വീണ്ടും ട്വിസ്റ്റ്... ജനറല്‍ ടിക്കറ്റുമായി ജനശതാബ്ദിയില്‍ കയറിയതിന് ചോദ്യം ചെയ്ത ടിടിഇക്ക് പൊലീസ് മര്‍ദ്ദനം; മര്‍ദിച്ചത് ടിടിഇയാണെന്ന പരാതിയുമായി പൊലീസുകാരും രംഗത്തെത്തിയതോടെ അന്വേഷണത്തിന് വഴിമാറി; വിശദമായ അന്വേഷണത്തിനു ശേഷം മാത്രമേ കേസെടുക്കാനാകൂ എന്നാണ് റെയില്‍വെ പൊലീസ്

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് പിഴയോ ജയില്‍ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ്. ടിക്കറ്റില്ലെങ്കില്‍ നല്‍കുന്ന കുറഞ്ഞ പിഴ 280 രൂപയാണ്. ഒപ്പം ടിക്കറ്റ് നിരക്കും ഈടാക്കും. ദൂരവും ക്ലാസുമനുസരിച്ചു പിഴ കൂടാനും സാധ്യതയുണ്ട്. എന്നാല്‍, പിഴയൊടുക്കുന്നില്ലെങ്കില്‍ ജയിലിലടയ്ക്കാന്‍ വരെ വ്യവസ്ഥയുണ്ട്. ജനറല്‍ ടിക്കറ്റുമായി എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്താലും പിഴയുണ്ട്. പോലീസുമാര്‍ക്കായി ആ നിയമം മാറ്റില്ല.
കഴിഞ്ഞ ദിവസം ജനറല്‍ ടിക്കറ്റുമായി ജനശതാബ്ദി എക്‌സ്പ്രസില്‍ യാത്ര ചെയ്തതു ചോദ്യം ചെയ്തതിന്റെ പേരില്‍ ടിടിഇയെ പൊലീസുകാര്‍ മര്‍ദിച്ചെന്ന പരാതിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മര്‍ദിച്ചത് ടിടിഇയാണെന്ന പരാതിയുമായി പൊലീസുകാരും രംഗത്തെത്തി. എന്നാല്‍ വിശദമായ അന്വേഷണത്തിനു ശേഷം മാത്രമേ കേസെടുക്കാനാകൂ എന്നാണ് റെയില്‍വെ പൊലീസിന്റെ നിലപാട്.
കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദിയില്‍ രണ്ടു പ്രതികളുമായി തൃശൂരില്‍ നിന്ന് കയറിയ പൊലീസുകാര്‍ ടിടിഇയെ മര്‍ദിച്ചെന്നാണ് പരാതി. പൊലീസുകാരുടെ കയ്യിലുണ്ടായിരുന്നത് രണ്ട് ജനറല്‍ ടിക്കറ്റുകള്‍ മാത്രമായിരുന്നു. ജനറല്‍ ടിക്കറ്റുമായി യാത്ര ചെയ്യാനാവില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ പൊലീസുകാര്‍ തന്നെ മര്‍ദിച്ചെന്നാണ് ടിടിഇ ആയ സത്യേന്ദ്ര മീണ പറയുന്നത്. പൊലീസുകാര്‍ ടിടിഇയുടെ കൈയില്‍ നിന്ന് എന്തോ പിടിച്ചു വലിക്കുന്നതും ഉന്തിനും തളളിനുമിടയില്‍ ടിടിഇ വീഴുന്നതുമായ ദൃശ്യങ്ങള്‍ യാത്രക്കാരില്‍ ചിലര്‍ പകര്‍ത്തിയിട്ടുണ്ട്.
യാത്രക്കാര്‍ തന്നെ പൊലീസുകാരെ പിടിച്ചു മാറ്റുന്നതും ദൃശ്യങ്ങളിലുണ്ട് . എന്നാല്‍ മര്‍ദിച്ചത് ടിടിഇ ആണെന്നാണ് പൊലീസുകാരുടെ പക്ഷം. എറണാകുളം ആര്‍പിഎഫ് കേസ് തൃശൂര്‍ റെയില്‍വെ പൊലീസിനു കൈമാറി. പരുക്കേറ്റെന്ന പരാതിയുമായി ടിടിഇ സത്യേന്ദ്ര മീണ ആശുപത്രിയില്‍ ചികില്‍സ തേടി.
അതേസമയം സംസ്ഥാനത്ത് ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ ട്രെയിനില്‍ ടിക്കറ്റില്ലാതെയും മതിയായ യാത്രാ പാസുകളില്ലാതെയും യാത്ര ചെയ്തത് 2,94,978 ആളുകള്‍. ഇവരില്‍നിന്നു പിഴയായി റെയില്‍വേ പിരിച്ചെടുത്തത് 12.46 കോടി രൂപയാണ്.
ദക്ഷിണ റെയില്‍വേയുടെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫിസില്‍നിന്നു ലഭിച്ച വിവരാവകാശ മറുപടിപ്രകാരം കേരളത്തില്‍ ഏറ്റവുമധികം ആളുകള്‍ ടിക്കറ്റില്ലാതെ പിടിയിലായത് പാലക്കാട് റെയില്‍വേ ഡിവിഷനിലാണ്. 1,57,525 പേര്‍. തിരുവനന്തപുരം ഡിവിഷനില്‍ 1,37,453 യാത്രക്കാര്‍ പിടിയിലായി. പാലക്കാട് ഡിവിഷനില്‍ 6.34 കോടി രൂപയും തിരുവനന്തപുരം ഡിവിഷനില്‍ 6.12 കോടി രൂപയും പിഴയായി ലഭിച്ചു.
സീസണ്‍ ടിക്കറ്റില്‍ കൃത്രിമം കാണിച്ച വിദ്യാര്‍ഥികളും ടിക്കറ്റെടുക്കാത്ത നൂറോളം സ്ഥിരം യാത്രക്കാരും പിടിയിലായവരിലുണ്ട്. കാലഹരണപ്പെട്ട ടിക്കറ്റുമായി യാത്രചെയ്തവര്‍, സീസണ്‍ ടിക്കറ്റുമായി അനുവാദമില്ലാത്ത കോച്ചില്‍ കയറിയവര്‍, കൃത്രിമ യാത്രാ പാസുകളുമായി യാത്ര ചെയ്തവര്‍ എന്നിങ്ങനെയാണ് പിടിയിലായവരില്‍ കൂടുതല്‍.
പാസഞ്ചര്‍ ട്രെയിനുകളിലാണു ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരുടെ തിരക്ക്. ദക്ഷിണ റെയില്‍വേ മേഖലയില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നും ദക്ഷിണ റെയില്‍വേ പാസഞ്ചര്‍ ആന്‍ഡ് മാര്‍ക്കറ്റിങ് കൊമേഴ്‌സ്യല്‍ മേധാവി പറയുന്നു.
https://www.facebook.com/Malayalivartha

























