എല്ലാം ഒരു പേടിയോടെ... 9 വര്‍ഷത്തിനിടെ 6 കുഞ്ഞുങ്ങളെ നഷ്ടമായി കുടുംബത്തിന്റെ വേദന ഏറ്റെടുത്ത് കേരളം; പ്രാഥമിക പരിശോധന അനുസരിച്ച് മരണത്തില്‍ അസ്വാഭാവികതയില്ലെന്നു പോലീസിന്റെ പറച്ചില്‍ ആശ്വാസമാകുമെങ്കിലും മരണകാരണം വ്യക്തമല്ല

കൂടത്തായി കൊലപാതക പരമ്പര മലയാളികളുടെ മനസില്‍ നിന്നും മാഞ്ഞിട്ടില്ല. അതിന്റെ ഓര്‍മ്മകള്‍ നിലനില്‍ക്കേയാണ് മലപ്പുറം തിരൂരില്‍ നിന്നുള്ള ദയനീയമായ വാര്‍ത്ത വരുന്നത്. 9 വര്‍ഷത്തിനിടെ 6 കുഞ്ഞുങ്ങളെയാണ് ഒരു കുടുംബത്തിന് നഷ്ടമായിരിക്കുന്നത്. തിരൂര്‍ പരന്നേക്കാട് തറമ്മല്‍ റഫീഖ് ഷബ്‌ന ദമ്പതികളുടെ 3 മാസം പ്രായമായ ആണ്‍കുട്ടി ഇന്നലെ മരിച്ചതോടെയാണു മുന്‍പുണ്ടായ മരണങ്ങളും ചര്‍ച്ചയായത്. കൂടത്തായി സംഭവം മനസിലുള്ളതിനാല്‍ നാട്ടുകാര്‍ ഇക്കാര്യങ്ങള്‍ പൊലീസില്‍ അറിയിച്ചു. ഇന്നലെ മരിച്ച കുട്ടിയുടെ കബറടക്കം രാവിലെ തന്നെ നടത്തിയിരുന്നെങ്കിലും വൈകിട്ട് പുറത്തെടുത്ത് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
പ്രാഥമിക പരിശോധന അനുസരിച്ച് മരണത്തില്‍ അസ്വാഭാവികതയില്ലെന്നു ഡിവൈഎസ്പി കെ.എ. സുരേഷ് ബാബു പറഞ്ഞു. 6 കുഞ്ഞുങ്ങളുടെയും രോഗം കണ്ടുപിടിക്കാനായില്ലെന്നും മസ്തിഷ്‌ക സംബന്ധമെന്നു കരുതുന്നതായും ചികിത്സാ രേഖകളില്‍ ഇതു വ്യക്തമാണെന്നും ദമ്പതികള്‍ പറയുന്നു. ഇതോടെയാണ് കൂടത്തായി പേടി മാറുന്നത്. എങ്കിലും മരണ കാരണം അജ്ഞാതമായത്.
മരിച്ചവരില്‍ നാലര വയസ്സുകാരിയൊഴികെ ബാക്കിയെല്ലാവരും 90 ദിവസം മുതല്‍ എട്ടുമാസത്തിനുതാഴെ പ്രായമുള്ളവരാണ്. 2009 ലാണ് റഫീഖും സബ്‌നയും വിവാഹിതരായത്. എട്ടുമാസം പ്രായമുള്ള ആദ്യ പെണ്‍കുട്ടി 2011ലാണ് മരിച്ചത്. പിന്നീട് ജനിച്ച പെണ്‍കുട്ടി രണ്ടുമാസത്തിനുള്ളില്‍ വളാഞ്ചേരി നടക്കാവ് ആശുപത്രിയിലും മരിച്ചു. അപസ്മാര ചികിത്സയ്ക്കിടെ തിരൂര്‍ നേഴ്‌സിങ് ഹോമിലാണ് മൂന്നാമത്തെ ആണ്‍കുട്ടിയുടെ മരണം. മരണകാരണം കണ്ടെത്താന്‍ എറണാകുളം അമൃത ഹോസ്പിറ്റലില്‍ ശരീരസ്രവം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. നാലാമത്തെ കുട്ടി ദില്‍ഷ ഫാത്തിമ ജീവിച്ചിരിക്കെയാണ് മൂന്നുമാസം പ്രായമായ അഞ്ചാമത്തെ പെണ്‍കുഞ്ഞ് മരിച്ചത്. നാലര വയസ്സിലാണ് ദില്‍ഷ ഫാത്തിമ നടക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്.
ആറാമത്തെ കുഞ്ഞിനെ പ്രസവശേഷം തിങ്കളാഴ്ചയാണ് സബ്‌നയുടെ വീട്ടില്‍നിന്ന് പരന്നേക്കാട്ടെ വീട്ടിലേക്ക് കൊണ്ടുവന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ റഫീഖ് പള്ളിയില്‍ പോകുമ്പോള്‍ മുഹമ്മദ് തൊട്ടിലില്‍ കിടക്കുകയായിരുന്നു. രാവിലെ 6.30ന് കുഞ്ഞ് അവശനായി. തിരൂര്‍ സിറ്റി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. 10.30ന് കോരങ്ങത്ത് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ ഖബറടക്കി.
നാട്ടുകാര്‍ പരാതിപ്പെട്ടതോടെ വൈകിട്ട് അഞ്ചിന് പൊലീസ് സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഇതുവരെ മരിച്ച കുട്ടികളുടെ മെഡിക്കല്‍ രേഖകള്‍ ശേഖരിക്കുമെന്ന് തിരൂര്‍ ഡിവൈഎസ്പി കെ എ സുരേഷ്ബാബു പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്ന് മരിച്ച കുട്ടികളുടെ ഉപ്പ റഫീഖ് പറഞ്ഞു. മക്കള്‍ എങ്ങനെ മരിച്ചുവെന്നത് അറിയണം. നാട്ടുകാര്‍ക്കും കാര്യങ്ങള്‍ ബോധ്യപ്പെടണമെന്ന് റഫീഖ് പറഞ്ഞു.
അതേസമയം കുടുംബത്തിലെ ആറ് കുട്ടികള്‍ മരിച്ചതില്‍ ദുരൂഹത തള്ളിക്കളയുന്നില്ലെന്ന് ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍ കരീം പറഞ്ഞു. ചൊവ്വാഴ്ച മരിച്ച കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. സ്വാഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനം.
കുഞ്ഞിന്റെ ആന്തരികാവയവങ്ങള്‍ക്ക് സാധാരണ കുട്ടികളുടേതില്‍നിന്ന് വ്യത്യാസമുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോ. സിറിയക് പറഞ്ഞു. ബലപ്രയോഗത്തിന്റെയോ അപകടത്തിന്റെയോ അടയാളങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha