കാതോര്‍ത്ത് കേരളം... ലാവ് ലിന്‍ കേസില്‍ നിന്നും തലയൂരാന്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ വഴികള്‍ തെളിയുന്നു; പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ വഴിത്തിരിവായി മാറുന്ന ലാവ് ലിന്‍ കേസ് വിധിക്കായി ആകാംക്ഷയോടെ കേരളം

സി ബി ഐ കോടതിയുടെയും കേരള ഹൈക്കോടതിയുടെയും ഉത്തരവുകള്‍ പരിശോധിച്ച സുപ്രീം കോടതി ലാവ്‌ലിന്‍ കേസില്‍ കീഴ്‌കോടതി വിധി ശരിവയ്ക്കാന്‍ തന്നെയാണ് സാധ്യതയെന്ന് നിയമവിദഗ്ദര്‍. സുപ്രീം കോടതിയില്‍ വ്യാഴാഴ്ച നടന്ന നടപടി ക്രമങ്ങളില്‍ നിന്ന് ഇതാണ് മനസിലാക്കാന്‍ കഴിയുന്നത്. ഇത്തരത്തില്‍ സംഭവിക്കുകയാണെങ്കില്‍ പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ വഴിത്തിരിവായി തീരും. പ്രത്യേകിച്ച് സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായി മുഖ്യമന്ത്രിയുടെ ഇമേജിന് കോട്ടം തട്ടിയ സാഹചര്യത്തില്‍ .
ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെ ഉള്ളവരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിയില്‍ ഇടപെടണമെങ്കില്‍ സി ബി ഐ ശക്തമായ വസ്തുതകള്‍ നിരത്തണമെന്ന് സുപ്രീം കോടതി പറഞ്ഞതാണ് ഡി ബി ഐയെ പ്രതിസന്ധിയിലാക്കിയത്. കേസിന്റെ വസ്തുതകള്‍ അടങ്ങിയ സമഗ്രമായ നോട്ട് സമര്‍പ്പിക്കാന്‍ സി ബി ഐ യ്ക്ക് കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു. ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി 16 ലേക്ക് മാറ്റി. അന്ന് സുപ്രീം കോടതി പിണറായിക്ക് മേല്‍ അനുഗ്രഹം ചൊരിയുമോ എന്ന് കാത്തിരിക്കുകയാണ് കേരളം.
എസ് എന്‍ സി ലാവലിനുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് യു യു ലളിത് ശക്തമായ വസ്തുതകള്‍ നിരത്താന്‍ സി ബി ഐ യോട് നിര്‍ദേശിച്ചത്.
കേസില്‍ വിചാരണ കോടതിയും, ഹൈക്കോടതിയും ചിലരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രണ്ട് കോടതികള്‍ ഒരേ വിധി പ്രസ്താവിച്ച സാഹചര്യത്തില്‍ തങ്ങളുടെ ഇടപെല്‍ ഉണ്ടാകണമെങ്കില്‍ ശക്തമായ വസ്തുതകള്‍ വേണമെന്ന് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടി.
ശക്തമായ വസ്തുതകള്‍ കുറിപ്പായി എഴുതി നല്‍കാം എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. അതിന് സമയം ആവശ്യമാണെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഒരാഴ്ചത്തെ സമയം ആണ് അനുവദിച്ചിരിക്കുന്നത്.
പിണറായി വിജയന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ആണ് ഇന്ന് കോടതിയില്‍ ഹാജര്‍ ആയത്. സി ബി ഐ വാദങ്ങള്‍ക്ക് മറുപടി നല്‍കാം എന്ന് സാല്‍വെ വ്യക്തമാക്കി. ഹര്‍ജികളില്‍ അടിയന്തിരമായി തീരുമാനം വേണമെന്ന സി ബി ഐ യുടെ ആവശ്യം പരിഗണിച്ച് ആണ് അടുത്ത വെള്ളിയാഴ്ച്ച തന്നെ ഹര്‍ജികള്‍ വീണ്ടും പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്. വിശദമായി വാദം കേള്‍ക്കേണ്ടതിനാല്‍ വെള്ളിയാഴ്ച പരിഗണിക്കുന്ന അവസാനത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിരിക്കുന്നത്.
പിണറായി വിജയന്‍ ലാവ്‌ലിന്‍ ഇടപാടില്‍നിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയത് സിബിഐ പ്രത്യേക കോടതിയായിരുന്നു. ജില്ലാ ജഡ്ജിയായി വിരമിച്ച രഘുവാണ് കേസില്‍ വിധി പറഞ്ഞത്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത ന്യായാധിപന്‍ എന്നാണ് രഘു അറിയപ്പെട്ടുന്നത്. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ പോലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഉത്തരവാണ് അന്ന് സി ബി ഐ കോടതിയില്‍ നിന്നുണ്ടായത്.
പ്രസ്തുത വിധിയാണ് കേരള ഹൈക്കോടതി ശരിവച്ചത്. സിബിഐ പിണറായി വിജയനെ കുടുക്കാന്‍ ശ്രമിച്ചുവെന്ന ഗുരുതരമായ പരാമര്‍ശവും വിധി പ്രസ്താവിച്ച ജസ്റ്റിസ് പി.ഉബൈദ് നടത്തി. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയെങ്കിലും ലാവ്‌ലിന്‍ കേസ് തുടരുമെന്നും ഹൈക്കോടതി വ്യക്തമാക്കി. മുന്‍ അക്കൗണ്ട്‌സ് മെംബര്‍ കെ.ജി. രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ എം. കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും വിധിയിലുണ്ട്.
കേസുമായി ബന്ധപ്പെട്ട് പലര്‍ക്കും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അതു ശരിയല്ലെന്നും ഹൈ കോടതി നിരീക്ഷിച്ചിരുന്നു. 102 പേജുകളുള്ള വിധി മുഴുവന്‍ വായിച്ചു തീരാതെ വാര്‍ത്ത നല്‍കരുതെന്ന് വിധി പ്രസ്താവത്തിനു മുന്‍പ് ജഡ്ജി മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. വിധി പറയാന്‍ മാറ്റിയശേഷം ഊമക്കത്തുകള്‍ ലഭിച്ചതായും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.
സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ അപൂര്‍ണമാണെന്നു വ്യക്തമാക്കിയാണ് പിണറായി വിജയനടക്കം ഏഴു പേരെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. തുടര്‍ന്ന് റിവിഷന്‍ ഹര്‍ജിയുമായി സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.യു പി എ ഭരണകാലത്താണ് സി ബി ഐ അന്വേഷണം പൂര്‍ത്തിയാക്കിയത്. യു പി എ സര്‍ക്കാരുമായി ഇക്കാലയളവില്‍ പിണറായി നല്ല ബന്ധമാണ് സൂക്ഷിച്ചിരുന്നത്. അത് അന്വേഷണത്തെ സ്വാധീനിച്ചോ എന്ന കാര്യം വ്യക്തമല്ല.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാര്‍ ലാവ്‌ലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാര്‍ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.
വിചാരണപോലും നടത്താതെ പ്രതികളെ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി വിധി വസ്തുതകള്‍ ശരിയായി വിലയിരുത്താതെയാണെന്നും വിധി നിലനില്‍ക്കില്ലെന്നുമാണു സിബിഐയുടെ വാദം. ലാവ്‌ലിന്‍ ഇടപാടിന്റെ പല ഘട്ടങ്ങളിലും ഗൂഢാലോചന നടന്നതിനു തെളിവുണ്ട്. പ്രതികളില്‍ ആരൊക്കെ എന്തൊക്കെ പങ്കുവഹിച്ചു എന്നറിയാന്‍ വിചാരണ അനിവാര്യമാണെന്നുമാണു സിബിഐക്കു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചത്.
കുറ്റപത്രം നല്‍കുന്ന വേളയില്‍, മുന്നോട്ടുള്ള നടപടിക്കു വേണ്ട തെളിവുണ്ടോ എന്നു മാത്രമേ പരിശോധിക്കേണ്ടതുള്ളൂ എന്നും അതു ചെയ്യാതെ പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി നടപടി തെറ്റാണെന്നും സിബിഐക്കു വേണ്ടി അഡീ. സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.
എന്നാല്‍, ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയനു പങ്കുണ്ടെന്ന ആരോപണം തെളിയിക്കാനുള്ള വസ്തുതകള്‍ സിബിഐയുടെ കുറ്റപത്രത്തില്‍ ഇല്ലെന്നാണ് പിണറായിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. ഇടപാടില്‍ ആരും അനര്‍ഹമായ നേട്ടമുണ്ടാക്കാത്ത നിലയ്ക്കു ക്രമക്കേടില്ലെന്നും അഴിമതി നിരോധന നിയമം ബാധകമാവില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതാണ് സുപ്രീം കോടതിയും ശരിവയ്ക്കാന്‍ പോകുന്ന നിലപാട്.
കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കാണുന്ന നരേന്ദ്രമോദിക്ക് പിണറായി വിജയനെ ലാവ്‌ലിന്‍ കേസിന്റെ പേരില്‍ വളഞ്ഞിട്ട് ആക്രമിക്കാനൊന്നും താത്പര്യമില്ല. അതുകൊണ്ടുതന്നെ ലാവ്‌ലിന്‍ കേസില്‍ ഡി ബി ഐ നിലപാട് കടുപ്പിക്കാനൊന്നും സാധ്യതയില്ല.
https://www.facebook.com/Malayalivartha



























