ഹാരിസണ്‍സ് കമ്പനി തിരുവാഭരണപാത കൈയേറി ഇരുമ്പുഗേറ്റ് സ്ഥാപിച്ചു പൂട്ടി; നാട്ടുകാര്‍ പൊളിച്ചുമാറ്റി

തിരുവാഭരണപാത കൈയേറി ഹാരിസണ്‍സ് കമ്പനി ഇരുമ്പുഗേറ്റ് സ്ഥാപിച്ചു പൂട്ടി. നാട്ടുകാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ഗേറ്റ് മാറ്റാന്‍ തയാറായെങ്കിലും തോട്ടത്തിലൂടെ കടന്നുപോകുന്ന മൂന്നു കിലോമീറ്ററില്‍ അധികം വരുന്ന പാതയുടെ പാതിയോളം കൈവശപ്പെടുത്തിയിരിക്കുകയാണ് ഹാരിസണ്‍. ഇതു സംബന്ധിച്ച് റവന്യൂ വകുപ്പില്‍ പരാതി സമര്‍പ്പിച്ചിട്ടും അധികൃതര്‍ക്കു മൗനം.
കഴിഞ്ഞ ദിവസം ഹാരിസണ്‍ ഗേറ്റ് സ്ഥാപിച്ചത് പത്തനംതിട്ട റാന്നി താലൂക്കിലെ പെരുനാട് വില്ലേജില്‍പ്പെട്ട ളാഹത്തോട്ടത്തിലൂടെ കടന്നുപോകുന്ന തിരുവാഭരണ പാതയയിലാണ്. 3005 മീറ്റര്‍ നീളവും എട്ടുമീറ്റര്‍ വീതിയുമുള്ള പാതയുടെ ഇരുവശങ്ങളിലുമായി മൂന്നുമീറ്റര്‍ പാതയാണു ഹാരിസണ്‍സ് കൈവശപ്പെടുത്തിയിരിക്കുന്നത്. പാതയ്ക്ക് അഞ്ചുമീറ്റര്‍ വീതി മാത്രമെ ഉള്ളൂവെന്നാണു കമ്പനിയുടെ വാദം.
തിരുവാഭരണ പാതയ്ക്കായി പന്തളം കൊട്ടാരം മുതല്‍ ശബരിമല സന്നിധാനം വരെ പ്രത്യേകം സ്ഥലം റവന്യൂ വകുപ്പ് അളന്നു തിട്ടപ്പെടുത്തിയിട്ടുണ്ട്. എട്ടുമീറ്ററാണ് വീതി നിശ്ചയിച്ചിട്ടുള്ളത്. ശബരിമല പാതയില്‍ ളാഹയ്ക്ക് സമീപം പുതുക്കട, വയറന്‍മരുതി, തേവര്‍വേലില്‍ സ്‌കൂളിന് സമീപത്തു നിന്നാണ് പാത എസ്റ്റേറ്റിലേക്ക് കടക്കുന്നത്. ഇരുമ്പുട്ടാന്‍തോടുവഴി ളാഹ ആശുപത്രിക്കു സമീപം മുത്താരമ്മന്‍ കോവില്‍ എത്തുന്ന വിധമാണ് തിരുവാഭരണപാത കടന്നുപോകുന്നത്.
ഈ പാതയില്‍ ഹാരിസണ്‍സ് ആധിപത്യം ഉറപ്പിച്ചിട്ട് കാലങ്ങളായി. പാത പൂര്‍ണമായും വിട്ടുകൊടുക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും തയാറായിട്ടില്ല. ബ്രിട്ടീഷ് കമ്പനിയായ റബര്‍ പ്രഡ്യൂസിംഗ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്, താമരപ്പള്ളില്‍ കൊച്ചുതൊമ്മന്‍ കുരുവിളയില്‍നിന്നും 1910-ല്‍ 99 വര്‍ഷത്തേക്ക് പാട്ടത്തിനു വാങ്ങിയതാണ് 1,340 ഏക്കര്‍ വരുന്ന ളാഹത്തോട്ടത്തിന്റെ പ്രധാന ഭാഗം. തുടര്‍ന്ന് പെരുനാട് വില്ലേജിലെ ഇളയ തമ്പുരാട്ടിക്കാവ് ദേവസ്വം സ്ഥലവും സ്ഥലവാസികളുടെ 850 എക്കറും ബ്രിട്ടീഷ് കമ്പനി പാട്ടത്തിന് വാങ്ങി.
ഇളയതമ്പുരാട്ടിക്കാവ് ക്ഷേത്രം ശബരിമല അയ്യപ്പന്മാരുടെ ഇടത്താവളം കൂടിയാണ്. വനം വകുപ്പിന്റെ ഒത്താശയോടെയാണ് ബ്രിട്ടീഷ് കമ്പനി ഈ സ്ഥലം സ്വന്തമാക്കിയത്. പിന്നീട് റബര്‍ പ്രഡ്യൂസിംഗ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് മലയാളം പ്ലാന്റേഷന്‍ (യു.കെ) ലിമിറ്റഡായി മാറി. ഒടുവില്‍ ഹാരിസണ്‍സിന്റെ ഉടമസ്ഥതയില്‍ പാട്ടഭൂമി എത്തിച്ചേരുകയും ചെയ്തു.
കൈയേറ്റങ്ങള്‍ എല്ലാം ഒഴിപ്പിക്കണമെന്നാണ് ഔദ്യോഗിക തലത്തില്‍ എടുത്ത തീരുമാനമെങ്കിലും റവന്യു വകുപ്പ് അതിന് തയാറാകുന്നില്ല. ആകെ 495 കൈയേറ്റങ്ങളാണ് തിരുവാഭരണ പാതയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനു പുറമെ 127 കൈയേറ്റങ്ങള്‍കൂടി ഉണ്ടെന്ന് വിവിധ ഹൈന്ദവ സംഘടനകള്‍ പറയുന്നു. കൈയേറ്റക്കാര്‍ സ്വയമേവ ചില പ്രദേശങ്ങള്‍ ഒഴിഞ്ഞു കൊടുത്തെങ്കിലും അത് തിരുവാഭരണപാതയോടു ചേര്‍ത്ത് റെഗുലറൈസ് ചെയ്യാനും അധികൃതര്‍ മടിക്കുന്നു.
ഹാരിസണ്‍സിനെ പോലെയുള്ള വന്‍കിട കൈയേറ്റക്കാര്‍ റവന്യു വകുപ്പില്‍ ചെലുത്തുന്ന സ്വാധീനമാണ് ഇതിനു കാരണമെന്നറിയുന്നു. 95% കൈയേറ്റവും ഒഴിപ്പിച്ചു എന്നാണ് ജില്ലാ ഭരണകൂടം കോടതിയില്‍ പറഞ്ഞത്. ഇതനുസരിച്ച് ഒഴിപ്പിച്ച സ്ഥലത്തിന്റെ അവകാശം അതതു പഞ്ചായത്തുകള്‍ക്കാണ്. ജില്ലാ ഭരണകൂടത്തിന്റെ ധാരണ അനുസരിച്ച് വര്‍ഷം തോറും തിരുവാഭരണ പാത അറ്റകുറ്റപ്പണിക്കായും മറ്റും പഞ്ചായത്തിന് പണം നല്‍കുന്നുണ്ട്. ഈ പണം പഞ്ചായത്തുകള്‍ വക മാറ്റി ചെലവഴിക്കുന്നുവെന്ന പരാതിയും നിലനില്‍ക്കുന്നു.
https://www.facebook.com/Malayalivartha



























