തല കറങ്ങുന്നതുപോലെ... മഹാപാപികളേ എല്ലാവരും കൂടി കൊന്നുകളഞ്ഞല്ലോ ഒരു നല്ല മനുഷ്യനെ.... പാവപ്പെട്ടവനോട് മനസലിവുള്ള ഒരു നല്ല ഡോക്ടറെ; ആത്മഹത്യ ചെയ്ത യുവ ഡോക്ടര്‍ അനൂപ് കൃഷ്ണയെപ്പറ്റിയുള്ള കുറിപ്പ് വൈറലാകുന്നു

35 വയസുള്ള യുവ ഡോക്ടറിന്റെ ആത്മഹത്യ മലയാളി മനസുകളില്‍ കിടന്ന് നീറി പുകയുകയാണ്. ഓപ്പറേഷനിടെ മരണപ്പെട്ട ഏഴുവയസുകാരിയുടെ മരണത്തില്‍ ചികിത്സാ പിഴവ് ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഡോ. അനൂപ് കൃഷ്ണയെ പാവങ്ങളുടെ ഡോക്ടറെന്ന് സാക്ഷ്യപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. എന്തിന് മരണമടഞ്ഞ പെണ്‍കുട്ടിക്ക് പോലും ഈ ഡോക്ടറിന്റെ കരുതലുണ്ടായിരുന്നത്രെ. മരണ ശേഷം ഈ യുവ മനുഷ്യ ഡോക്ടറെ നമ്മള്‍ തിരിച്ചറിയുമ്പോള്‍ ചങ്ക് പിടയുകയാണ്. വേണ്ടിയിരുന്നോ ഇത്.
വളരെ സങ്കടകരമായ വാര്‍ത്ത... നന്ദിയില്ലാത്ത ഈ സമൂഹം മനുഷ്യപ്പറ്റുള്ള ഒരു ഡോക്ടറെ കൊന്നുകളഞ്ഞു! എന്ത് സങ്കടകരമാണ് ഇതെന്ന് നോക്കുക
വെറും 35 വയസ്സിനുള്ളില്‍ കേരളത്തിലെ ഏറ്റവും മിടുക്കന്മാരായ ഓര്‍ത്തോഡോക്ടര്‍മാരില്‍ ഒരാള്‍ എന്ന് പേരെടുത്ത കൊല്ലത്തെ ഡോക്ടര്‍ അനൂപ് കൃഷ്ണയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
കയ്യിലെ ഞരമ്പ് മുറിച്ചശേഷം തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.. കൊല്ലത്തെ ഡോ. അനൂപ് ഓര്‍ത്തോകെയര്‍ എന്ന ആശുപത്രിയുടെ ഉടമയായിരുന്നു..
കഴിഞ്ഞ 23 ന് ഡോക്ടര്‍ സര്‍ജറി ചെയ്ത എഴുവയസ്സുകാരി പെണ്‍കുട്ടി സര്‍ജറിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ചികിത്സാപിഴവ് ആരോപിച്ച് കുട്ടിയുടെ മൃതദേഹവുമായി നാട്ടുകാര്‍ ആശുപത്രി ഉപരോധിച്ചിരുന്നു... വിഷയത്തില്‍ പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു. എന്നാല്‍ തന്റെ ഭാഗത്തുനിന്നുള്ള പിഴവല്ലാത്ത വിഷയത്തില്‍ അകാരണമായി പൊതുസമൂഹത്തില്‍ കുറ്റവാളിയാക്കി ചിത്രീകരിക്കപ്പെട്ടതിനാല്‍ ഡോക്ടര്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി പറയപ്പെടുന്നു... അതാണ് ആത്മഹത്യയില്‍ കലാശിച്ചത് എന്ന് കരുതപ്പെടുന്നു.
എന്തായാലും സമരവും ഉപരോധവും ഒക്കെ ചെയ്തവര്‍ക്ക് സന്തോഷമായിക്കാണും എന്ന് കരുതുന്നു... വിഷയത്തില്‍ വാസ്തവം എന്താണെന്ന് നോക്കാതെ ഇതിന് അമിതപ്രാധാന്യം കൊടുത്ത് ഡോക്ടറെ സമൂഹമധ്യത്തില്‍ കുറ്റവാളിയായി ചിത്രീകരിച്ച മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പൊതുസമൂഹവും ഈ അകാലത്തില്‍ സംഭവിച്ച ഈ മരണത്തിന് അല്ല ഈ കൊലപാതകത്തിന് ഉത്തരം പറഞ്ഞേ തീരൂ...
ഇനിയും എത്രയോ വര്‍ഷങ്ങള്‍ ജീവിച്ചിരുന്ന് എത്രയോ ആളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ട ഒരു വിലപ്പെട്ട ജീവനെയാണ് നിങ്ങള്‍ ഇല്ലാതാക്കിയത്. ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
ഈ വിഷയത്തില്‍ അന്വേഷണം നടത്തി ഡോക്ടര്‍ക്ക് ഇത്രയും മനഃസംഘര്‍ഷം ഉണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചത് ആരെന്നും ഏതെങ്കിലും തരത്തിലുള്ള ഭീഷണികള്‍ ഉണ്ടായിട്ടിട്ടുണ്ടോ എന്നും അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരായി കര്‍ശനനിയമനടപടികള്‍ ഉണ്ടാകണം. ഒരു ഭാഗത്തിന് മാത്രം നീതി കിട്ടിയാല്‍ പോരല്ലോ...
അനസ്‌തേഷ്യ കൊടുക്കുമ്പോള്‍ പലപ്പോഴും കോംപ്ലിക്കേഷന്‍സ് ഉണ്ടാകാം. ചിലപ്പോള്‍ അത് എത്ര മികച്ച ആശുപത്രിയില്‍ ആയാലും രോഗിയെ സേവ് ചെയ്യാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അങ്ങനെ ഹൃദയാഘാതം സംഭവിച്ച് എത്രയോ പേര്‍ മരണപ്പെടുന്നു. അതൊന്നും വൈദ്യശാസ്ത്രത്തിന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന കാര്യങ്ങളല്ല പലപ്പോഴും. ഹൃദയാഘാതം അനസ്‌തേഷ്യയുടെ ഒരു കോംപ്ലിക്കേഷന്‍ ആണ്. അത് തടയാന്‍ കഴിയില്ല. അങ്ങനെ സംഭവിക്കുമ്പോള്‍ പലപ്പോഴും രോഗിയെ രക്ഷിക്കാനും കഴിയാറില്ല.
കര്‍ണാടകയിലെ പ്രശസ്തമായ ഒരു ആശുപത്രിയിലെ സീനിയര്‍ വനിതാഡോക്ടര്‍ റൗണ്ട്‌സ് എടുക്കുന്നതിനിടെ ഹൃദയാഘാതം വന്ന് മരണപ്പെടുന്ന സിസിടിവി വീഡിയോ നമ്മള്‍ പലരും കണ്ടിട്ടുണ്ട്. അവര്‍ ഒരു സീനിയര്‍ ഡോക്ടര്‍ ആയിട്ടും അത് സംഭവിച്ചത് അവര്‍ ജോലി ചെയ്യുന്ന എല്ലാ സൗകര്യങ്ങളും ഉള്ള ആശുപത്രിയില്‍ ആയിട്ടും പോലും അവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാരണം ഇതൊന്നും നമ്മുടെ നിയന്ത്രണത്തില്‍ അല്ല എന്നത് തന്നെ.
എന്തായാലും അന്വേഷണം നടക്കട്ടെ. സത്യം പുറത്തുവരുമ്പോള്‍ പക്ഷേ അത് കാണേണ്ടായാള്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല എന്ന് മാത്രം.
എന്നാലും പ്രിയ ഡോക്ടര്‍, താങ്കള്‍ക്ക് ഇത്രയും മനക്കട്ടി ഇല്ലാതെ പോയല്ലോ. മെഡിക്കല്‍ പ്രൊഫഷന്‍ തിരഞ്ഞെടുത്തപ്പോള്‍ തന്നെ ഇത്തരം സംഭവങ്ങളുംകൂടി നേരിടാനുള്ള മനക്കട്ടി ഉണ്ടാക്കിയെടുക്കേണ്ടതായിരുന്നു താങ്കള്‍. ഇത്തരം എത്രയോ സംഭവങ്ങള്‍ ഒരു ഡോക്ടര്‍ തന്റെ സര്‍വീസ് കാലത്തിനിടെ നേരിടേണ്ടി വരും. ആയിരം ജീവനുകള്‍ രക്ഷിച്ചാലും അതൊന്നും കണക്കില്‍ കാണില്ല. കാരണം അത്ര നന്ദികെട്ട ഒരു സമൂഹമാണ് നമ്മുടേത് എന്നത് തന്നെ.
താങ്കളെപ്പോലെ ഒരാളുടെ സേവനം ഈ സമൂഹം അര്‍ഹിക്കുന്നില്ല എന്നതാണ് വാസ്തവം...
സുഹൃത്തായ ഒരു സീനിയര്‍ ഡോക്ടര്‍ വിളിച്ചു പറഞ്ഞ വിവരംകൂടി ഇക്കൂടെ ചേര്‍ക്കുന്നു. സര്‍ജറിക്ക് വിധേയയായ പെണ്‍കുട്ടി വളരെ പാവപ്പെട്ട ഒരു വീട്ടിലെ അംഗമായിരുന്നു. ജന്മനാ ഉള്ള അസ്ഥിതകരാര്‍ മൂലം ആ കുട്ടിയുടെ കാല്‍ വളഞ്ഞാണ് ഇരുന്നത്. സര്‍ജറി വഴി ശരിയാക്കാന്‍ കഴിയുമായിരുന്ന പ്രശ്‌നം ആയിരുന്നെങ്കിലും കുട്ടിക്ക് ജന്മനാ ഹൃദയസംബന്ധമായ തകരാറുകളും കൂടി ഉണ്ടായിരുന്നതിനാല്‍ അവര്‍ പോയ എല്ലാ ആശുപത്രികളും സര്‍ജറി ചെയ്യാന്‍ തയ്യാറാകാതെ അവരെ നിഷ്‌കരുണം കയ്യൊഴിഞ്ഞു. എന്നാല്‍ കുട്ടിയുടെ കുടുംബത്തിന്റെ സങ്കടം കണ്ട് മനസ്സലിഞ്ഞ ഡോക്ടര്‍ അനൂപ് ഒരു പെണ്‍കുട്ടിയാണല്ലോ എന്നത് പരിഗണിച്ച് റിസ്‌ക് എടുക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. കാരണം പ്രായം കൂടുന്തോറും ഇത് ശരിയാക്കാന്‍ കഴിയാതെ വരും. പെണ്‍കുട്ടിയായതിനാല്‍ അത് ആ കുട്ടിയുടെ ഭാവിക്ക് വലിയ ദോഷം ചെയ്യും. വളരെ പാവപ്പെട്ട വീട്ടിലെ കുട്ടി ആയതിനാല്‍ 100% സൗജന്യമായാണ് സര്‍ജറി തീരുമാനിച്ചിരുന്നത്. അനസ്‌തെറിസ്റ്റ് ഡോക്ടര്‍ അനൂപിന്റെ വൈഫ് തന്നെ ആയിരുന്നു. അല്ലെങ്കില്‍ ഇത്തരം സര്‍ജറി, അതും യാതൊരു സാമ്പത്തികലാഭവും ഇല്ലാതെ ചെയ്യാന്‍ ആരും തയ്യാറാവില്ല.
എന്നാല്‍ ആ നന്ദി തിരിച്ചുകാണിക്കാന്‍ സമൂഹം തയ്യാറായില്ല. അതായിരിക്കാം വളരെ സൗമ്യനും ദുര്‍ബ്ബലഹൃദയനുമായ ഡോക്ടര്‍ക്ക് താങ്ങാന്‍ കഴിയാതെ പോയത്. അനസ്‌തേഷ്യ കൊടുത്തതിലെ പിഴവ് എന്നായിരുന്നു പ്രധാന ആരോപണം. തന്റെ നിര്‍ബന്ധത്തില്‍ കേസ് ചെയ്യാന്‍ തയ്യാറായ തന്റെ സ്വന്തം ഭാര്യയുടെ പേരില്‍ പോലും ആരോപണം വന്നത് അദ്ദേഹത്തിന്റെ ശുദ്ധമനസിന് താങ്ങാന്‍ കഴിഞ്ഞുകാണില്ല.. അങ്ങനെ അദ്ദേഹം എല്ലാം ഒരു തുണ്ട് കയറില്‍ ഒതുക്കി...
ഇതൊക്കെ കേട്ടിട്ട് ഡോക്ടറെ ഇന്നുവരെ നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത എന്റെ പോലും ചങ്കു തകര്‍ന്നു പോകുന്നു... അപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം ഇതെങ്ങിനെ സഹിക്കും. സര്‍വ്വശക്തനായ ദൈവമേ, അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാം നേരിടാനുള്ള മനക്കരുത്ത് നല്‍കണമേ...
എല്ലാവരും കൂടി കൊന്നുകളഞ്ഞല്ലോ ഒരു നല്ല മനുഷ്യനെ.. പാവപ്പെട്ടവനോട് മനസ്സലിവുള്ള ഒരു നല്ല ഡോക്ടറെ. മഹാപാപികളേ.
https://www.facebook.com/Malayalivartha


























