യാര്‍ത്ഥി; തരൂരിന്റെ മറുപടിയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
പുത്തന്‍ വാക്കുകള്‍ ഉപയോഗിച്ചുകൊണ്ട് ആളുകളെ വിസ്മയിപ്പിക്കുന്ന പതിവ് ശശി തരൂര്‍ എംപിയ്ക്ക് ഉണ്ടെന്ന് എല്ലാവര്ക്കും അറിവുള്ളതാണ്. തരൂരിന്റെ ട്വീറ്റുകളോ പ്രസംഗങ്ങളോ പുറത്തുവരുമ്പോള്‍ ഇത്തവണ അദ്ദേഹം 'റിലീസ് ചെയ്യുന്ന' പുതിയ വാക്ക് എന്തായിരിക്കുമെന്ന് അറിയാന്‍ ആകാംക്ഷയാണ് സോഷ്യല്‍ മീഡിയക്ക്. ചിലസമയങ്ങളില്‍ ഇത് ട്രോളുമാകാറുണ്ട്.
അടുത്തിടെ തന്നോട് ഒരു വിദ്യാര്‍ത്ഥി പുതിയതായി ഒരു വാചകം പരിചയപ്പെടുത്താന്‍ ആവശ്യപ്പെട്ടുവെന്നും അതിന് താന്‍ നല്കിയ മറുപടി ഇതാണെന്നും കുറിച്ച് തരൂര്‍ കഴിഞ്ഞ ദിവസം ഒരു വീഡിയോ പങ്കുവച്ചിരുന്നു.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് തങ്ങള്‍ക്ക് പുതിയൊരു വാചകം പരിചയപ്പെടുത്താന്‍ ആവശ്യപ്പെട്ടത്. ഇതിന് തരൂര്‍ നല്കിയ മറുപടി കേട്ട് എല്ലാവരും അത്ഭുതപ്പെട്ടു. 'വായന' എന്ന പദമാണ് അദ്ദേഹം കുട്ടികള്‍ക്കായി നല്‍കിയത്.
''ഞാന്‍ നിങ്ങള്‍ക്ക് സാധാരണവും പഴയതുമായ ഒരു വാചകം നല്‍കാം. അത് മാത്രമാണ് എനിക്ക് പദ സമ്പത്ത് ഉണ്ടാക്കാന്‍ ഇടയാക്കിയ ഒരേ ഒരു വഴി. എപ്പോഴും ഡിക്ഷ്ണറി വായിച്ച് നടക്കുന്ന കിറുക്കനാണ് ഞാനെന്നാണ് ആളുകള്‍ കരുതുന്നത്. ഞാന്‍ ജീവിതത്തില്‍ വളരെ ചുരുക്കം അവസരങ്ങളിലേ ഡിക്ഷ്ണറി തുറന്നിട്ടുള്ളൂ. ഞാന്‍ ടിവിയോ കംപ്യൂട്ടറോ മൊബൈല്‍ ഫോണോ ഒന്നുമില്ലാതിരുന്ന ഇന്ത്യയിലാണ് ജീവിച്ചത്. എനിക്ക് ഉണ്ടായിരുന്നതെല്ലാം പുസ്തകങ്ങളായിരുന്നു.'' - ശശി തരൂര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha