കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?

സംസ്ഥാനം അതിരൂക്ഷമായ വരള്‍ച്ച, ഉഷ്ണതരംഗം, സാമ്പത്തികപ്രതിസന്ധി എന്നിവ നേരിടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും മരുമകന്‍ മന്ത്രിയും കുടുംബവും വിദേശത്ത് ഉല്ലാസയാത്രയില്‍. തെരഞ്ഞെടുത്തുവിട്ട ജനങ്ങളെ പത്രക്കുറിപ്പിലൂടെ പോലും അറിയിക്കാതെ നടത്തിയ യാത്ര ഏറെ ദുരൂഹമാണ്. ഔദ്യോഗികയാത്രയല്ലെന്ന് സി.പി.എം ആവര്‍ത്തിക്കുമ്പോള്‍ ഇതിനൊക്കെ ആരാണ് പണംമുടക്കുന്നത് എന്ന ചോദ്യതോതട് ഇടത് കണ്‍വീനര്‍ ഇപി ജയരാജനും സംഘവും കൊഞ്ഞനംകുത്തി കാണിക്കുന്നു. ആരുടെയെങ്കിലും സ്‌പോണ്‍സര്‍ഷിപ്പിലാണോ യാത്ര, അതോ സ്വന്തം കീശയില്‍ നിന്ന് മുടങ്ങിയാണോ? സ്വന്തം പണം ഉപയോഗിച്ചാണെങ്കില്‍ അതിനു മാത്രം വരുമാനം എവിടെ നിന്നാണ്, 16 ദിവസമാണ് യുഎഇ, സിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഇവര്‍ ചെലവഴിക്കുന്നത്.
കേരളത്തിലെ മുന്‍ മുഖ്യമന്ത്രിമാരൊന്നും ഇത്തരത്തില്‍ യാത്ര നടത്തിയിട്ടില്ല. സംസ്ഥാനത്ത് എന്തെങ്കിലും അടിയന്തരസാഹചര്യമുണ്ടായാല്‍ ഇടപെടുന്നതിന് ആര്‍ക്കും ചുമതല കൈമാറിയതുമില്ല. വളരെ നിരുത്തരവാദപരമായ സമീപനമാണ് മുഖ്യമന്ത്രിയും സിപിഎമ്മും സ്വീകരിച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നത് അതുകൊണ്ടാണ്. ഓരോ ഫയലിലും ഓരോ ജീവിതമാണെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി സംസ്ഥാന ഭരണത്തെ നാഥനില്ലാ കളരിയാക്കിയ ശേഷമാണ് ഉലകംചുറ്റും വാലിബനായി പോയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മുഖ്യമന്ത്രിക്ക് അടിയന്തരകാര്യങ്ങളില്‍ മാത്രമേ ഇടപെടാനാകൂ എന്നും അതിന് വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഉ്‌ണ്ടെന്നും അദ്ദേഹത്തിന്റെ ഓഫീസ് ന്യായീകരിക്കുന്നു.
മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രകള്‍ ദുരൂഹമാണെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മുമ്പ് ആരോപിച്ചിരുന്നു. 2016 ല്‍ മുഖ്യമന്ത്രി ദുബായില്‍പോയ സമയത്താണ് ശിവശങ്കര്‍ ആദ്യമായി തന്നെ വിളിച്ചതെന്നും അന്ന് കോണ്‍സുലേറ്റില്‍ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി ബാഗ് മറന്നു, എത്രയുംപെട്ടെന്ന് എത്തിക്കണമെന്നായിരുന്നു ആവശ്യം. കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിന്റെ കൈവശമാണ് ആ ബാഗ് കൊടുത്തുവിട്ടത്. അതില്‍ കറന്‍സിയായിരുന്നു. കോണ്‍സുലേറ്റിലെ സ്‌കാനിങ് മെഷീനില്‍ ആ ബാഗ് സ്‌കാന്‍ ചെയ്തിരുന്നു. അങ്ങനെയാണ് കറന്‍സിയാണെന്ന് മനസിലാക്കിയത്.''- സ്വപ്ന സുരേഷ് അന്നിങ്ങിനെയാണ് വെളിപ്പെടുത്തിയത്.
നിരവധി തവണ കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍നിന്ന് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം ബിരിയാണി പാത്രങ്ങള്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. അതില്‍ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് മൊഴികൊടുത്തിട്ടുണ്ട്. ആരെയും വലിച്ചിഴക്കാനോ മറ്റോ എനിക്ക് അജണ്ടയില്ല. മുഖ്യമന്ത്രിയുടെയും വീട്ടുകാരുടെയും ഇടപെടല്‍ കോടതിയാണ് തീരുമാനിക്കേണ്ടത്. രഹസ്യമൊഴിയിലെ കൂടുതല്‍കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും - സ്വപ്ന അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുന്‍ മന്ത്രി കെ.ടി. ജലീല്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രന്‍, നളിനി നെറ്റോ എന്നിവരടക്കമുള്ളവര്‍ക്കെതിരേ രഹസ്യമൊഴി നല്‍കിയതായും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ജീവന് ഭീഷണിയുള്ളതിനാലാണ് രഹസ്യമൊഴി നല്‍കിയതെന്നും കേസുമായി ബന്ധമുള്ളവരില്‍നിന്നാണ് ഭീഷണിയുള്ളതെന്നും സ്വപ്ന പറഞ്ഞിരുന്നു. യുഎഇ കേന്ദ്രീകരിച്ച് മുഖ്യമന്ത്രി നടത്തുന്ന ബെനാമി ഇടപാടുകള്‍ക്ക് മകനാണ് ചുക്കാന്‍ പിടിക്കുന്നതെന്നും ആരോപിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഇഡിയും എസ്.എഫ്.ഐ.ഒയും അന്വേഷണം നടത്തുന്നതിനിടെ വിദേശത്തേക്ക് പോയതില്‍ ദുരൂഹതയുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വീണയ്‌ക്കെതിരായ അന്വേഷണം അട്ടിമറിക്കാന്‍ പല വഴിയും നോക്കുന്നുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ശശിധരന്‍ കര്‍ത്തായെ ചോദ്യം ചെയ്തതോടെ അന്വേഷണം ഏതാണ്ട് നിലച്ചമട്ടാണ്. വീണയെ ചോദ്യം ചെയ്യാന്‍ പോലും ഇഡി ഇതുവരെ തയ്യാറായിട്ടില്ല.
ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പ് നേരിടാനിറങ്ങിയ സി.പി.എം കേരളത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എല്ലാം പൂട്ടികെട്ടി. ബംഗാളില്‍ അടക്കം പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാതെയാണ് വിദേശത്തേക്ക് പറന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിദേശയാത്രകളെ വിമര്‍ശിക്കുന്ന സി.പി.എമ്മും സി.പി.ഐയും ഉല്ലാസയാത്രയെ കുറിച്ചൊന്നും പറയുന്നില്ല. താനൂര്‍ ബോട്ടപകടം നടന്ന് ഒരുവര്‍ഷമാകുമ്പോഴും നഷ്ടപരിഹാരം പോലും നല്‍കിയിട്ടില്ല. വര്‍ക്കല ഫ്‌ലോട്ടിംഗ് ബ്രിഡ്ജിന്റെ അവസ്ഥ ജനം കണ്ടതാണ്. ഇതിനൊന്നും മറുപടി നല്‍കാതെയാണ് ടൂറിസം മന്ത്രിയുടെ യാത്ര. ഇത്രയും നിരുത്തരവാദപരമായി പെരുമാറുന്ന മന്ത്രിമാരെ ന്യായീകരിക്കുകയാണ് സി.പി.എം.
കരവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം പൂര്‍ണമായും കൊടുത്തില്ല, വന്യജീവി ആക്രമണത്തില്‍ ജനംപൊറുതിമുട്ടുന്നു, കടലാക്രമണം രൂക്ഷമാരുന്നു, കുടിവെള്ളക്ഷമവും വൈദ്യുതി പ്രതിസന്ധിയും രൂക്ഷം, ജൂണിന് മുമ്പേ കാലവര്‍ഷം എത്തുമെന്നാണ് പ്രവചനം. വേനലില്‍ ചൂട് കനത്തതിനാല്‍ ശക്തമായ മഴയുണ്ടാകാനാണ് സാധ്യത. അതിനുള്ള മുന്നൊരുക്കങ്ങളൊന്നും സംസ്ഥാനത്ത് കാര്യക്ഷമമായി നടക്കുന്നില്ല. ആകെ മഴക്കാലപൂര്‍വ ശുചീകരണത്തെ കുറിച്ച് യോഗങ്ങള്‍ മാത്രമാണ് നടന്നത്. പകര്‍ച്ചവ്യാധികളടക്കം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ വേണം. ഇപ്പോഴേ പകര്‍ച്ചപ്പനി രൂക്ഷമാണ്.
മണ്‍സൂണ്‍ ആകുമ്പോഴത്തെ സ്ഥിതി പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇങ്ങിനെയുള്ള ഗൗരവമായ നിരവധി കാര്യങ്ങളുള്ളപ്പോഴാണ് മുഖ്യമന്ത്രി രണ്ടാഴ്ച സംസ്ഥാനത്ത് നിന്ന് മാറിനില്‍ക്കുന്നത്. പകരം ചുമതല കൈമാറിയിട്ടുമില്ല. ഇതേക്കുറിച്ചൊക്കെ മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമ്പോള്‍ അവരുടെ നേരെ ചാടിക്കടിക്കാന്‍ നോക്കുകയാണ് സി.പി.എം നേതാക്കള്‍. വളരെ രഹസ്യമായി മുഖ്യമന്ത്രി വിദേശയാത്ര നടത്തിയത് എന്തെങ്കിലും ഒളിക്കാനുള്ളത് കൊണ്ടാണെന്ന് ജനംസംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല. സ്വകാര്യ യാത്രയാണെങ്കിലും അത് ജനങ്ങളെ അറിയിക്കണ്ടേ, അതല്ലേ മടിയില്‍ കനമില്ലാത്തവര്‍ ചെയ്യേണ്ടത്.
https://www.facebook.com/Malayalivartha