പിണറായിയുടെ രാജവാഴ്ചക്ക് ഇനി ഒന്നര കൊല്ലം മാത്രമോ; 2021 ൽ പിണറായി വിജയന്റെ രാഷ്ട്രീയ വസന്തം അസ്തമിക്കുമോ എന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം

2021 ൽ പിണറായി വിജയന്റെ രാഷ്ട്രീയ വസന്തം അസ്തമിക്കുമോ എന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. സി പി എം പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി എന്നിവിടങ്ങളിലെ പ്രായ പരിധി 75 വയസാക്കിയതോടെ 2021 ൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ നിന്നും പിണറായി പുറത്താവുമെന്നാണ് കരുതുന്നത്, ഇളവ് കിട്ടിയാൽ ഇതിൽ മാറ്റം വരാം. എന്നാൽ അതിനുള്ള സാധ്യത ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ തീരെ കുറവാണ്.
2021 ൽ കേരള നിയമസഭയിലേക്ക് നടക്കുന്ന പൊതു തെരഞ്ഞടുപ്പിൽ ഇന്നത്തെ രാഷ്ട്രീയ സ്ഥിതി തുടരുകയാണെങ്കിൽ പിണറായിയുടെ സർക്കാർ പുറത്താകും. അതായത് 2021 പിണറായിയെ സംബന്ധിച്ചടത്തോളം ഒരു വാട്ടർലൂവാണ്.
പിണറായിയെ വെട്ടുക എന്ന ലക്ഷ്യത്തോടെ സീതാറാം യച്ചൂരി രൂപം കൊടുത്ത ഡിസൈനാണ് പിബിയിലെ പ്രായപരിധി എന്നാണ് പിണറായി ഭക്തർ പറയുന്നത്. പിണറായി മാത്രമാണ് യച്ചൂരിയെ എതിർത്ത് സംസാരിക്കാൻ കരുത്തുള്ളതായി പി.ബിയിലുള്ളത്. കാരാട്ട് ഉണ്ടെങ്കിലും അദ്ദേഹം സമവായ നിലപാടാണ് സ്വീകരിക്കാറുള്ളത്. സംസ്ഥാനത്ത് നിന്നുള്ള കോടിയേരി ബാലകൃഷണനും എം എ ബേബിയും യച്ചൂരിയെ പൂർണമായും അനുകൂലിക്കുന്നവരാണ്. ബേബിയെ പി ബി. അംഗമാക്കി കേരളത്തിൽ നിന്നും കടത്തിയത് പിണറായിയാണ്.പി.ബി. അംഗമായെങ്കിലും ബേബി അസ്വസ്ഥനാണ്. അദ്ദേഹത്തിന് ആഗ്രഹം കേരളത്തിൽ തുടരാനായിരുന്നു.
67 വയസ് മാത്രമുള്ള യച്ചൂരിക്ക് ഇനിയും 8 വർഷം കൂടി മുന്നിലുണ്ട്. എല്ലാവരോടും സൗമ്യനായി പെരുമാറുന്ന യച്ചൂരിക്ക് അതിന് ശേഷം പ്രായത്തിൽ ഇളവ് നൽകാനും സാധ്യതയുണ്ട്. 2018 ഏപ്രിൽ 18 മുതൽ 22 വരെ ഹൈദരാബാദിൽ നടന്ന സി പി എം ഇരുപത്തി രണ്ടാം പാർട്ടി കോൺഗ്രസാണ് ഇരുപത്തിരണ്ടാമത്തെ പി ബിയെ തെരഞടുത്തത്.17 അംഗ പോളിറ്റ് ബ്യൂറോ ആണ് നിലവിലുള്ളത്. പിണറായി ഒഴിച്ച് പി.ബിയിൽ ബാക്കിയുള്ളവരെല്ലാം യച്ചൂരി പറയുന്നത് കേൾക്കുകയും അനുസരിക്കുകയും ചെയ്യും. എന്നാൽ പിണറായി യച്ചൂരിക്കെതിരെ കർശന നിലപാടാണ് സ്വീകരിക്കുന്നത്.
യച്ചൂരിയെ കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭയിൽ അയക്കാനുള്ള നീക്കം തടഞ്ഞത് പിണറായിയാണ്. യച്ചൂരിയെ രാജ്യസഭയിൽ അയക്കുക എന്നത് സോണിയാ ഗാന്ധിയുടെ താത്പര്യമായിരുന്നു. മോദിയുടെ നയങ്ങൾക്കെതിരെ ശക്തമായി സംസാരിക്കാൻ യച്ചുരിക്ക് കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു സോണിയയുടെ ശ്രമം. എന്നാൽ യച്ചൂരി കോൺഗ്രസിന്റെ ചെലവിൽ രാജ്യസഭയിലേക്ക് പോകേണ്ടെന്ന് പിണറായി തീരുമാനിച്ചു. ഇതിനെ തുടർന്ന് യച്ചൂരി പിൻമാറി. അന്നു മുതൽ പിണറായിയും യച്ചൂരിയും പൂർണമായി തെറ്റി. പാർട്ടി സെക്രട്ടറി പാർലെമെന്റ് അംഗമാകുന്നത് പാർട്ടിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് പിണറായി അന്ന് പറഞ്ഞത്. കേരളത്തിൽ നിന്നും വീരേന്ദ്രകുമാറിന്റെ ഒഴിവിൽ യച്ചൂരിയെ രാജ്യസഭയിൽ അയക്കാമായിരുന്നു. എന്നാൽ അത് സംഭവിക്കാതിരിക്കാനാണ് വീരൻ ഇടതു മുന്നണിയിലേക്ക് വന്നപ്പോൾ തന്നെ പിണറായി അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയച്ചത്.
പ്രകാശ് കാരാട്ടിന്റെ സ്വന്തം ആൾ എന്നാണ് പിണറായി അറിയപ്പെടുന്നത്. എസ്. രാമചന്ദ്രൻ പിള്ളയും പിണറായിയുടെ അടുപ്പക്കാരനാണ്. പിണറായി ഇവരുടെ ഗ്രൂപ്പിലാണ് ഉള്ളത്. ഇതിൽ പിള്ള അടുത്ത പാർട്ടി കോൺഗ്രസിൽ ഔട്ടാകും. അതോടെ കാരാട്ടിന്റെ ചിറകരിയും.
അടുത്ത പാർട്ടി കോൺഗ്രസിൽ സ്ത്രീകൾ പി.ബിയിൽ എത്താൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ഷൈലജ ടീച്ചർക്കും ശ്രീമതി ടീച്ചർക്കും പിബിയിലേക്ക് സാധ്യത വർദ്ധിക്കും. പാർലമെന്റിൽ 19 സീറ്റിൽ തോറ്റതോടെ പിണറായിക്ക് ഡൽഹിയിലുണ്ടായിരുന്ന ഇമേജ് പൂർണമായും ഇല്ലാതായിട്ടുണ്ട്. ഇതും 2021 ലെ തീരുമാനത്തിൽ പ്രതിഫലിച്ചേക്കാം.
https://www.facebook.com/Malayalivartha