വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡില്‍ റെയ്ഡ്; കോടികളുടെ വെട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പിടിച്ചെടുത്തു

കേന്ദ്ര വിജിലന്‍സ്, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോട്ടയം വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡില്‍(എച്ച്.എന്‍.എല്‍.) നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ തെളിയിക്കുന്ന നിരവധി ഫയലുകള്‍ പിടിച്ചെടുത്തു. കമ്പനി എം.ഡി. ഗോപാല റാവു നടത്തിയ കോടികളുടെ വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
കമ്പനിയുടെ സാങ്കേതികകാര്യങ്ങള്‍ പരിശോധിക്കാന്‍ ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ് ലിമിറ്റഡിലെ ചീഫ് വിജിലന്‍സ് ഓഫീസറെ കൂടി ഉള്‍പ്പെടുത്തിയ വിജിലന്‍സ് സംഘം നടത്തിയ റെയ്ഡില്‍ നിയമവിരുദ്ധ ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി ഫയലുകള്‍ വിജിലന്‍സ് സംഘം പിടിച്ചെടുത്തു.
മാനേജിങ് ഡയറക്ടറായ ഗോപാല റാവു ആസൂത്രിത നീക്കത്തിലൂടെ മിനി നവരത്ന പദവിയുള്ള ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് കമ്പനിയെ അടച്ചു പൂട്ടിക്കാന്‍ നീക്കം നടത്തിയെന്നായിരുന്നു ആരോപണം. സ്വകാര്യ മേഖലക്കു വേണ്ടിയാണ് റാവുവിന്റെ ഇടപെടലുകളെന്നും കോടികളുടെ അഴിമതി ഇടപാടുകള്‍ നടന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.
പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നടപടിയുടെ ഭാഗമായി പാലക്കാട് കഞ്ചിക്കോടുള്ള ഇന്‍സ്ട്രമെന്റെഷന്‍ ലിമിറ്റഡ് സി.എം.ഡി. സ്ഥാനത്തുനിന്ന് ഗോപാല റാവുവിനെ പുറത്താക്കിയിരുന്നു. മധ്യപ്രദേശിലെ വന്‍ പത്രക്കടലാസ് നിര്‍മാണശാലയായ നേപയുടെ സി.എം.ഡി. ആക്കാനുള്ള കേന്ദ്ര ഘന വ്യവസായ വകുപ്പിന്റെ തീരുമാനവും റദ്ദാക്കിയിരുന്നു.
2016-ല്‍ ഗോപാല റാവു മാനേജിങ് ഡയറക്ടറായശേഷം നടപ്പാക്കിയ എട്ടിന പരിപാടിയാണ്, ലാഭത്തിലായിരുന്ന എച്ച്.എന്‍.എല്ലിനെ പൂട്ടിക്കെട്ടിയതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. കമ്പനിയെ ആശ്രയിച്ചു പോന്ന ദക്ഷിണേന്ത്യയിലെ മാധ്യമ സ്ഥാപനങ്ങളും ആയിരക്കണക്കിന് തൊഴിലാളികളുമാണ് ഇതോടെ പ്രതിസന്ധിയിലായത്.
ഗോപാലറാവുവും എച്ച്.എന്‍.എല്‍ കമ്പനിയിലെ തൊഴിലാളികൂടിയായ ഒരു പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും ചേര്‍ന്നായിരുന്നു എച്ച്.എന്‍.എല്ലിന്റെ തകര്‍ച്ചയ്ക്കു ചുക്കാന്‍ പിടിച്ചത്. കേവലം ഐ.ടി.ഐ വെല്‍ഡര്‍ സര്‍ട്ടിഫിക്കറ്റ് മാത്രം സാങ്കേതിക യോഗ്യതയായുള്ള ഗോപാല റാവു ചുമതലയേറ്റെടുക്കുമ്പോള്‍ മൂന്നുമാസത്തേക്ക് ഉത്പാദനം നടത്താന്‍ ആവശ്യമായ 30 കോടി രൂപ വിലമതിക്കുന്ന അസംസ്‌കൃത വസ്തുക്കളും, 25 കോടി മൂല്യമുള്ള ഉത്പന്നങ്ങളും, വിവിധ ഉപഭോക്താക്കളില്‍നിന്നു കിട്ടേണ്ട 25 കോടി ഉത്പന്ന വിലയും കൂടി ഏതാണ്ട് 80 കോടി രൂപ വിലമതിക്കുന്ന പ്രവര്‍ത്തന മൂലധനം കരുതലായുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ബാധ്യത 500 കോടിയാണ്. ബാധ്യത തീര്‍ക്കാതിരുന്നതിനാല്‍ കമ്പനി നാഷണല്‍ ലോ ട്രിബ്യൂണലില്‍ എത്തിയിരിക്കുകയാണ്.
എച്ച്.എന്‍. എല്‍ ജീവനക്കാര്‍ക്ക് രണ്ടു വര്‍ഷമായി ശമ്പളം പോലും ലഭിക്കുന്നില്ല. വന്‍ ലാഭത്തിലായിരുന്ന കമ്പനിയെ നഷ്ടത്തിലാക്കിയ മാനേജിങ് ഡയറക്ടറെ നീക്കണമെന്നാവശ്യപ്പെട്ട് രണ്ടു വര്‍ഷമായി ശമ്പളം പോലുമില്ലാതെ കഴിയുന്ന നൂറുകണക്കിനു ജീവനക്കാര്‍ പ്രധാനമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha



























