കസേര ഉറപ്പിച്ച് അപ്രതീക്ഷിത വിയോഗം; തോമസ് ചാണ്ടിയുടെ അപ്രതീക്ഷിത വിയോഗം എ. കെ. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം ഉറപ്പിച്ചു; ഇനി താക്കോൽ സി പി എമ്മിന്റെ കൈയിൽ ; സി പി എമ്മിന്റെ ബി ടീമായി എൻ സി പി മാറുമെന്ന കാര്യത്തിൽ സംശയമില്ല

തോമസ് ചാണ്ടിയുടെ അപ്രതീക്ഷിത വിയോഗം എ. കെ. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം ഉറപ്പിച്ചു. മാണി സി കാപ്പനെ ഉടൻ മന്ത്രിയാക്കാൻ തോമസ് ചാണ്ടിയുടെ നീക്കം നടത്തിയിരുന്നു. സി പി എമ്മിന്റെ പിന്തുണയോടെയായിരുന്നു നീക്കം. എന്നാൽ മന്ത്രി സ്ഥാനം ഒഴിയാനാവില്ലെന്നായിരുന്നു മന്ത്രി എ. കെ. ശശീന്ദ്രന്റെ നിലപാട്. അതിനാണ് തിരശീല വീണത്.
മാണി സി കാപ്പന് മന്ത്രിസഭാ സ്ഥാനം നൽകിയേ തീരൂ എന്ന കർശന നിലപാടിലായിരുന്നു തോമസ് ചാണ്ടി. ഇക്കാര്യം അദ്ദേഹം പലവട്ടം പരസ്യമാക്കിയിരുന്നു. മാണി സി കാപ്പൻ തോമസ് ചാണ്ടിയുടെ വിശ്വസ്തനാണ്. മന്ത്രി ശശീന്ദ്രനെ സംബന്ധിച്ചടത്തോളം മാണി സി കാപ്പന് വേണ്ടി മന്ത്രിസ്ഥാനം ഒഴിയുന്നത് ആലോചിക്കാൻ പോലും കഴിയുന്ന കാര്യമായിരുന്നില്ല .
തോമസ് ചാണ്ടിയെ മാറ്റിയാണ് ശശീന്ദ്രൻ രണ്ടാമത് മന്ത്രിയായത്. അതിനു മുമ്പ് ശശിന്ദ്രനെ മാറ്റിയാണ് ചാണ്ടി മന്ത്രിയായത്. എൻ സി പിയിലെ പടല പിണക്കങ്ങളാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമായത്. എൻസിപി ഒരു ചെറിയ പാർട്ടിയാണ്. അവിടെ തമ്മിൽ തല്ലും കുതികാൽ വെട്ടും സ്വാഭാവികം മാത്രം. സി പി എമ്മിനെ സംബന്ധിച്ചടത്താളം എൻ സി പി ഒരു ബാധ്യതയായിട്ട് ഏറെ നാളായി. എന്നാൽ എൻസിപിയെ പിണക്കാൻ സി പി എം തയ്യാറല്ല. അത് മുന്നണി മര്യാദയുടെ ഭാഗമായി മാത്രമാണ്. ഘടകകക്ഷിനേതാക്കളെ തമ്മിൽ തല്ലിക്കുക എന്നത് സി പി എമ്മിന്റെ വിനോദമാണ്. തമ്മിൽ തല്ലുന്ന നേതാക്കളില്ലെങ്കിൽ മുന്നോട്ടു പോകാനാവില്ലെന്ന് സി പി എമ്മിന് നന്നായറിയാം.
മാണി സി കാപ്പനുള്ള മന്ത്രിസ്ഥാനത്തിന്റെ സാധ്യത കോടിയേരി തള്ളിയിരുന്നില്ല. പിണറായിക്കും കാപ്പനോട് താത്പര്യം ഉണ്ടായിരുന്നു. കാരണം ചാണ്ടിയുമായി പിണറായിക്ക് വലിയ ആത്മബന്ധമാണ് ഉണ്ടായിരുന്നത്. പാലാ ഉപതെരഞ്ഞടുപ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി കാപ്പന് അനുകൂലമായി പ്രസ്താവന ഇറക്കിയിരുന്നു. അന്നും ശശീന്ദ്രൻ മന്ത്രിസ്ഥാനത്തിന്റെ സാധ്യതകൾ തള്ളിയിരുന്നു. ശശീന്ദ്രൻ അക്കാര്യം വീണ്ടും തള്ളുകയാണെങ്കിൽ എൻ സി പി നേതൃത്വം അക്കാര്യത്തിൽ ഇടപെടാനായിരുന്നു തീരുമാനം .അതിനിടയിലാണ് തോമസ് ചാണ്ടി വിടപറഞ്ഞത്.
പാലാ പിണറായിക്ക് നൽകിയ ആശ്വാസം ചെറുതല്ല. മന്ത്രിസഭയുടെ അന്തസാണ് കാപ്പൻ ഉയർത്തിയത്. അതുകൊണ്ടു തന്നെ ശശീന്ദ്രന് ഒപ്പം പിണറായി നിൽക്കാനുള്ള സാധ്യത തീർത്തും വിരളമായിരുന്നു. തോമസ് ചാണ്ടിയുടെ രോഗം കലശലായതു കൊണ്ടാണ് ശശീന്ദ്രന്റെ മന്ത്രിസ്ഥാനം ചർച്ചയിൽ ഇല്ലാതിരുന്നത്. ചാണ്ടി മരിച്ചതോടെ ഇക്കാര്യം ചർച്ചയിൽ വരാനുള്ള സാധ്യത തീരെ കുറവാണ്.
കെ എസ് ആർ റ്റി സിയുടെ ദയനീയ അവസ്ഥ മന്ത്രി ശശീന്ദ്രന്റെ പിടിപ്പുകേട് കാരണമാണെന്ന് പരാതികൾ ഉയർന്നിട്ടുണ്ട്. കോർപ്പറേഷനെ നന്നായി നയിക്കാൻ മന്ത്രിക്ക് കഴിയുന്നില്ലെന്ന് ജീവനക്കാർ തന്നെ ആരോപിക്കുന്നു. സി ഐ ടി യു തന്നെ സർക്കാരിനെതിരെ സമരം ചെയ്യുന്നു. കോർപ്പറേഷനിലെ എല്ലാ യൂണിയനുകളും സമരപാതയിലായിട്ടും മന്ത്രി തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. മന്ത്രി നിയമിച്ച എം ഡിക്കാകട്ടെ ആരെയും നിയന്ത്രിക്കാൻ കഴിയുന്നുമില്ല.
ഇനി താക്കോൽ സി പി എമ്മിന്റെ കൈയിലാണ്. എൻ സി പിയിലെ വൻമരമാണ് നഷ്ടമായിരിക്കുന്നത്. സി പി എമ്മിന്റെ ബി ടീമായി എൻ സി പി മാറുമെന്ന കാര്യത്തിൽ സംശയമില്ല.
https://www.facebook.com/Malayalivartha

























