ഐ ഫോണിന്റെ ഒരു യോഗമേ... പ്രോട്ടോക്കോള്‍ ലംഘിച്ച് ഐഫോണ്‍ വാങ്ങിയ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ കുരുക്ക് മുറുക്കി സിപിഎം; ചെന്നിത്തലയെ ഐ ഫോണ്‍ വിവാദത്തിലേക്ക് വലിച്ചിഴച്ചത് സ്വപ്നയാണെന്ന വിവരം പുറത്തു വന്നതോടെ ചര്‍ച്ചകള്‍ മറ്റൊരു വഴിക്ക്

പ്രോട്ടോക്കോള്‍ ലംഘിച്ച് ഐഫോണ്‍ വാങ്ങിയ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയതിന് പിന്നാലെ ചെന്നിത്തലയെ ഐ ഫോണ്‍ വിവാദത്തിലേക്ക് വലിച്ചിഴച്ചത് സ്വപ്ന സുരേഷാണെന്ന വിവരം പുറത്തു വന്നു. ചില സി പി എം നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് സ്വപ്ന പ്രവര്‍ത്തിച്ചതെന്ന് വ്യക്തം.
നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്നതിനിടയിലാണ് ചെന്നിത്തലക്കെതിരെ ആരോപണം ഉന്നയിക്കാനുള്ള നിര്‍ദ്ദേശം സ്വപ്നക്ക് ലഭിച്ചതെന്നാണ് വിവരം . ഈ സമയത്ത് സ്വപ്നയെ നിരവധിയാളുകള്‍ സന്ദര്‍ശിച്ചിരുന്നുവെന്നാണ് പറയുന്നത്. അവരുടെ നിര്‍ദ്ദേശ പ്രകാരമാണ് സ്വപ്ന പ്രവര്‍ത്തിച്ചത്. എന്നാല്‍ ചെന്നിത്തലക്കെതിരെ തന്റെ കൈയില്‍ യാതൊരു ആയുധവുമില്ലെന്ന് സ്വപ്ന പറഞ്ഞപ്പോള്‍ ഐ ഫോണിന്റെ കാര്യം നിര്‍ദ്ദേശിച്ചത് നേതാക്കണെന്നാണ് പറയുന്നത്. യു എ ഇ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ ഐ ഫോണ്‍ സമ്മാനിച്ചത് അതില്‍ പങ്കെടുത്ത ഒരു സി പി എം നേതാവിന് അറിയാമായിരുന്നു. ചെന്നിത്തല ഫോണ്‍ വാങ്ങിയിട്ടില്ലെന്നാണ് അറിയുന്നത്. പരിപാടിയില്‍ മുഴുവന്‍ സമയവും ഇരിക്കാതെ ചെന്നിത്തല മടങ്ങുകയായിരുന്നു. തിരുവനന്തപുരം വഞ്ചിയൂരില്‍ കുട്ടി മണ്ണ് തിന്ന വീട്ടിലേക്കാണ് ചെന്നിത്തല പോയത്. മുഴുവന്‍ സമയവും ഇരിക്കാത്തതിനാല്‍ ഐ ഫോണിന്റെ കാര്യം തനിക്ക് അറിയില്ലെന്നാണ് ചെന്നിത്തല പറയുന്നത്.
കോവളം എം എല്‍ എ വിന്‍സെന്റിനെതിരെ സി പി എം നേതാക്കള്‍ ഗൂഢാലോചന നടത്തി പീഡന പരാതി ഉന്നയിച്ചതും ഇരയുടെ ആശുപത്രിവാസത്തിനിടയിലായിരുന്നു. അന്ന് ഇക്കാര്യം ചിത്രങ്ങള്‍ സഹിതം പുറത്തുവന്നിരുന്നു.
സ്വപ്നയുടെ നിര്‍ദ്ദേശ പ്രകാരമാണ് യൂണിടാക് എം ഡി ഹൈക്കോടതിയില്‍ ആരോപണം ഉന്നയിച്ചതെന്നാണ് സൂചന. യൂണിടാക് എം ഡി യുമായി ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് സ്വപ്ന ദീര്‍ഘമായി സംസാരിച്ചിരുന്നു. ഇതിനെയാണ് പ്രോട്ടേക്കോള്‍ ലംഘനമായി കോടിയേരി വ്യാഖ്യാനിച്ചത്. ചെന്നിത്തല സംസ്ഥാനത്ത് മന്ത്രിയല്ല. ജലില്‍ മന്ത്രിയാണ്. ചെന്നിത്തല വിചാരിച്ചാല്‍ സര്‍ക്കാരിന്റെ ഒരു നയവും സ്വാധീനിക്കാന്‍ കഴിയില്ല. എന്നിട്ടും കോടിയേരി ഇതിനെ പ്രോട്ടോക്കോള്‍ ലംഘനമായി വ്യാഖ്യാനിച്ചതാണ് അത്ഭുതം.
കെടി ജലീലിനെ ആക്രമിക്കാനും രാജി ആവശ്യപ്പെടാനും ഇതേ പ്രോട്ടോക്കോള്‍ ലംഘനമാണ് ചെന്നിത്തലയും കോണ്‍ഗ്രസും ഉന്നയിച്ചതെന്ന് കോടിയേരി പറഞ്ഞു . അങ്ങനെയെങ്കില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച രമേശ് ചെന്നിത്തലയും രാജിവയ്ക്കണം. ചെന്നിത്തല രാജിവയ്ക്കണം എന്നു ഞാന്‍ ആവശ്യപ്പെടില്ല. കാരണം അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്. എന്തായാലും കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നു അദ്ദേഹത്തിന് മനസ്സിലായില്ലേ.
സ്വര്‍ണക്കടത്ത് കേസില്‍ ദുബായില്‍ നിന്നും സ്വര്‍ണം അയച്ചവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. അന്വേഷണ ഏജന്‍സികള്‍ക്ക് മറ്റു പലതിലുമാണ് താത്പര്യം. സ്വര്‍ണക്കടത്ത് കേസ് ഒരു ബൂമറാംഗായി മാറുമെന്ന് നേരത്തെ പറഞ്ഞത് ഇപ്പോള്‍ ശരിയായി. സിബിഐ ഒരു കേസില്‍ അന്വേഷണം ഏറ്റെടുക്കുന്നതിന് വ്യവസ്ഥാപിത നടപടികളുണ്ട്. അതു പാലിക്കണം എന്നാണ് ഞങ്ങള്‍ പറയുന്നത്. എന്നാല്‍ സിബിഐക്ക് കേരളത്തിലേക്ക് പ്രവേശനമില്ലെന്ന നിലപാട് തങ്ങള്‍ക്കില്ലെന്ന് കോടിയേരി പറഞ്ഞു.
താന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത് . സ്വന്തം മകന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങുവാന്‍ പോകുന്നതിന്റെ അസ്വസ്ഥതയിലാണ് കോടിയേരിയെന്ന് ചെന്നിത്തല പറഞ്ഞു.
കോണ്‍സുലേറ്റിന്റെ ചടങ്ങില്‍ താന്‍ പങ്കെടുത്താല്‍ അതെങ്ങനെയാണ് പ്രോട്ടോക്കോള്‍ ലംഘനമാവും. എനിക്കൊപ്പം ബിജെപി നേതാവ് ഒ.രാജഗോപാലും സിപിഎം നേതാവ് എം. വിജയകുമാറും ഉണ്ടായിരുന്നു. അവരൊക്കെ പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാണോ കോടിയേരി പറയുന്നത്. താന്‍ എന്തായാലും കാരാട്ട് റസാഖിന്റെ മിനി കൂപ്പറില്‍ കേറി സഞ്ചരിച്ചിട്ടില്ല. കൂപ്പറില്‍ കേറിയവരൊക്കൈ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യും.
ഐഎംഇഐ നമ്പര്‍ പരിശോധിച്ച് നല്‍കിയെന്ന് പറയുന്ന വിവാദ ഐഫോണ്‍ ആരാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് താന്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയുടെ കോപ്പി ഞാന്‍ മാധ്യമങ്ങള്‍ക്ക് നല്‍കും. യുഎഇ ദേശീയദിനത്തിന്റെ ഭാഗമായി യുഎഇ കോണ്‍സുലേറ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് ഞാന്‍ പങ്കെടുത്തത്. തുടര്‍ന്ന് കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഒരു മത്സരപരിപാടിയുടെ നറുക്കെടുപ്പിലും താന്‍ നടത്തി.
ഇതല്ലാതെ താന്‍ ഒരു ഉപഹാരവും ആരുടെ കൈയില്‍ നിന്നും വാങ്ങിയിട്ടില്ല ഉപയോഗിച്ചിട്ടുമില്ല. നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍ പ്രചരിപ്പിക്കുകയാണ്. ഈ സര്‍ക്കാരിനെതിരെ ഞാന്‍ പോരാടുന്നത് രേഖകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ്. ഇവരുടെ കൈയില്‍ നിന്നും ഐഫോണ്‍ വാങ്ങേണ്ട ഗതികേടൊന്നും എനിക്കില്ല.
ഇതുകൊണ്ടൊന്നും എന്നെ തളര്‍ത്താം എന്നു കരുതേണ്ട. സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭവുമായി പ്രതിപക്ഷം മുന്നോട്ട് പോകും. കൊടുത്താല്‍ കൊല്ലത്തല്ല തിരുവനന്തപുരത്തോ ബെംഗളൂരുവിലോ കിട്ടും അതു അടുത്ത ദിവസമറിയാം. ഇങ്ങനെയൊരാള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി ഇരിക്കുന്നതാണ് ഞങ്ങള്‍ക്കും നല്ലത്. കള്ളക്കടത്ത് കേസിലും മയക്കുമരുന്ന് കേസിലും കൂപ്പര്‍ കേസിലും സ്വര്‍ണക്കടത്ത് കേസിലും ഉള്‍പ്പെടുന്ന ഒരു പാര്‍ട്ടി സെക്രട്ടറി പി.കൃഷ്ണപ്പിള്ളയുടേയും ഇഎംഎസിന്റേയും കസേരയില്‍ ഇരിക്കുന്നതിന് നല്ല നമസ്‌കാരം ആഞ്ഞടിച്ചു കൊണ്ട് ചെന്നിത്തല പറഞ്ഞു.
സ്വപ്ന ചെന്നിത്തലക്ക് നല്‍കിയതായി പറയുന്ന ഫോണ്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ആരാണെന്ന് എന്‍ ഐ എക്കും സി ബി ഐക്കും അറിയാം. അത് ചെന്നിത്തലയല്ല ഉപയോഗിക്കുന്നത്. അത് കോടിയേരിക്കും അറിയാം. എന്നാല്‍ ഒരു രാഷ്ട്രീയ ആയുധം എന്ന നിലയ്ക്കാണ് കോടിയേരി രംഗത്തെത്തിയത്. പക്ഷേ അത് ചെന്നിത്തലയുടെ ഇമേജിന് കോട്ടമുണ്ടാക്കി. എന്നാല്‍ തന്നെ പ്രതികൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം അദ്ദേഹം ആദ്യം തന്നെ തിരിച്ചറിഞ്ഞതു കൊണ്ട് രക്ഷപ്പെട്ടു. എന്നാല്‍ ചെന്നിത്തല നല്‍കിയ പരാതി ബഹ്‌റ അന്വേഷിക്കുമെന്ന് കരുതാന്‍ വയ്യ.
സ്വപ്നയുടെ ആശുപത്രി വാസത്തിന്റെ ആദ്യ വെടി കെട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നത്. അടുത്ത ദിവസങ്ങളില്‍ ബാക്കി വെടിക്കെട്ടുകള്‍ എന്താണെന്ന് വ്യക്തമാവും. സ്വപ്ന ആശുപത്രിയില്‍ കിടന്ന് വിളിച്ച ഫോണ്‍ സന്ദേശങ്ങളെ കുറിച്ചുള്ള അന്വേഷണം ഒരിടത്തും എത്താത്തത് അതുകൊണ്ടാണ്.
https://www.facebook.com/Malayalivartha


























