തിരുവനന്തപുരം - കാസര്‍കോട് സില്‍വര്‍ലൈന്‍ വേഗപാതയ്ക്കായുള്ള ആകാശ സര്‍വേ രണ്ടാഴ്ചയ്ക്കുള്ളില്‍ തുടങ്ങും

കെ-റെയിലിനായി (തിരുവനന്തപുരം കാസര്‍കോട് സില്‍വര്‍ലൈന്‍ വേഗപാതയ്ക്കായി) മൂടാടി മുതല്‍ കണ്ണൂര്‍ ജില്ലയിലെ ചാല വരെയുള്ള ആകാശ സര്‍വേ നടത്താനുള്ള നടപടികള്‍ തുടങ്ങി. ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേ നടത്തേണ്ട സ്ഥലങ്ങളില്‍ അടയാളങ്ങള്‍ സ്ഥാപിക്കുന്ന ജോലികളാണ് ആരംഭിച്ചത്. കോണ്‍ക്രീറ്റ് തൂണുകള്‍ ഉപയോഗിച്ചാണ്് അടയാളങ്ങള്‍ സ്ഥാപിക്കുന്നത്.
ഈ പ്രവര്‍ത്തനങ്ങള്‍ 10 ദിവസം കൊണ്ടു പൂര്‍ത്തിയാകുമെന്നും ശേഷം ആകാശ സര്‍വേ നടത്തുമെന്നും കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. ചെന്നൈ ആസ്ഥാനമായ ഗ്രിഡ് ലൈന്‍ എന്ന സ്ഥാപനമാണ് ആകാശ സര്‍വേ നടത്തുക.
ഇതിനിടെ കഴിഞ്ഞ ദിവസം കൊയിലാണ്ടി നന്തി മേഖലയില്‍ സര്‍വേ നടത്തേണ്ട പ്രദേശത്ത് അടയാളം സ്ഥാപിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. പഞ്ചായത്ത്, റവന്യു വകുപ്പ് ഉദ്യോഗസ്ഥരോ കെറെയില്‍ അധികൃതരോ ഒപ്പമില്ലാതെ 3 അതിഥിത്തൊഴിലാളികള്‍ ചേര്‍ന്നു തൂണുകള്‍ സ്ഥാപിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണു നാട്ടുകാര്‍ തടഞ്ഞത്. കൊയിലാണ്ടി ആനക്കുളത്തിനടുത്ത് റെയില്‍പാതയ്ക്കു സമീപവും നന്തി മേല്‍പാലത്തിനു സമീപവും തിക്കോടി നാരങ്ങോളിക്കുളത്തുമാണു കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കുന്നത് ആക്ഷന്‍ കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തില്‍ തടഞ്ഞത്.
എന്നാല്‍, നിര്‍ദിഷ്ട വേഗ റെയില്‍പാത കടന്നുപോകുന്ന സ്ഥലത്തല്ല കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കുന്നതെന്നും ആകാശ സര്‍വേ നടത്തുമ്പോള്‍ അടയാളം കാണുന്നതിനു വേണ്ടി മാത്രമാണെന്നും കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ അറിയിച്ചു. ഇതു പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കും. ആകാശ സര്‍വേ പൂര്‍ത്തിയായതിനു ശേഷം സര്‍വേ റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ച് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഭരണാനുമതി ലഭിക്കണം.
ഇതിനു ശേഷം ജില്ലാ ഭരണകൂടത്തിന്, ഏറ്റെടുക്കേണ്ട സ്ഥലങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കലക്ടറുടെ നേതൃത്വത്തിലാണ് പദ്ധതിയുടെ സാമൂഹികാഘാത പഠനം നടത്തുക. ഈ റിപ്പോര്‍ട്ട് അനുകൂലമായാല്‍ മാത്രമേ സ്ഥലം ഏറ്റെടുക്കല്‍ ആരംഭിക്കൂ. ട്രോപ്പിക്കല്‍ സര്‍വേ നടത്തുന്നത് ഒഴികെയുള്ള ഭാഗത്തെ സ്ഥലം എറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നേരത്തേ സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























