മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാമൂഴം ലക്ഷ്യമിട്ടതോടെയാണ് ശബരിമല യുവതിപ്രവേശനത്തിലും കോഴിക്കോട്ടെ മാവോയിസ്റ്റ് അറസ്റ്റിലും മുന്‍നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞതെന്ന് രാഷ്ട്രീയവൃത്തങ്ങള്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാമൂഴം ലക്ഷ്യമിട്ടതോടെയാണ് ശബരിമല യുവതിപ്രവേശനത്തിലും കോഴിക്കോട്ടെ മാവോയിസ്റ്റ് അറസ്റ്റിലും മുന്‍നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞതെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് ശേഷം യു.ഡി.എഫ് ചരിത്രത്തിലെ ഏറ്റവും മോശമായ രാഷ്ട്രീയ സാഹചര്യത്തിലേക്ക് കൂപ്പുകുത്തിയതാണ് മുഖ്യമന്ത്രി പിണറായി വിജയനേയും സി.പി.എമ്മിനേയും രണ്ടാമൂഴത്തിന് പ്രേരിപ്പിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി ആരോഗ്യപരമായ കാരണങ്ങളാല്‍ തല്‍ക്കാലത്തേക്ക് സജ്ജീവമല്ലാതെ നില്‍ക്കുന്ന യു.ഡി.എഫിനെ വല്ലാതെ കുഴയ്ക്കുന്നുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാകട്ടെ പലപ്പോഴും സര്‍ക്കാരുമായും സി.പി.എമ്മുമായും ഒത്തുതീര്‍പ്പിന് വഴങ്ങുന്നു എന്ന ആക്ഷേപം യു.ഡി.എഫിലെ പല ഘടകക്ഷികള്‍ക്കും ഉണ്ട് താനും.
ഈ സാഹചര്യങ്ങളെല്ലാം തങ്ങള്‍ക്ക് അനുകൂലമാക്കി വീണ്ടും അധികാരത്തിലെത്താനാണ് സി.പി.എമ്മും എല്‍.ഡി.എഫും ശ്രമിക്കുന്നത്. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസിന്റെ സമ്മര്‍ദ്ദ തന്ത്രം വിജയിച്ചില്ലെങ്കിലും അവരെ അനുനയിപ്പിച്ച് മുന്നോട്ട് പോകാനാണ് സി.പി.എം തീരുമാനം. അതുകൊണ്ടാണ് എന്‍.എസ്.എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ നിന്നും അവര്‍ പിന്‍മാറിയത്. ഇത്തവണയും യുവതികളെ മലകയറ്റാനുള്ള സാഹചര്യം മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാന നിലപാടില്‍ നിന്ന് കണ്ടംവഴി ഓടി. അത് അയ്യപ്പഭക്തരെയും ഹൈന്ദവ സമുദായ വോട്ടുകളെയും ലക്ഷ്യം വെച്ചിട്ടാണെന്ന് അങ്ങാടിപ്പാട്ടാണ്. പക്ഷെ, അത് സി.പി.എം സമ്മതിച്ച് തരൂല്ല.
കഴിഞ്ഞ ആഴ്ച വരെ സന്നിധാനത്തെ മാത്രം വരുമാനം 104.72 കോടി രൂപ. കഴിഞ്ഞ മണ്ഡലകാലത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ 40 കോടിയുടെ അധിക വരുമാനമാണ് 28 ദിവസം ലഭിച്ചത്. കഴിഞ്ഞ സീസണില്‍ ആദ്യ 28 ദിവസം 64 കോടി 16 ലക്ഷം മാത്രമാണ് കിട്ടിയത്. സാമ്പത്തിക ഞെരുക്കത്തിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഇത് വലിയ ആശ്വാസവുമായി. ബോര്‍ഡിന് സര്‍ക്കാര്‍ നല്‍കുമെന്ന് പറഞ്ഞ മുഴുവന്‍ തുകയും ഇതുവരെ നല്‍കിയിട്ടില്ല. അതിനാല്‍ ഭക്തരോട് വിട്ടുവീഴ്ചയ്ക്ക് തയ്യാറായത് സര്‍ക്കാരിനും സി.പി.എമ്മിനും വലിയ അനുഗ്രഹമായി. ശബരിമലയ്ക്ക് മാത്രമായി പ്രത്യേകം നിയമം വേണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തിനെതിരെ എന്‍.എസ്.എസ് രംഗത്ത് വന്നപ്പോള്‍ അതിനെ പിന്തുണയ്ക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായി. സി.പി.എം എണ്‍പതുകളില്‍ സ്വീകരിച്ചിരുന്ന മൃദുഹിന്ദുത്വ ലൈന്‍ വീണ്ടും പുറത്തെടുക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നത് ഇതൊക്കെ കൊണ്ടാണ്.
മാവോയിസ്റ്റുകളും മുസ്്‌ലിംതീവ്രവാദികളും തമ്മില്‍ ബന്ധമുണ്ടെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞത് ഹൈന്ദവ വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണെന്ന് കോണ്‍ഗ്രസും മുസ്്‌ലിംലീഗും ആരോപിക്കുന്നു. ബി.ജെ.പി സി.പി.എം നിലപാടിനെ പിന്തുണയ്ക്കുകയും പന്തീരങ്കാവില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയും ചെയ്തതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. വിചാരണ ഘട്ടത്തില്‍ യു.എ.പി.എ പുനപ്പരിശോധിക്കുമെന്ന് പറഞ്ഞ സി.പി.എം സര്‍ക്കാരിന് അത് പാലിക്കാനായില്ല. അനധികൃതമായാണ് യു.എ.പി.എ ചുമത്തിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞദിവസവും ചൂണ്ടിക്കാട്ടിയിരുന്നു. അതിനൊന്നും മറപടി നല്‍കാന്‍ സി.പി.എം തയ്യാറല്ല. ശബരിമലയില്‍ ഹൈന്ദവ ഭക്തരോടും പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്്‌ലിം വിശ്വാസികളോടും ചേര്‍ന്ന് നില്‍ക്കുകയാണ് അവസാനത്തെ അടവ് നീക്കമെന്ന് നിലവിലെ രാഷ്ട്രീയ സാഹചര്യം സൂചിപ്പിക്കുന്നു... രണ്ടാമൂഴമോ, അതോ സര്‍വ്വനാശമോ? എന്തായാലും ജനം എല്ലാം കാണുന്നുണ്ട്. കാത്തിരിക്കാം...
https://www.facebook.com/Malayalivartha

























