കഴക്കൂട്ടം എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ കൈയ്യില്‍ കിട്ടിയ പൊതി കഞ്ചാവ് ആണെന്ന് കരുതി വലിച്ചെറിഞ്ഞപ്പോള്‍ ഉഗ്ര സ്‌ഫോടനം; തലനാരിഴയ്ക്കുള്ള രക്ഷപ്പെടല്‍...

കല്ലിംഗല്‍ ഭാഗത്ത് ചാരായ വാറ്റും വില്‍പനയും നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കഴക്കൂട്ടം എക്‌സൈസ് ഇന്നലെ രാവിലെ 11.30 മണിയോടെ സ്ഥലത്ത് പരിശോധന നടത്തി. അതീവ സുരക്ഷാ മേഖലയായ ടെക്‌നോപാര്‍ക്ക് ഫെയ്‌സ് ത്രീയുടെ ഒഴിഞ്ഞ ഭൂമിയില്‍ എക്‌സൈസ് സംഘം ചാരായ റെയ്ഡ് നടത്തുമ്പോള്‍ കണ്ടെടുത്ത നാടന്‍ ബോബ് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
കുപ്പിച്ചില്ലുകള്‍, ആണികള്‍ ,ബ്ലെയ്ഡിന്റെ കഷ്ണങ്ങള്‍ എന്നിവ ചിതറി തെറിച്ചെങ്കിലും ആര്‍ക്കും പരുക്കില്ല. പാര്‍ക്കിന്റെ വികസനത്തിനായി ഏറ്റെടുത്ത കല്ലിംഗല്‍ കുഴമുട്ടം ദേവീക്ഷേത്രത്തിനു സമീപത്താണ് ഇന്നലെ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചത്.
80 ലീറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും, പാര്‍ക്കിന്റെ കെട്ടിട നിര്‍മാണത്തിന് കരാറെടുത്തിരുന്ന കമ്പനി അവരുടെ ഓഫിസായി നേരത്തെ ഉപയോഗിച്ചിരുന്ന കണ്ടെയ്‌നര്‍ പരിശോധിക്കുമ്പോള്‍ കണ്ടെടുത്തു. തുടര്‍ന്ന് കണ്ടെയ്‌നറിനടുത്തു നിന്ന് 100 മീറ്റര്‍ മാറി പ്ലാസ്റ്റിക് കൊണ്ട് ചുറ്റിക്കെട്ടിയ ഒരു പൊതി കണ്ടെത്തുകയായിരുന്നു. കഞ്ചാവ് ആണെന്ന് കരുതി എക്‌സൈസ് സംഘം പിന്നീട് പൊതി അഴിക്കാനായി നീക്കിയിട്ടപ്പോളാണ് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. സംഘം ഓടി മാറിയതിനാല്‍ ആര്‍ക്കും പരുക്കില്ല.
എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാരായ സന്തോഷ്‌കുമാര്‍, രതീശന്‍ ചെട്ടിയാര്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ മണികണ്ഠന്‍ നായര്‍, ശിവന്‍, വിഷ്ണു,അരുണ്‍,വിനോജ് ഖാന്‍ തുടങ്ങിയവരാണ് റെയ്ഡിന് എത്തിയത്. എക്‌സൈസ് വിഭാഗം പരാതി നല്‍കിയതിനെ തുടര്‍ന്ന് കഴക്കൂട്ടം അസി. കമ്മിഷണര്‍ ആര്‍. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലം പരിശോധിച്ചു.
https://www.facebook.com/Malayalivartha



























