സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി, രണ്ടില്‍ കൂടുതല്‍ തവണ മത്സരിച്ചു ജയിച്ചവര്‍ ഇക്കുറി ജനവിധി തേടേണ്ടെന്ന് സി.പി.എം. സര്‍ക്കുലര്‍

ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും സ്ഥാനാര്‍ഥി നിര്‍ണയവുമായി സി.പി.എം. രംഗത്ത്. നേരത്തേ സീറ്റുനിശ്ചയിക്കപ്പെട്ട പ്രാദേശിക നേതാക്കള്‍ പലയിടത്തും സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായതോടെ പുറത്തായി. ഇതേ തുടര്‍ന്നാണ് അനുയോജ്യമായ സ്ഥാനാര്‍ഥികള്‍ക്കായുള്ള അന്വേഷണം.
ഗ്രാമ, ബ്ലോക്ക്, ജില്ല, നഗരസഭ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായത്. വനിതാ സ്ഥാനാര്‍ത്ഥികളെ ആദ്യമേ കണ്ടെത്തി രംഗത്തിറക്കുകയാണ്. പട്ടിക വിഭാഗ സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിലും സി.പി.എം. നടപടികള്‍ പൂര്‍ത്തിയാക്കി. തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ പദവികളിലേക്ക് കൂടി സംവരണ നറുക്കെടുപ്പ് വരാനുണ്ട്. പ്രമുഖ നേതാക്കള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ മത്സരിക്കുന്ന കാര്യം അതുകഴിഞ്ഞേ തീരുമാനിക്കു.
പുതുമുഖങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളും സി.പി.എം നടത്തുന്നുണ്ട്. ഇതിനായി കീഴ്ഘടകങ്ങള്‍ക്ക് പ്രത്യേക മാര്‍ഗ രേഖ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ജനപ്രതിനിധികളായി തുടരുന്ന പലരും വീണ്ടും മത്സരത്തിനുള്ള ചരടുവലി നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ലോക്കല്‍, ഏരിയാ സെക്രട്ടറിമാര്‍ മത്സരരംഗത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും സംസ്ഥാന കമ്മിറ്റിയിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഏതെങ്കിലും തദ്ദേശ സ്വയം ഭരണ സ്ഥാപന ഭരണം നിലനിര്‍ത്തുവാനോ പിടിച്ചെടുക്കാനോ അത്യാവശ്യമാണെങ്കിലേ ഇവര്‍ മത്സരിക്കാവൂ. അതിനും ജില്ലാകമ്മിറ്റിയുടെ അനുമതി വേണം. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രധാന്യം നല്‍കണം. രണ്ടില്‍ കൂടുതല്‍ തവണ മത്സരിച്ചു ജയിച്ചവര്‍ ഇക്കുറി ജനവിധി തേടേണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു.
നേരത്തേ സി.പി.എം നടത്തിയ ഗൃഹസന്ദര്‍ശനത്തിനിടയില്‍ ജനങ്ങളുയര്‍ത്തിയ പരാതികളും ആവശ്യങ്ങളും പരിഗണിച്ചാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നത്. പ്രാദേശിക പ്രശ്നങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ അവഗണിക്കുന്നുവെന്ന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. പഞ്ചായത്തുകളുടെ സ്ഥാനാര്‍ഥി പട്ടിക അതത് ഏരിയാകമ്മിറ്റിയും കോര്‍പറേഷന്‍, നഗരസഭാ സ്ഥാനാര്‍ഥികളുടെ പട്ടിക ജില്ലാകമ്മിറ്റിയുമാണ് അംഗീകരിക്കുക.
https://www.facebook.com/Malayalivartha



























