നിരോധനാജ്ഞ ലംഘിച്ച് ഐഒസി എല്‍പിജി സംഭരണി വിരുദ്ധ സമരക്കാര്‍ നാളെ പ്രതിഷേധ മാര്‍ച്ച് നടത്തുന്നു

നിരോധനാജ്ഞ ലംഘിച്ച് നാളെ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഐഒസി എല്‍പിജി സംഭരണി പദ്ധതി മേഖലയിലേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ച് വിജയിപ്പിക്കാന്‍ സമര സമിതിയും പരാജയപ്പെടുത്താന്‍ പോലീസും രംഗത്തുണ്ട്. സമര സമിതിയുടേ നേതാക്കള്‍ രംഗത്തുണ്ടാകുമെങ്കിലും പ്രധാന പ്രവര്‍ത്തകര്‍ പലരും വിട്ടുനില്‍ക്കാനാണ് സാധ്യത. പോലീസിനെ വിഷമാവസ്ഥയിലാക്കാന്‍ മാര്‍ച്ചില്‍ കൂടുതലായി വനിതകളെ പങ്കെടുപ്പിക്കുമെന്നാണ് സൂചന. ചിലര്‍ കൈക്കുഞ്ഞുങ്ങളുമായും എത്തിയേക്കും. നിരോധനാജ്ഞ ലംഘിച്ചുള്ള മാര്‍ച്ച് ആയതിനാല്‍ അറസ്റ്റ് ഉണ്ടാകും.
വനിതകള്‍ കൂടുതലായിരിക്കുമെന്ന മുന്‍ വിധിയില്‍ 300 വനിതാ പോലീസുകാരും സുരക്ഷക്ക് അണിനിരക്കുമെന്നാണ് സൂചന.ആയിരത്തില്‍ താഴെ ആളുകളെയാണ് പോലീസ് പ്രതീക്ഷിക്കുന്നത്. മൊത്തം 600 പോലീസുകാരെയാണ് വ്യന്യസിച്ചിരിക്കുന്നത്. കൂടാതെ കണ്ണീര്‍ വാതകം, ജലപീരങ്കി, റബ്ബര്‍ ബുള്ളറ്റ് തോക്കുകള്‍ തുടങ്ങിയവയും പോലീസിന് നല്‍കിയിട്ടുണ്ട്. എല്‍എന്‍ജി റോഡ് പൂര്‍ണമായും പോലീസിന്റെ ബന്തവസിലാകും. പദ്ധതി കവാടത്തിനു മുന്നില്‍ നിലവില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്.
പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യന്‍ പള്ളിക്കടുത്ത് നിന്നാണ് രാവിലെ 7.30-ന് മാര്‍ച്ച് ആരംഭിക്കുന്നത്. നിരോധനാജ്ഞ ഉള്ളതിനാല്‍ മിക്കവാറും ആളുകള്‍ പള്ളിവളപ്പിലായിരിക്കും എത്തുക. പുറത്തിങ്ങി പ്രധാന റോഡിലെത്തുമ്പോഴാകും അറസ്റ്റ് ഉണ്ടാവുക. സമരക്കാര്‍ എല്‍എന്‍ജി റോഡിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കരുതെന്നാണ് ഉന്നത പോലീസ് അധികാരികളുടെ നിര്‍ദേശം. അതേസമയം പോലീസിന്റെ ഭാഗത്തുനിന്നും അനിഷ്ടങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ മാര്‍ച്ച് തികച്ചും സമാധാനപരമായിരിക്കുമെന്നാണ് സമര സമിതി പറയുന്നത്.
പോലീസ് മര്യാദകെട്ട സമീപനമാണ് പലപ്പോഴും കൈക്കൊണ്ടിട്ടുള്ളതെന്നത് 10 വര്‍ഷമായി തുടരുന്ന ഈ സമരത്തിന്റെ മുന്‍കാല അനുഭവങ്ങളില്‍ നിന്നും സമര സമിതിക്ക് നല്ല ബോധ്യവുമുണ്ട്. എന്നാല്‍ സമരം ഈ തലമുറയുടെയും വരും തലമുറകളുടെയും അതിജീവനത്തിനു വേണ്ടിയായതിനാല്‍ എന്തും നേരിടാനുള്ള മനക്കരുത്തോടെയാണ് സമരമുഖത്തേക്ക് ഇറങ്ങുന്നതെന്നും സമര സമിതി നേതാക്കളും പുതുവൈപ്പ് മേഖലയിലെ കുടുംബങ്ങളും വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha

























