3.74 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിൽ കേരള ട്രാൻസ്പോർട്ട് ഡെവലപ്പ്മെൻറ് ഫിനാൻസ് കോർപ്പറേഷൻ മുൻ എം.ഡി.ഡോ: രാജശ്രീ അജിത്തും ഭർത്താവുമടക്കം 6 പ്രതികൾ ഹാജരാകാൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു; വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിനായി പ്രതികൾ ഹാജരാകാനാണ് വിജിലൻസ് ജഡ്ജി സ്നേഹലത ഉത്തരവിട്ടത്

എട്ടു പ്രതികളെ ഉൾപ്പെടുത്തിയുള്ള വിജിലൻസ് കുറ്റപത്രത്തിലെ രണ്ടു പ്രതികൾ മരണപ്പെട്ടു. കെ.റ്റി.ഡി.സി മുൻ മാനേജിംഗ് ഡയറക്ടർ ഡോ.രാജശ്രീ അജിത്, ഫിനാൻസ് ചീഫ് മാനേജർ നിർമ്മലാദേവി, അഡ്മിനിസ്ട്രേഷൻ ചീഫ് മാനേജർ സി.എസ്.ശ്രീകുമാരൻ നായർ, സീനിയർ അസിസ്റ്റന്റ് ശാലിനി ദേവി, ഇന്റേണൽ ഓഡിറ്റർ മോഹന കുമാർ, രാജശ്രീയുടെ ഭർത്താവും സ്പൈസ് വാലി കോണ്ടിനെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പി.എസ്.അജിത്കുമാർ എന്നിവരാണ് ഹാജരാകേണ്ടത്.
കുറ്റപത്രത്തിലെ ആറാം പ്രതിയും കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായ സി.ആർ.സുരേഷ് , ഏഴാം പ്രതിയും കമ്പനി ഡയറക്ടറുമായ സി.വി.ശിവൻ എന്നിവരാണ് മരണപ്പെട്ടത്. 2006 ഏപ്രിൽ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.പ്രതികൾ ഗൂഢാലോചന നടത്തി അജിത് തന്റെ ഭർത്താവാണെന്ന വിവരം മറച്ച് വെച്ച് നിയമ വിരുദ്ധമായും വഞ്ചനാപരമായും വസ്തുവാങ്ങൽ - കെട്ടിട നിർമ്മാണ വായ്പ അനുവദിക്കുകയായിരുന്നു.
സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ 'ഐശ്വര്യ ഗൃഹ നിർമ്മാണ ഫിനാൻസ് പദ്ധതി ' യുടെ മറവിലാണ് തട്ടിപ്പ് നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. 2.40 കോടി രൂപയുടെ വായ്പയാണ് കമ്പനിക്ക് നൽകിയത്. ലോൺ അപേക്ഷയോടൊപ്പം വ്യാജ വസ്തുവിവര പത്രികകളും സ്പൈസ് വാലി കമ്പനിയുടെ പ്രൊവിഷണൽ ഫിനാൻഷ്യൽ സ്റ്റേറ്റ്മെൻറുകളുമാണ് കമ്പനി എംഡിയും ഡയറക്ടറും കെ.റ്റി.ഡി. എഫ്.സി യിൽ ഹാജരാക്കിയത്.
കൂടാതെ വായ്പാ കരാറിന് വിരുദ്ധമായി എം ഡി സുരേഷ് വായ്പ തുക ദുരുപയോഗം ചെയ്ത് തന്റെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ പുത്തൻചന്ത ബ്രാഞ്ചിൽ ഉണ്ടായിരുന്ന ഓവർ ഡ്രാഫ്റ്റ് ബാദ്ധ്യത നിറവേറ്റാൻ വിനിയോഗിക്കുകയും സ്വന്തം ഉപയോഗത്തിനായി അരുവിക്കര വില്ലേജിൽ വസ്തു വാങ്ങലിന് ഉപയോഗിക്കുകയും ചെയ്തു. അരുവിക്കര വില്ലേജിൽ അജിത്കുമാർ 50 സെന്റ് വസ്തു വാങ്ങുകയും ചെയ്തു.
അപ്രകാരം ഉദ്യോഗസ്ഥ- സ്വകാര്യ കമ്പനി അവിശുദ്ധ ബന്ധത്തിൽ സുരേഷും അജിത് കുമാറും അനർഹമായ സാമ്പത്തിക നേട്ടം ഉണ്ടാക്കി. പൊതുസേവകരായ 5 ഉദ്യോഗസ്ഥരും തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് 2പേർക്കും അനർഹമായ സാമ്പത്തിക നേട്ടം ഉണ്ടാക്കിക്കൊടുത്തത്. 2006 മെയ് 4ന് വെള്ളനാട് സബ്ബ് രജിസ്ട്രാർ ഓഫീസിൽ വച്ച് പതിച്ച വിലയാധാര രജിസ്ട്രേഷനിൽ എം.ഡി.സുരേഷ് 1,50,000 രൂപയുടെ മുദ്രപത്ര തട്ടിപ്പും രജിസ്ട്രേഷൻ ഫീസ് വെട്ടിപ്പും നടത്തിയതായും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.
ഒന്നര ലക്ഷം രൂപയുടെ അന്യായ സാമ്പത്തിക നഷ്ടം സർക്കാർ ഖജനാവിനുണ്ടായതാ യി . കുറ്റപത്രത്തിൽ പറയുന്നു. ഭൂമി വാങ്ങാനും കെട്ടിടം നിർമ്മിക്കാനുമായി കെ റ്റി ഡി എഫ് സി നൽകിയ മുഴുവൻ വായ്പാ തുകയും പൂർണ്ണമായി വെളിപ്പെടുത്താതെ പ്രതികൾ വായ്പാ കരാർ ഉണ്ടാക്കിയത് വഴി കെ റ്റി ഡിഎഫ് സിയെ പ്രതികൾ ചതിച്ചു. കൂടാതെ വായ്പ തുക വഞ്ചനാപരമായി തിരിച്ചടക്കാതെ വീഴ്ച വരുത്തിയത് വഴി 2015 സെപ്റ്റംബർ 14 വരെ 3,74,03,251 രൂപ കുടിശ്ശിക വരുത്തി കെ റ്റി ഡി എഫ് സി ക്ക് അന്യായ നഷ്ടം വരുത്തി പ്രതികൾ ശിക്ഷാർഹമായ കുറ്റം ചെയ്തുവെന്നാണ് വിജിലൻസ് കേസ്. തിരുവനന്തപുരം പൂജപ്പുര വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് - 1 ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
https://www.facebook.com/Malayalivartha

























