ഹെല്‍മറ്റില്ലാതെ രണ്ടാംതവണ പിടിക്കപ്പെട്ടാല്‍ നിര്‍ബന്ധിത സാമൂഹിക സേവനവും ഡ്രൈവിങ് പരിശീലനവും

ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനമോടിച്ചാല്‍ ഇനി കഥ മാറും. 500 രൂപ പിഴ മാത്രമല്ല, കുറ്റം ആവര്‍ത്തിച്ചു പിടിക്കപ്പെട്ടാല്‍ പിന്നെ മൂന്നു മാസം വാഹനമേ ഓടിക്കാനാകില്ല. മൂന്നു മാസത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. നിര്‍ബന്ധിത സാമൂഹിക സേവനവും ഡ്രൈവിങ് പരിശീലനവുമെല്ലാം പിന്നാലെ വരും. ഹെല്‍മറ്റ് ധരിക്കാത്തത് പിന്‍സീറ്റിലുള്ളയാള്‍ ആണെങ്കില്‍ അയാള്‍ പിഴയടയ്ക്കണം, വാഹനമോടിച്ചയാള്‍ നിയമനടപടി നേരിടുകയും വേണം. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന നിയമം പ്രാബല്യത്തില്‍ വന്നതോടെ നവംബര്‍ 1 മുതല്‍ നടപടികളിലേക്ക് കടക്കാനാണ് കണ്ണൂര്‍ ജില്ലയില്‍ മോട്ടര്‍ വാഹനവകുപ്പിന്റെ തീരുമാനം.
സര്‍ക്കാര്‍സ്വകാര്യ ആശുപത്രികളിലെ ട്രോമാ കെയര്‍ വാര്‍ഡുകളിലാണ് ഹെല്‍മറ്റ് ധരിക്കാതെ രണ്ടാംതവണ പിടിക്കപ്പെട്ടാല്‍ സേവനം ചെയ്യേണ്ടത്. അപകടം സംഭവിച്ചു ചികിത്സയിലുള്ളവരുടെ ദൈന്യതയെന്തെന്ന് ബോധ്യപ്പെടുത്താനാണ് ഇവിടെ സേവനത്തിനു നിയോഗിക്കുന്നത്. പരുക്കേറ്റവരെ കുളിപ്പിക്കലും ശുശ്രൂഷ നല്‍കലുമെല്ലാമാണ് ഏല്‍പ്പിക്കപ്പെടുന്ന ചുമതല.
മോട്ടര്‍ വാഹന വകുപ്പിന്റെ എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചില്‍, നിയമം അനുസരിച്ചു വാഹനമോടിക്കേണ്ടത് എങ്ങനെയെന്നതിന് ഒരാഴ്ചത്തെ പരിശീലനവുമുണ്ട്. ഡ്രൈവിങ് സ്‌കൂളില്‍ പഠിച്ചതൊക്കെ, വീണ്ടും പഠിച്ച്, പരിശീലനം പൂര്‍ത്തിയാക്കിയാലേ പുറത്തിറങ്ങാനാകൂ.
https://www.facebook.com/Malayalivartha






















