മദ്യപിച്ച് ബസോടിച്ച് അപകടമുണ്ടാക്കിയ കല്ലട ബസ് ഡ്രൈവര്‍ അറസ്റ്റില്‍... തിരുവനന്തപുരത്തുനിന്നും ബെംഗളൂരുവിലേക്ക് അനധികൃതമായി യാത്രപോയ ബസിന്റെ ഡ്രൈവര്‍ പാലക്കാട് സ്വദേശിയാണ് പിടിയിലായത്, കഴക്കൂട്ടം ടെക്നോപാര്‍ക്കിന് എതിര്‍വശം സര്‍വീസ് റോഡിലാണ് അപകടമുണ്ടായത്

മദ്യപിച്ച് ബസോടിച്ച് അപകടമുണ്ടാക്കിയ കല്ലട ബസ് ഡ്രൈവര്‍ അറസ്റ്റില്‍. തിരുവനന്തപുരത്തുനിന്നും ബെംഗളൂരുവിലേക്ക് അനധികൃതമായി യാത്രപോയ ബസിന്റെ ഡ്രൈവര്‍ പാലക്കാട് എലവഞ്ചേരി കോഴനേട് ഹൗസില്‍ കൃഷ്ണന്‍കുട്ടിയാണ്(47) പോലീസ് പിടിയിലായത്. കഴക്കൂട്ടം ടെക്നോപാര്‍ക്കിന് എതിര്‍വശം സര്‍വീസ് റോഡിലാണ് അപകടമുണ്ടായത്. മുന്നില്‍പോയ കാറില്‍ ബസ് ഇടിക്കുകയായിരുന്നു. കാര്‍ യാത്രക്കാര്‍ ബസ് തടഞ്ഞുനിര്‍ത്തി. ഡ്രൈവറുമായി സംസാരിച്ചപ്പോഴാണ് മദ്യപിച്ചിട്ടുള്ളതായി മനസ്സിലായത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ കഴക്കൂട്ടം പോലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധന നടത്തി. മദ്യപിച്ചതായി വ്യക്തമായതിനെത്തുടര്‍ന്ന് കേസെടുത്തു. ബസ് സ്റ്റേഷനിലേക്കു മാറ്റി.
ഒരു രാത്രി മുഴുവന്‍ ഉറക്കമിളച്ച് ബസ് ഓടിക്കേണ്ട ഡ്രൈവറെയാണ് മദ്യപിച്ചനിലയില്‍ പിടികൂടിയത്. ബസില്‍ അഞ്ചു യാത്രക്കാര്‍ മാത്രമാണുണ്ടായിരുന്നത്. കല്ലടയുടേതടക്കം അന്തസ്സംസ്ഥാന സ്വകാര്യബസുകളിലെ ജീവനക്കാര്‍ക്കെതിരേ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. യാത്രക്കാരെ മര്‍ദിച്ചതിനും യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനും ബസ് ജീവനക്കാര്‍ അറസ്റ്റിലായിരുന്നു. രാത്രികാലങ്ങളില്‍ ഇവര്‍ മദ്യപിച്ച് വാഹനമോടിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് അനധികൃതമായി ഓടുന്ന സ്വകാര്യബസുകളെ തടയാന്‍ മോട്ടോര്‍വാഹനവകുപ്പ് നടത്തിയിരുന്ന പരിശോധന അടുത്തിടെ നിലച്ചിരുന്നു. ഇതാണ് വീണ്ടും ക്രമക്കേടിനിടയാക്കിയതെന്ന് പറയപ്പെടുന്നു.അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നടത്തുന്ന സര്‍വീസുകളുടെ ഡ്രൈവര്‍മാരുടെയും സഹായിയുടെയും ഫോണ്‍നമ്പരും വിവരങ്ങളും മോട്ടോര്‍വാഹനവകുപ്പിനു കൈമാറണമെന്നാണ് നിബന്ധന. വാഹനങ്ങള്‍ വഴിയില്‍ പരിശോധിക്കാനും നിര്‍ദേശം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha























