കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ അനധികൃത മെഡിക്കല്‍ സ്റ്റോറിനെതിരേ നടപടിയെടുക്കുമെന്ന് പ്രിന്‍സിപ്പല്‍

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് കാമ്പസിനകത്ത്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അനുമതിയില്ലാതെ നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്നലെ രാവിലെ മുതല്‍ നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചത് കടന്നപ്പള്ളി പാണപ്പുഴ സര്‍വീസ് സഹകരണ ബാങ്കാണ്.
മുന്‍ സി പി എം ഭരണ സമിതി മെഡിക്കല്‍ സ്റ്റോര്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയിരുവെന്നും അതു പ്രകാരമാണ് നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങിയതെന്നും ബാങ്ക് പ്രസിഡന്റും കോണ്‍ഗ്രസ് എസ് നേതാവുമായ ടി.രാജന്‍ പറഞ്ഞു.
എന്നാല്‍ മെഡിക്കല്‍ കോളജ്, സര്‍ക്കാര്‍ ഏറ്റെടുത്തതോടെ ഫലത്തില്‍ മുന്‍ ഭരണ സമിതിയുടെ തീരുമാനം മരവിപ്പിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ മെഡിക്കല്‍ കോളജും കാമ്പസും പൂര്‍ണമായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അധീനതയിലാണ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറാകട്ടെ ഇതുവരെ അനുമതി നല്‍കിയിട്ടുമില്ല.
കടന്നപ്പള്ളി പാണപ്പുഴ സര്‍വീസ് സഹകരണ ബാങ്ക്, നീതി മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങാന്‍ അനുമതി തേടി നാല് തവണ അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും നിരാകരിക്കപ്പെട്ടിരുന്നു.
ഒഴിഞ്ഞുകിടന്നിരുന്ന പഴയ ടീസ്റ്റാള്‍ സി പി എം ഉന്നതരുടെ മൗനാനുവാദത്തോടെ മെഡിക്കല്‍ സ്റ്റോറാക്കി മാറ്റുകയായിരുന്നുവെന്നാണ് ആരോപണം. ടീസ്റ്റാള്‍ മെഡിക്കല്‍ സ്റ്റോറാക്കി മാറ്റുന്നതിനുള്ള നിര്‍മാണ ജോലികളും മരുന്നു സംഭരണവും അതീവ രഹസ്യമായിട്ടായിരുന്നു ചെയ്തു പോന്നത്.
ഇന്നലെ രാവിലെ നീതി സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. നീതി മെഡിക്കല്‍ സ്റ്റോര്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും നടപടികള്‍ സ്വീകരിക്കുമെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.എന്‍.റോയ് പറഞ്ഞു.
https://www.facebook.com/Malayalivartha

























