അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ച നിലയിൽ ട്രാൻസ്ജെൻഡർ സജ്ന ഷാജി! ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ

അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ച നിലയിൽ ട്രാൻസ്ജെൻഡർ സജ്ന ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഐ സി യുവിൽ നിരീക്ഷണത്തിലാണ്. ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വഴിയോര കച്ചവടത്തിലെ തർക്കവുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ആക്രമണം നടന്നിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം സജ്നയുടേതെന്ന പേരിൽ ചില ഓഡിയോ ക്ലിപ്പിങ്ങുകൾ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ചിലര്‍ ഇവരെ ആക്ഷേപിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു. വിവാദങ്ങളില്‍ മനംനൊന്താണ് ജീവനൊടുക്കാനുള്ള ശ്രമമുണ്ടായതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. നിലവിൽ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണിവർ.
കോട്ടയം സ്വദേശിയായ സജ്ന ഷാജി 13 വർഷം മുൻപാണ് കൊച്ചിയിലെത്തിയത്. മൂന്ന് മാസം മുൻപാണ് തൃപ്പുണിത്തുറ ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടം തുടങ്ങിയത്. കൊറോണക്കാലത്ത് ജോലി നഷ്ടപ്പെട്ടപ്പോൾ അതിജീവിക്കാനായി കുടുക്കയിൽ സൂക്ഷിച്ച രൂപയും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് മാറ്റിവച്ച പണവും ചേർത്താണ് സജ്ന എറണാകുളത്ത് ബിരിയാണിക്കച്ചവടം തുടങ്ങിയത്. കൊറോണക്കാലത്ത് ജോലി നഷ്ടപ്പെട്ട സജ്ന മൂന്നു പേർക്ക് ജോലി നൽകുകയും വൈകുന്നേരങ്ങളിൽ തെരുവിൽ ജീവിക്കുന്ന കുറച്ചുപേരുടെ വിശപ്പടക്കുകയും ചെയ്തു വന്നിരുന്നു.
അതിനിടയിലാണ് സജ്നയെ ഒരു കൂട്ടമാളുകൾ തടയുന്നതും ഭീഷണിപ്പെടുത്തുന്നതും. തുടർന്ന് ഒരു നിവൃത്തിയുമില്ലാതെ വന്നപ്പോൾ സജ്ന പൊട്ടിക്കരഞ്ഞുകൊണ്ട് ഫെയ്സ്ബുക്ക് ലെെവിൽ വന്നു. ഈ വിഷയം മാധ്യമങ്ങളും ഏറ്റെടുത്തതോടെ സജ്നയ്ക്ക് പിന്തുണയുമായി ഒട്ടനവധിപേർ രംഗത്ത് വന്നു. അതിനിടെയാണ് സജ്നയുടെ ദുരിതം വാർത്തകളിലൂടെ അറിഞ്ഞ ജയസൂര്യ ബിരിയാണിക്കട തുടങ്ങാൻ സാമ്പത്തികസഹായം നൽകുമെന്ന് അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ജയസൂര്യ സജ്നയെ സഹായിക്കുമെന്ന വാർത്ത പുറത്ത് വന്നത്. തൊട്ടു പിന്നാലെ എത്തിയ ഈ ആത്മഹത്യാ ശ്രമം സോഷ്യൽമീഡിയയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha