വിദ്യാര്‍ഥിനിയെ പഠനയാത്രയ്ക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍

ബാലുശ്ശേരി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഊട്ടിയിലേക്ക് നടത്തിയ പഠനയാത്രയ്ക്കിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. പ്രസ്തുത സ്‌കൂള്‍ അധ്യാപകന്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ സൂദാ മന്‍സിലില്‍ സിയാദിനെയാണ് (45) പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
പഠനയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം പ്രിന്‍സിപ്പലിനോട് വിദ്യാര്‍ഥി പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് പരാതി. അതിനാല്‍ പീഡനത്തിനു കൂട്ടു നിന്നെന്ന പരാതിയില്‍ പ്രിന്‍സിപ്പലിനും മറ്റൊരു അധ്യാപകനെതിരെയും പൊലീസ് കേസെടുത്തു. പരാതിയില്‍ നടപടിയില്ലാത്തത് അന്വേഷിക്കാന്‍ വിദ്യാര്‍ഥിനിയുടെ ബന്ധു സ്‌കൂളിലെത്തിയപ്പോള്‍ പ്രതികളായ അധ്യാപകരുമായി വാക്കേറ്റം നടന്നിരുന്നതായി പൊലീസ് പറഞ്ഞു.
ഇപ്പോള്‍ ഒളിവിലുള്ള അധ്യാപകന്‍ വിദ്യാര്‍ഥിനിയുടെ ബന്ധു മര്‍ദിച്ചെന്നാരോപിച്ച് പരാതിയും നല്‍കിയിരുന്നു. ഈ പരാതിയില്‍ വിദ്യാര്‍ഥിനിയുടെ ബന്ധുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാതിരുന്നതോടെ കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനി പൊലീസില്‍ നേരിട്ട് പരാതി നല്‍കുകയായിരുന്നു.
എസ്എച്ച്ഒ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ എസ്‌ഐമാരായ പി.പ്രജീഷ്, എം.മധു എന്നിവര്‍ തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയാണ് സിയാദിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha





















