മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കി 2 പേരെ പരുക്കേല്പിച്ച സിഐയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്പിച്ചു
ഇന്നലെ വൈകിട്ട് 3 മണിയോടെ കല്പറ്റ കേണിച്ചിറയില്‍ മദ്യപിച്ചു വാഹനമോടിച്ച് എതിരെ വന്ന ബൈക്കിനെ ഇടിച്ചിട്ട് 2 പേരെ പരുക്കേല്പിച്ച സിഐയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്പിച്ചു.
മദ്യപിച്ച് കാറുമെടുത്ത് ടൗണിലേക്കിറങ്ങിയത് തിരുവമ്പാടി സിഐയും കേണിച്ചിറ സ്വദേശിയുമായ ഷജു ജോസഫാണ്. നിയന്ത്രണമില്ലാതെ വാഹനമോടിച്ച ഇയാള്‍ ബത്തേരി തോട്ടുമ്മല്‍ ഇര്‍ഷാദ്, ഭാര്യ റഹിയാനത്ത് എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുവീഴ്ത്തി. ഓടിക്കൂടിയ നാട്ടുകാര്‍ സിഐയെ തടഞ്ഞുവച്ച് പൊലീസിലേല്പിക്കുകയായിരുന്നു.
മദ്യപിച്ച് ആടിക്കുഴഞ്ഞ നിലയില്‍ പൊതുസ്ഥലത്തിറങ്ങിയ സിഐ മാസ്ക് പോലും ധരിച്ചിരുന്നില്ല. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടിയപ്പോള്‍ ഇയാള്‍ പലരെയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പൊലീസ് ജീപ്പ് എത്തിയ ഉടന്‍ മുന്‍വശത്തുള്ള സീറ്റില്‍ തന്നെ കയറി ഇരുന്ന് സിഐ സ്ഥലംവിട്ടു. വൈദ്യപരിശോധന നടത്താന്‍ വൈകിയെന്നും കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമുണ്ടായെന്നും ആരോപണമുണ്ട്.
എന്നാല്‍, മദ്യപിച്ച് വാഹനമോടിച്ചതിന് കേസ് എടുത്തിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. സംഭവത്തിന്റെ വിഡിയോ നാട്ടുകാര്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ഇട്ടത് വൈറലായി. നേരത്തെ കേണിച്ചിറ സിഐ ആയിരുന്നു ഷജു. കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ മാനന്തവാടിയില്‍ പ്രസംഗിക്കുമ്പോള്‍ മൈക്ക് ഓഫ് ചെയ്ത് വിവാദത്തില്‍പെട്ടിരുന്നു.
https://www.facebook.com/Malayalivartha