കേരളത്തിലെ രോഗ വ്യാപനം ദേശീയ ശരാശരിയേക്കാള്‍ താഴെ; കോവിഡിനെതിരായ സംസ്ഥാനത്തിന്റെ പ്രതിരോധം ഫലപ്രദമാണെന്ന് മുഖ്യമന്ത്രി

കോവിഡിനെതിരായ സംസ്ഥാനത്തിന്റെ പ്രതിരോധം ഫലപ്രദമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനമായിരുന്നിട്ടും സര്‍ക്കാരും ജനങ്ങളും ഒരുപോലെ ജാഗ്രത പാലിച്ചതിന്റെ ഫലമായി രോഗവ്യാപനം പിടിച്ചു നിര്‍ത്താന്‍ സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ചു നാളുകളില്‍ രോഗവ്യാപനം വര്‍ധിച്ചിട്ടുപോലും ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്ബോള്‍ നമ്മള്‍ മെച്ചപ്പെട്ട നിലയിലാണ്.
ദേശീയ തലത്തില്‍ പത്ത് ലക്ഷത്തില്‍ 77,054 പേരെ പരിശോധിക്കുമ്ബോള്‍ കേരളത്തില്‍ 92,788 പേരെ പരിശോധിക്കുന്നു. ദേശീയ തലത്തില്‍ പത്തു ലക്ഷത്തില്‍ 99 ആളുകള്‍ മരിച്ചപ്പോള്‍ കേരളത്തില്‍ അത് 24.5 ആണ്. മരണനിരക്ക് ദേശീയ ശരാശരി 1.55 ശതമാനമാണെങ്കില്‍ സംസ്ഥാനത്ത് 0.36 ശതമാനം മാത്രമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ദേശീയ തലത്തില്‍ 8.3% ആയിരിക്കുമ്ബോള്‍ കേരളത്തിലത് 7.2% ആണ്.
ഇങ്ങനെ കണക്കുകള്‍ നോക്കിയാല്‍ നമ്മളിതു വരെ കാണിച്ച ജാഗ്രതയും സ്വീകരിച്ച നടപടികളും വെറുതെയായില്ല എന്നു മനസിലാക്കാനാകും. അതുകൊണ്ടു തന്നെ അവ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോയേ തീരൂ. ജാഗ്രതക്കുറവ് സമൂഹത്തില്‍ ഉണ്ടാകുന്നതിന്റെ ഭാഗമായി രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
കോവിഡ് തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ച മുതല്‍ ക്രിമിനല്‍ നടപടിച്ചട്ടം 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. റോഡുകള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍, മറ്റ് പൊതു സ്ഥലങ്ങള്‍ ഇവിടങ്ങളിലെല്ലാം അഞ്ചോ അതിലധികമോ പേര്‍ കൂട്ടംകുടുന്നത് പൂര്‍ണമായും തടയുക എന്നത് തന്നെയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കാസര്‍കോട്, എറണാകുളം എന്നീ ജില്ലകളില്‍ രോഗബാധിതരുടെ എണ്ണം കൂടി. ഈ സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും ലക്ഷണമുള്ള ആളുകളെ കണ്ടെത്താനും നിരീക്ഷണം ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കി. അതോടൊപ്പം മാര്‍ക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും കോവിഡ് പ്രോട്ടോകോള്‍ കൂടുതല്‍ കര്‍ശനമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























