അപാരം ആ ബുദ്ധി... കോടതി ഇടപെടല്‍ ഉണ്ടാകാതിരിക്കാന്‍ വെള്ളിയാഴ്ച പൊക്കിയ ശിവശങ്കര്‍ മുങ്ങിയത് ആ വെള്ളിയാഴ്ച കണ്ടു തന്നെ; ഒരു വെള്ളിയാഴ്ച കൊണ്ട് എല്ലാം അവസാനിക്കില്ലെന്നുറപ്പിച്ച് അടുത്ത വെള്ളിയാഴ്ചയ്ക്കായി കാത്തിരുന്ന് കസ്റ്റംസ്; ഇനി വരുന്നത് മഹാനവമിയും നല്ല ഞായറും വിജയ ദശമിയും

കോടതി ഇടപെടല്‍ ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ മുന്‍ സെക്രട്ടറി എം. ശിവശങ്കറിനെ കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്യാനായി പൊക്കിയത്. എന്നാല്‍ ശിവശങ്കര്‍ ആ വെള്ളിയാഴ്ച മനസില്‍ കണ്ടാണ് ഭാര്യയുടെ ആശുപത്രി ഐസിയുവിലായത്. ഒരു വെള്ളിയാഴ്ച കൊണ്ട് എല്ലാം തീരില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് കസ്റ്റംസ് നിലപാട്. അവര്‍ കാത്തിരിക്കുന്നത് അടുത്ത വെള്ളിയാഴ്ചയ്ക്കാണ്. അടുത്ത വെള്ളിയാഴ്ചയ്ക്ക് ഏറെ പ്രത്യേകതയുണ്ട്. തുടര്‍ച്ചയായി 3 ദിവസം അവധിയാണ്. ശനിയാഴ്ച ദുര്‍ഗാഷ്ടമി, ഞായറാഴ്ച പൊതു അവധി, തിങ്കളാഴ്ച വിജയ ദശമി.
തിന്മയുടെമേല്‍ നന്മയുടെ വിജയം നേടിയ ദുര്‍ഗാഷ്ടമി നാളില്‍ തന്നെ ശിവശങ്കറിനെ അകത്തിടാനാണ് കസ്റ്റംസ് നീക്കം നടത്തുന്നത്. ശരത്കാലത്തെ ആദ്യത്തെ അഷ്ടമിയാണ് ദുര്‍ഗാഷ്ടമി. ദേവി ദുര്‍ഗയായി അവതരിച്ച ദിവസമായതുകൊണ്ടാണ് ഈ ദിവസം ദുര്‍ഗാപൂജ നടത്തുന്നത്. തിന്മയെ ജയിച്ച് നന്മ നേടാന്‍ വേണ്ട ശക്തി ലഭിക്കുന്നതിനുള്ള അനുഷ്ഠാനമായ നവരാത്രിപൂജയിലെ എട്ടാമത്തെ ദിനമാണിത്. ശ്രീരാമന്‍ രാവണനെ നിഗ്രഹിക്കുന്നതിന് ദുര്‍ഗാദേവിയുടെ അനുഗ്രഹം വാങ്ങി യാത്ര തിരിച്ചത് ആ ദിവസം ആയതിനാലാണ് ദുര്‍ഗാഷ്ടമി എന്ന പേരില്‍ ഈ ദിവസം പ്രസിദ്ധമായത് എന്നൊരു ഐതിഹ്യം നിലവിലുണ്ട്.
നവരാത്രികാലത്താണ് ഈ അനുഷ്ഠാനപൂജ നടത്തുന്നത്. ആശ്വിനമാസത്തിലെ പ്രതിപദം മുതല്‍ മഹാനവമി വരെയുള്ള ഒന്‍പത് ദിവസങ്ങളിലാണ് നവരാത്രി ആഘോഷം. പത്താം ദിവസമായ വിജയദശമി ദിനത്തില്‍ രാവിലെ പൂജ തുടങ്ങുകയും കുട്ടികളെ വിദ്യാരംഭത്തിന് ഇരുത്തുകയും ചെയ്യുന്നു. വിദ്യാരംഭത്തിന് വിശേഷദിവസമാണ് വിജയദശമി. ദുര്‍ഗാഷ്ടമി, മഹാനവമി എന്നീ ദിവസങ്ങളില്‍ ഗ്രന്ഥങ്ങളും ആയുധങ്ങളും പൂജവയ്ക്കുകയും സരസ്വതീപൂജയോടനുബന്ധമായി ആയുധപൂജ നടത്തുകയും ചെയ്തുവരുന്നു. മഹിഷാസുരമര്‍ദിനി ആയ ദുര്‍ഗയും വിദ്യാദേവതയായ സരസ്വതിയും ഒരേ ദേവിയുടെതന്നെ മൂര്‍ത്തിഭേദങ്ങളാണ്. ആയുധ പൂജ നടത്തി വിദ്യാരംഭത്തിന് തുടക്കം കുറിക്കാനിരിക്കുകയാണ് കസ്റ്റംസ്.
ആയുധ പൂജയ്ക്കായുള്ള ആയുധങ്ങള്‍ കസ്റ്റംസ് പുറത്തെടുത്ത് കഴിഞ്ഞു. അതിന്റെ ഭാഗമായാണ് അസുഖം അഭിനയിക്കാന്‍ എം. ശിവശങ്കര്‍ തയാറെടുപ്പു നടത്തിയതായി കസ്റ്റംസ് ഹൈക്കോടതിയില്‍ പറഞ്ഞത്. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു നല്‍കിയ സത്യവാങ്മൂലത്തിലാണ് ആരോപണം. ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ അടിയന്തര ചികിത്സ തേടി കസ്റ്റംസ് ചോദ്യം ചെയ്യുന്നത് ഒഴിവാക്കാന്‍ ശ്രമിച്ചു. എന്നാല്‍ അസുഖം വ്യാജമായിരുന്നെന്ന്, പുറംവേദനയ്ക്കു വേദനസംഹാരി മതിയെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായത്തില്‍ നിന്നു മനസ്സിലാക്കാം.
സാമ്പത്തിക കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നു തിരിച്ചറിഞ്ഞ പരാതിക്കാരന്‍ കൊച്ചിയില്‍ നിന്നു പോകുന്നതിനു മുന്‍പു 14നു തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കുള്ള വക്കാലത്തില്‍ ഒപ്പിട്ടു. എന്നാല്‍ ഇതില്‍ സ്ഥലം കാണിച്ചിട്ടില്ല. ഇതു സൂചിപ്പിക്കുന്നത് അസുഖം നടിക്കാന്‍ എല്ലാ തയാറെടുപ്പും നടത്തിയെന്നാണ്. നിയമത്തില്‍ നിന്നു രക്ഷ നേടാനും ചോദ്യം ചെയ്യല്‍ ഒഴിവാക്കാനും ശ്രമിച്ചയാള്‍ക്കു ജാമ്യം നല്‍കരുതെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.
കസ്റ്റംസ് നിയമം 108 പ്രകാരം നോട്ടിസ് ലഭിക്കുന്നയാള്‍ക്കു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാവില്ലെന്ന് എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും കസ്റ്റംസിനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ജാമ്യാപേക്ഷയില്‍ 23നു വിശദവാദം നടക്കും. ഈ 23 വെള്ളിയാഴ്ചയാണ്. കോടതി ജാമ്യം നിഷേധിച്ചാല്‍ വെള്ളിയാഴ്ച തന്നെ ശിവശങ്കറിനെ പൊക്കും. മറ്റ് കോടതികളില്‍ ജാമ്യത്തിനായി പോകാതിരിക്കാന്‍ പറ്റിയ ദിനമാണ് ഈ വെള്ളിയാഴ്ച. ആയുധ പൂജയും നല്ല ഞായറും വിജയ ദശമിയും ഒത്തു കൂടുന്ന അപൂര്‍വ നിമിഷം. ആ നിമിഷം പാഴാക്കുമോ ഇല്ലേയെന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha























