പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപത്തട്ടിപ്പ് കേസ് വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി തുടങ്ങാന്‍ ധാരണ

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപത്തട്ടിപ്പുകേസില്‍ വിചാരണ അനന്തമായി നീളുന്നത് ഒഴിവാക്കാനായി പ്രത്യേക കോടതി പത്തനംതിട്ടയില്‍ തുടങ്ങുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ധാരണയായി. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്, കോടതി തുടങ്ങണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് നല്‍കുന്നതാണ് അടുത്ത നടപടി. കേന്ദ്ര നിക്ഷേപ സംരക്ഷണ നിയമം (ബഡ്‌സ്) അനുസരിച്ചാണ് പ്രത്യേക കോടതി. പോപ്പുലറുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പ്രത്യേക കോടതിയായിരിക്കും പരിഗണിക്കുക.
കോടതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീണാ ജോര്‍ജ് എംഎല്‍എ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടികള്‍. ജില്ലാ ജഡ്ജി റാങ്കിലുള്ളതാണ് പ്രത്യേക കോടതി. നിലവില്‍ ആലപ്പുഴ, തൃശൂര്‍ കോടതികള്‍ പ്രത്യേക കോടതികളായി (ഡസിഗ്‌നേറ്റഡ്) ഹൈക്കോടതി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, പ്രതികളും പരാതിക്കാരില്‍ കൂടുതല്‍പേരും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവരായതിനാല്‍ കോടതി ഇവിടെത്തന്നെ വേണമെന്നത് പൊതു ആവശ്യമായിരുന്നു. പ്രതികളുടെ പാപ്പര്‍ ഹര്‍ജിയും പത്തനംതിട്ട സബ് കോടതിയിലാണ്.
വിവിധ കോടതികളില്‍ പരിഗണനയിലുള്ള മുഴുവന്‍ കേസുകളും സബ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പാപ്പര്‍ ഹര്‍ജിയും പ്രത്യേക കോടതിയിലേക്കു മാറ്റും. നിലവിലെ ജില്ലാ കോടതി പ്രത്യേക കോടതിയാക്കണോ പുതുതായി കോടതി വേണോ എന്നത് ഹൈക്കോടതി തീരുമാനിക്കും. കേസിന്റെ വ്യാപ്തി അനുസരിച്ച് ഒന്നോ അതിലധികമോ പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിനു കഴിയും. നിലവില്‍ പതിനായിരത്തോളം എതിര്‍ കക്ഷികള്‍ പോപ്പുലര്‍ കേസിലുണ്ട്. പ്രത്യേക കോടതിയില്‍ പരിഗണിക്കുന്ന കേസുകളില്‍ ഹൈക്കോടതിയില്‍ മാത്രമാകും അപ്പീലുണ്ടാവുക.
സിബിഐക്ക് കേസ് കൈമാറുന്നതോടെ പരാതികള്‍ ഏകീകരിച്ച് കേസുകളുടെ എണ്ണം കുറയും. ഒരു കോടതിയില്‍ തന്നെ കൈകാര്യം ചെയ്യാവുന്ന കേസുകള്‍ മാത്രമായിരിക്കും വിചാരണ സമയത്ത് ഉണ്ടാവുക. പോപ്പുലര്‍ ഫിനാന്‍സ് ക്രമക്കേട് കേസിലെ പ്രതി റോയി ഡാനിയേലിനെ മാവേലിക്കര സ്‌പെഷല്‍ സബ് ജയിലില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ഇന്നലെയും ചോദ്യം ചെയ്തു. തിങ്കളാഴ്ച നടന്ന ചോദ്യം ചെയ്യലിന്റെ തുടര്‍ച്ചയായിരുന്നു ഇന്നലെ.
ഇന്നലെ ഉദ്യോഗസ്ഥര്‍ റോയിഡാനിയേലിന്റെ ക്രയവിക്രയങ്ങളുടെ വിവരങ്ങളും, തിങ്കളാഴ്ച അയാളുടെ പേരിലുള്ള വസ്തുക്കള്‍, സ്ഥലങ്ങള്‍ തുടങ്ങിയവയുടെ വിവരങ്ങളും ശേഖരിച്ചു. 3 ഉദ്യോഗസ്ഥരാണ് കോടതിയുടെ പ്രത്യേക അനുമതിയോടെ റോയി ഡാനിയേലിനെ ചോദ്യം ചെയ്തത്. ജയില്‍ സൂപ്രണ്ടിന്റെ മുറി പ്രത്യേകം ക്രമീകരിച്ചായിരുന്നു നടപടികള്‍. ഇന്നലെ വൈകിട്ട് നാലരയോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി സംഘം മടങ്ങി. കേസില്‍ അറസ്റ്റിലായി തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്ന വനിതകളായ 2 പ്രതികളെ അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യും.
https://www.facebook.com/Malayalivartha



























