തവളയെ കണ്ട രാജകുമാരന്‍... സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ ഇപ്പോഴത്തെ അവസ്ഥ വിവരിച്ചുകൊണ്ടുള്ള പൊട്ടിക്കരച്ചില്‍ വെളിപ്പെടുത്തലിലൂടെ മുന്‍കൂര്‍ ജാമ്യം ഉറപ്പിച്ചു; എന്നാല്‍ സീല്‍ വച്ച കവറില്‍ ശക്തമായ രഹസ്യ തെളിവുകളും വാട്‌സാപ് മെസേജുകളും നല്‍കിയതോടെ എല്ലാം കൈവിടുന്ന അവസ്ഥ

മാളിക മുകളിലേറിയ മന്നനായ എം ശിവശങ്കറിന്റെ തോളില്‍ ഇഡിയും കസ്റ്റംസും കൂടി മാറാപ്പ് കയറ്റിയെന്ന തരത്തിലാണ് ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദിച്ചത്. ശിവശങ്കറിന്റെ ഇന്നത്തെ അവസ്ഥ പറയുമ്പോള്‍ എല്ലാവരുടേയും മനസില്‍ പൊട്ടിക്കരച്ചില്‍ വരുന്ന കാര്യങ്ങളാണ് വിവരിച്ചത്. കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പറയുന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദിച്ചത്.
ഒരിടത്തൊരു രാജകുമാരന്‍ രാവിലെ പൂന്തോട്ടത്തില്‍ നടക്കാനിറങ്ങിയപ്പോള്‍ ഒരു തവളയെ കണ്ടു... എന്ന രീതിയില്‍ അവിശ്വസനീയ രീതിയിലാണ് അന്വേഷണ ഏജന്‍സികള്‍ കഥ മെനയുന്നത് എന്നാണ് വക്കീല്‍ പറഞ്ഞത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടര്‍ന്ന് തൊട്ടുകൂടാത്തവനായി ഔദ്യോഗിക ജീവിതം തകര്‍ത്തു. സ്വകാര്യ ജീവിതം ഒരു പരിധി വരെ തകര്‍ത്തു. ഹോട്ടലുകളില്‍ മുറി ലഭിക്കുന്നില്ല. ആശുപത്രികള്‍ ചികിത്സ നല്‍കുന്നില്ല. സ്വര്‍ണക്കടത്തുമായോ കള്ളപ്പണം വെളുപ്പിക്കലുമായോ ബന്ധമില്ല. ഒരു തെളിവും ഹാജരാക്കിയിട്ടില്ല. സ്വപ്ന ജോയിന്റ് ലോക്കര്‍ എടുത്തത് താന്‍ പറഞ്ഞിട്ടല്ല. സ്വപ്നയ്‌ക്കൊപ്പം വേണുഗോപാലിന്റെ വീട്ടില്‍ പോയതിന് തെളിവില്ല. കസ്റ്റംസിനെ വിളിച്ചെന്ന ആരോപണം ശരിയല്ല. നിരപരാധിത്വം തെളിയിക്കാന്‍ പരമാവധി സഹകരിച്ചു. സമ്മര്‍ദ്ദം സഹിക്കാതെ വന്നപ്പോള്‍ തളര്‍ന്നുപോയി. ഇങ്ങനെയാണ് കേട്ടുനിന്നവരെ പോലും സങ്കടത്തിലാഴ്ത്തിയുള്ള വക്കീലിന്റെ വാദം.
സ്വപ്നയുടെ പണം കൈകാര്യം ചെയ്യാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് വാട്‌സാപ് സന്ദേശങ്ങള്‍ അയച്ചെന്നു പറയുന്ന ഇഡി, സംഭവങ്ങള്‍ തെറ്റിദ്ധരിപ്പിക്കും വിധം വളച്ചൊടിക്കുകയാണെന്നും വാദിച്ചു. 2018 ല്‍ നടന്നതൊക്കെ ഓര്‍മിക്കാന്‍ ശിവശങ്കര്‍ കമ്പ്യൂട്ടറല്ല.
2018 ല്‍ ലോക്കറില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നതിനെക്കുറിച്ചാണു വാട്‌സാപ് സന്ദേശങ്ങളില്‍ പറയുന്നത്. അതു മൂന്നോ നാലോ മാസത്തിനുള്ളില്‍ പിന്‍വലിക്കുകയും തുടര്‍ന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ പക്കല്‍നിന്ന് ലോക്കറിന്റെ കീ സ്വപന വാങ്ങുകയും ചെയ്തു.
ലോക്കര്‍ ഇപ്പോഴുണ്ടോയെന്നു കോടതി ചോദിച്ചപ്പോള്‍, ഉണ്ടെന്നും എന്നാല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് പിന്നീട് നടന്നത് അറിയില്ലെന്നും അഭിഭാഷകന്‍ അറിയിച്ചു. ഇങ്ങനെ ശിവശങ്കറിന്റെ വക്കീല്‍ വാദിച്ചതോടെ മുന്‍ കൂര്‍ ജാമ്യം എല്ലാവരും ഉറപ്പിച്ചു.
എന്നാല്‍ അപ്പോഴാണ് ഒന്നൊന്നര ട്വിസ്റ്റുമായി രാജ്യ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇറക്കിയ പുലിക്കുട്ടികള്‍ രംഗത്തെത്തിയത്. ശിവശങ്കറിന്റെ പ്രതീക്ഷകളെ തച്ചുടയ്ക്കുന്ന ട്വിസ്റ്റാണ് എന്‍ഫോഴ്‌സമെന്റ് നടത്തിയത്. പത്തോളം അന്വേഷണ ഏജന്‍സികളെ ഡോവല്‍ കേരളത്തിലേക്ക് അയച്ചത് കച്ചികളിക്കാനല്ല, പൊളിച്ചടുക്കാനാണ്. ഇഡി കത്തിക്കയറിയപ്പോള്‍ എല്ലാവരും അമ്പരന്നു പോയി. ശിവശങ്കരന്‍ ആള് കൊള്ളാമല്ലോ.
സ്വപ്നയെ മറയാക്കി സ്വര്‍ണക്കടത്തു നിയന്ത്രിച്ചത് എം. ശിവശങ്കറാകാമെന്നാണ് ഇഡി വാദിച്ചത്. സ്വര്‍ണമടങ്ങിയ നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ പലതവണ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്നും ഇഡി ഹൈക്കോടതിയില്‍ വ്യക്തമാക്കി. ആദ്യമായാണ് ശിവശങ്കറിനെതിരെ ഇ.ഡി ഗുരുതരമായ ആരോപണങ്ങളുന്നയിക്കുന്നത്. സ്വപ്ന പൂര്‍ണമായും ശിവശങ്കറിന്റെ നിയന്ത്രണത്തിലായിരുന്നു. സ്വര്‍ണക്കടത്തിലെ ലാഭം എത്തിച്ചേര്‍ന്നത് ശിവശങ്കറിനാണോയെന്ന് സംശയിക്കണമെന്നും വ്യക്തമാക്കി.
മാത്രമല്ല കോടതിക്കു കൈമാറിയ രഹസ്യ രേഖയില്‍ സ്വര്‍ണക്കടത്തു കേസില്‍ ശിവശങ്കറിനെതിരായ നിര്‍ണായക തെളിവുകള്‍ ഉണ്ട്. വാട്‌സാപ് സന്ദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അതിലുണ്ടെന്നും ഇഡിക്കുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു വ്യക്തമാക്കി.
സ്വപ്നയുമായി വളരെ അടുത്ത ബന്ധമുണ്ടെന്നാണു സന്ദേശങ്ങളില്‍നിന്നു വ്യക്തമാകുന്നത്. ശിവശങ്കറിന്റെ പദവിയും സ്വാധീനവും പരിഗണിക്കുമ്പോള്‍ തെളിവു നശിപ്പിക്കുമെന്ന ആശങ്കയുണ്ട്. വന്‍തോതിലുള്ള കമ്മിഷനാണു ലഭിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സമൂഹത്തിനെതിരായ പ്രവര്‍ത്തനമാണെന്നു കസ്റ്റംസിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാംകുമാര്‍ പറഞ്ഞു. ഇതോടെ ശിവശങ്കറിന് കുരുക്ക് മുറുകിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























