രക്തസ്രാവത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിയും ഗര്‍ഭസ്ഥശിശുവും മരിച്ചു, ചികിത്സാപ്പിഴവെന്ന് പരാതി

കട്ടപ്പനയില്‍ രക്തസ്രാവത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിയും ഗര്‍ഭസ്ഥശിശുവും മരിച്ചു. ചികിത്സാപ്പിഴവാണ് മരണ കാരണമെന്നാരോപിച്ച് പുറ്റടിയിലെ സ്വകാര്യ ആശുപത്രിക്കുള്ളിലേക്കു കടക്കാന്‍ ശ്രമിച്ച നാട്ടുകാരേയും ബന്ധുക്കളേയും പോലീസ് തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി.
ഓക്സീലിയം സ്‌കൂള്‍ അധ്യാപികയും കട്ടപ്പന സുവര്‍ണഗിരി കരോടന്‍ ജോജിന്‍ ജോസഫിന്റെ ഭാര്യയുമായ ജിജി(30)യാണ്് മരിച്ചത്. നാല് മാസം ഗര്‍ഭിണിയായിരുന്ന ജിജിയ്ക്ക് രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് നിയന്ത്രണം നിലനിന്നതിനാല്‍ ബന്ധുക്കളെ പുറത്താണ് നിര്‍ത്തിയത്. ആശുപത്രിയില്‍നിന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ രക്തം എത്തിച്ചുകൊടുക്കുകയും ചെയ്തു.
ബന്ധുക്കള്‍ പുറത്തു കാത്തുനില്‍ക്കവേ ആശുപത്രിയിലേക്ക് പോലീസ് ജീപ്പ് എത്തിയപ്പോള്‍ അവര്‍ക്ക് സംശയം തോന്നി. വണ്ടന്‍മേട് സ്റ്റേഷനില്‍ നിന്നും സ്ഥലത്തെത്തിയ സി.ഐ. ഉള്‍പ്പെടെയുള്ള പോലീസ് സംഘമാണ് അമ്മയും കുഞ്ഞും മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത്. ഇതോടെ നാട്ടുകാരും പ്രദേശത്ത് തടിച്ചുകൂടി.
ചികിത്സയിലെ പിഴവാണ് മരണകാരണമെന്നും ആശുപത്രി അധികൃതര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മരണ കാരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ അറിവായിട്ടില്ല. മൃതദേഹം കോവിഡ് ടെസ്റ്റിനായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മരിയ റോസ് ഏകമകളാണ്.
https://www.facebook.com/Malayalivartha
























