തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ്: കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

കേരള സര്‍ക്കാരും മറ്റും തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനു കൈമാറിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. 27 ഏക്കര്‍ ഭൂമി വിമാനത്താവളത്തിന് നല്‍കിയെന്ന കാരണത്താല്‍ സര്‍ക്കാരിനു ടെന്‍ഡര്‍ നടപടിയില്‍ പ്രത്യേക പരിഗണന അവകാശപ്പെടാനാവില്ലെന്നു ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കെഎസ്‌ഐഡിസി), വിമാനത്താവള ജീവനക്കാരുടെ സംഘടനകള്‍ തുടങ്ങിയവരുടേതടക്കമുള്ള ഹര്‍ജികളില്‍ സ്വകാര്യവല്‍ക്കരണമാണു ചോദ്യം ചെയ്തതെന്നും അത് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും കോടതി പറഞ്ഞു. സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റി നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇതു ചോദ്യം ചെയ്തിട്ടില്ല. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ നയത്തില്‍ ഇടപെടുന്നത് ബുദ്ധിമുട്ടാണെന്നും കോടതി അഭിപ്രായപ്പെട്ടു. 8 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
അദാനി എന്റര്‍പ്രൈസസിനെ മുന്നില്‍ക്കണ്ട് തയാറാക്കിയതാണ് ലേല വ്യവസ്ഥകള്‍ എന്ന വാദം കോടതി തള്ളി. രാജ്യാന്തര ടെന്‍ഡറാണ് വിളിച്ചത്. നടത്തിപ്പില്‍ മുന്‍പരിചയമുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്താതിരുന്നതിലും തെറ്റ് കാണാനാവില്ല. അങ്ങനെയെങ്കില്‍, ചില സ്ഥാപനങ്ങള്‍ക്കു മാത്രമുള്ള ടെന്‍ഡറായി ചുരുങ്ങുമായിരുന്നുവെന്ന് കോടതി വ്യക്തമാക്കി.
കേരളത്തിനു മുന്‍ഗണന നല്‍കണമെന്ന 'റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസല്‍' വ്യവസ്ഥ ഉള്‍പ്പെടെയുള്ള 'റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍' ആയിരുന്നു എയര്‍പോര്‍ട്ട് അതോറിറ്റിയുടേത്. മറ്റുള്ളവരെക്കാള്‍ മുന്‍ഗണന ലഭിച്ച ലേലനടപടികളില്‍ പങ്കെടുത്തു പരാജയപ്പെട്ടപ്പോള്‍ ഉടന്‍തന്നെ സര്‍ക്കാരും കെഎസ്‌ഐഡിസിയും അതേ റിക്വസ്റ്റ് ഫോര്‍ പ്രോപ്പോസലിനെതിരെ തിരിയുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സംസ്ഥാന സര്‍ക്കാരും സര്‍ക്കാര്‍ നോമിനിയായ കെഎസ്‌ഐഡിസിയും നല്‍കിയ ഹര്‍ജി 'കിട്ടാത്ത മുന്തിരി പുളിക്കുമെന്ന' പഴഞ്ചൊല്ലിന് ഉത്തമ ഉദാഹരണമാണെന്ന് അഭിപ്രായപ്പെട്ടു.
പ്രതികൂല വിധി വന്നതുകൊണ്ടു സര്‍ക്കാര്‍ ഒന്നും അവസാനിപ്പിക്കുന്നില്ല. വിധി പഠിച്ച ശേഷം നിയമവിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























