രക്തദാനം നടത്താന്‍ പോകവേ നഷ്ടമായ പഴ്‌സ് തിരികെ കിട്ടുമെന്ന പ്രതീക്ഷയില്‍ യുവാവ്

ബോംബെ ഗ്രൂപ്പ് എന്നറിയപ്പെടുന്ന അപൂര്‍വ്വ രക്ത ഗ്രൂപ്പിനുടമയായ മലയാളി യുവാവ് രക്തദാനം നടത്തുന്നതിനായി തമിഴ്‌നാട്ടിലേക്ക് പോകാന്‍ തൃശൂരിലേക്ക് ബസില്‍ യാത്ര ചെയ്യുന്നതിനിടെ പഴ്‌സും വിലപ്പെട്ട രേഖകളും നഷ്ടമായി. ഗുരുവായൂര്‍ സ്വദേശി റഫീഖിനാണ് യാത്രയ്ക്കിടെ വേദനാജനകമായ അനുഭവം ഉണ്ടായത്. അപൂര്‍വ്വ രക്ത ഗ്രൂപ്പിനുടമയായതിനാല്‍ രക്തദാനത്തിനു പലയിടങ്ങളിലും പോകാറുണ്ട്.
കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നു രക്തദാന പ്രവര്‍ത്തകന്‍ സന്തോഷ് ചേലക്കര വിളിച്ചു പറഞ്ഞതിനെ തുടര്‍ന്നാണ് റഫീഖ് ഉടന്‍ വണ്ടി കയറിയത്. പുതുക്കോട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി സ്ത്രീക്കായിരുന്നു രക്തം ആവശ്യം. കാരയ്ക്കല്‍ എക്‌സ്പ്രസില്‍ കയറാനായി ഗുരുവായൂരില്‍ നിന്നു തൃശൂരിലേക്ക് ബസില്‍ യാത്ര ചെയ്യുന്നതിനിടെ സ്വന്തം പഴ്‌സ് നഷ്ടപ്പെട്ടു. പണവും ആധാര്‍ കാര്‍ഡും തിരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡും പഴ്‌സിലുണ്ടായിരുന്നു.
പഴ്‌സ് തിരഞ്ഞ് സമയം കളയുന്നതിനേക്കാള്‍ അത്യാവശ്യം രക്തദാനമാണെന്ന് മനസ്സിലാക്കിയ റഫീഖ് ട്രെയിനില്‍ കയറി പുതുക്കോട്ടയിലെത്തി. രക്തം ദാനം നല്‍കി. പഴ്‌സ് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയോടെ ഇന്നലെ റഫീഖ് നാട്ടിലേക്കു വണ്ടി കയറി. നാട്ടില്‍ ഇന്റീരിയര്‍ ഡിസൈന്‍ ജോലി ചെയ്യുകയാണ് റഫീഖ്.
https://www.facebook.com/Malayalivartha

























