ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം. ഇത് യാഥാർഥ്യമാക്കുക പൊതുമരാമത്ത് വകുപ്പ് മുഖേനയാണ്. പൊതുമരാമത്ത് റോഡ്സ് വിഭാഗം ചീഫ് എൻജിനീയർ സമർപ്പിച്ച 60 റോഡ് സുരക്ഷ പ്രവൃത്തികൾക്കായി 13.19 കോടി രൂപയുടെയും പത്തനംതിട്ട ജില്ല റോഡ് സുരക്ഷ കൗൺസിൽ സമർപ്പിച്ച പ്രത്യേക പദ്ധതികൾക്കായി 69.79 ലക്ഷം രൂപയുടെയും ഭരണാനുമതിയാണ് നൽകിയത്.
കൊടുംവളവുകളിലും കൊക്കകളിലുമുള്ള അപകടങ്ങൾ ഒഴിവാക്കാനായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഡബ്ല്യു ബീം മെറ്റൽ ക്രാഷ് ബാരിയറുകൾ പാതകളിൽ സ്ഥാപിക്കും. പ്രധാന ജങ്ഷനുകളിൽ സോളാർ സിഗ്നൽ സംവിധാനങ്ങളും സോളാർ ബ്ലിങ്കറുകളും സ്ഥാപിക്കുന്നതിനൊപ്പം ദിശാസൂചക ബോർഡുകളും കോൺവെക്സ് മിററുകളും അപകട മുന്നറിയിപ്പ് സംവിധാനങ്ങളും ഒരുക്കുന്നതാണ്.
റോഡുകളുടെ അനുബന്ധ അറ്റകുറ്റപ്പണികളും ഉപരിതല ഡ്രെയിനേജ് സംവിധാനങ്ങളുടെ നിർമാണവും പദ്ധതിയുടെ ഭാഗമായി നടക്കുകയും ചെയ്യും . ഇടുക്കി, കൊല്ലം, കോട്ടയം, മൂവാറ്റുപുഴ, പത്തനംതിട്ട എന്നീ പൊതുമരാമത്ത് ഡിവിഷനുകളിലെയും പൊൻകുന്നം, കൊട്ടാരക്കര കെ.എസ്.ടി.പി ഡിവിഷനുകളിലെയും തീർഥാടന പാതകളിലാണ് സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്. തീർഥാടനകാലം ആരംഭിക്കുന്നതിനുമുമ്പ് അടിയന്തര പ്രവൃത്തികൾ പൂർത്തിയാക്കുന്നതോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കം എത്തുന്ന ലക്ഷക്കണക്കിന് പേർക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ സാധിക്കുമെന്നും മന്ത്രി സി.പി. ജോൺ വ്യക്തമാക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























