നാണയം വിഴുങ്ങിയ മൂന്നുവയസുകാരന്റെ അമ്മ ആലുവ ജില്ലാ ആശുപത്രിക്ക് മുന്നില്‍ നടത്തിയിരുന്ന അനിശ്ചിതകാല സത്യാഗ്രഹം താത്കാലികമായി അവസാനിപ്പിച്ചു

നാണയം വിഴുങ്ങിയ മൂന്നുവയസുകാരന്‍ പൃഥ്വിരാജിന്റെ യഥാര്‍ത്ഥ മരണ കാരണം കണ്ടെത്തണമെന്നും കുറ്റക്കാരായ ഡോക്ടര്‍മാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മാതാവ് കടുങ്ങല്ലൂര്‍ വളഞ്ഞമ്ബലം കൊടിമുറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന കൊല്ലം നെല്ലേറ്റില്‍ തോണിപ്പാറ ലക്ഷംവീട് കോളനിയില്‍ നന്ദിനിയും ബന്ധുക്കളും ആലുവ ജില്ലാ ആശുപത്രിക്ക് മുന്നില്‍ നടത്തിയിരുന്ന അനിശ്ചിതകാല സത്യാഗ്രഹം താത്കാലികമായി അവസാനിപ്പിച്ചു. ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സ നിഷേധിക്കപ്പെട്ട പൃഥ്വിരാജ് ആഗസ്റ്റ് രണ്ടിന് പുലര്‍ച്ചെയാണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ രണ്ട് നാണയങ്ങള്‍ കണ്ടെടുത്തെങ്കിലും മരണകാരണം നാണയമല്ലെന്ന് സൂചിപ്പിച്ചിരുന്നു.
ആന്തരീകാവയവങ്ങളുടെ പരിശോധനയില്‍ ശ്വാസംമുട്ടാണ് മരണകാരണമെന്നാണ് കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കുറ്റക്കാരെ രക്ഷിക്കാനാണെന്ന് ആരോപിച്ചാണ് മാതാവും ബന്ധുക്കളും സമരമാരംഭിച്ചത്.എസ്.സി എസ്.ടി വകുപ്പ് ഡയറക്ടര്‍ പി.വൈ. ശ്രീവിദ്യയുടെ നിര്‍ദേശാനുസരണം സമരകേന്ദ്രത്തിലെത്തിയ പട്ടികജാതിപട്ടികവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസഫ് ജോണ്‍ വിഷയത്തില്‍ അനുകൂലമായി ഇടപെടാമെന്ന് നന്ദിനിക്കും ബന്ധുക്കള്‍ക്കും ഉറപ്പ് നല്‍കി. അന്‍വര്‍ സാദത്ത് എം.എല്‍.എ, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചര്‍ച്ച. പട്ടികജാതി പീഡന വിരുദ്ധ നിയമത്തിന്റെ പൂര്‍ണമായ സംരക്ഷണം ഉറപ്പാക്കും, നന്ദിനിക്ക് പട്ടികജാതിപട്ടികവര്‍ഗ വകുപ്പില്‍ താല്‍ക്കാലിക നിയമനത്തിന് നടപടിയെടുക്കും, ലൈഫ് പദ്ധതിയില്‍പ്പെടുത്തിയോ അല്ലാതെയോ വീട് നല്‍കാന്‍ നടപടിയെടുക്കും, കുട്ടിയുടെ ചികിത്സക്ക് ചെലവായ തുക വകുപ്പ് നല്‍കും എന്നീ കാര്യങ്ങളിലാണ് ധാരണയായത്.
https://www.facebook.com/Malayalivartha


























