തൊഴില്‍ ചെയ്യാനാണ് അതിഥികളായെത്തിയത്, ലോക്ക് ഡൗണ്‍ കാലത്തും നിയമം പാലിച്ച് തൊഴിലെടുക്കും!

ലോക്ക്ഡൗണ്‍ കാലത്ത് അതിഥികളായി ഭക്ഷണം കഴിച്ചു സമാധാനമായിരിക്കാനാണ് നഗരസഭ അതിഥി തൊഴിലാളികളെ ഗവ.ഗേള്‍സ് ഹൈസ്‌കൂളിലെ ക്യാംപിലേക്കു ക്ഷണിച്ചത്. നഗരസഭ തുടങ്ങിയ ക്യാംപില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹോട്ടലുകളിലുള്‍പ്പെടെ ജോലി ചെയ്യുന്ന 40 പേരാണുള്ളത്. ഇവരില്‍ 5070 വയസ്സുള്ളവരുണ്ട്.
എന്നാല്‍, ഭക്ഷണം കഴിച്ചു വിശ്രമിക്കേണ്ട സമയത്തു വെറുതെ നേരം കളയാതെ അവര്‍ സ്‌കൂള്‍ വളപ്പില്‍ കൃഷിത്തോട്ടമൊരുക്കി. പ്രായം കുറവുള്ള ഇരുപതോളം പേരാണ് സ്‌കൂളില്‍ കൃഷിപ്പണി തുടങ്ങിയത്. ക്യാംപില്‍ 3 നേരം ഭക്ഷണവും പായയും തലയിണയും തോര്‍ത്തും സോപ്പും കുടിവെള്ളവും സാനിറ്റൈസറുമൊക്കെയുള്ള സൗകര്യങ്ങളുണ്ട്.
എന്നാല്‍ വെറുതെയിരുന്നു ശീലമില്ലാത്ത ഇവര്‍, സ്‌കൂള്‍ അങ്കണത്തിലെ കുറ്റിക്കാട് വെട്ടിത്തെളിച്ച് അവിടെ വാഴയും ചേമ്പുമൊക്കെ കൃഷി ചെയ്യാനുള്ള മോഹം അറിയിച്ചതോടെ നഗരസഭാധികൃതര്‍ കൃഷിയുപകരണങ്ങള്‍ എത്തിച്ചു. പരിസരത്തെ പാകമായ വാഴവിത്തുകള്‍ പിരിച്ചെടുത്ത്, കുഴിയെടുത്ത്, നട്ടുനനച്ചു.
നഗരസഭാധ്യക്ഷന്‍ ഇല്ലിക്കല്‍ കുഞ്ഞുമോനും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ എ.എ.റസാക്കും ഉദ്യോഗസ്ഥരും പിന്തുണയുമായുണ്ട്. നഗരസഭ ആരോഗ്യ വിഭാഗത്തിലെ 2 ജീവനക്കാര്‍ 24 മണിക്കൂറും ഇവരുടെ ക്ഷേമം അന്വേഷിച്ച് ഇവിടെയുണ്ട്.
https://www.facebook.com/Malayalivartha

























