ഭൂകമ്പമായി ഒവൈസി... ഒട്ടും പ്രതീക്ഷിക്കാതെ അപ്രതീക്ഷിത വിജയം എന്‍ഡിഎയ്ക്ക് സമ്മാനിച്ചത് അസദുദ്ദീന്‍ ഒവൈസിയെന്ന് വിലയിരുത്തല്‍; ബിജെപിയുടെ സഖ്യകക്ഷി പോലെ ഒവൈസി മഹാസഖ്യത്തിന്റെ നടുവൊടിച്ചപ്പോള്‍ ജയിച്ചത് മോദി തന്നെ

ഏകദിന ക്രിക്കറ്റ് ഫൈനലിന്റെ ക്ലൈമാക്‌സ് പോലെയായിരുന്നു ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം വന്നത്. നരേന്ദ്ര മോദിയും അമിത്ഷായും ബീഹാറില്‍ അപ്രതീക്ഷിത വിജയം നേടുമ്പോള്‍ തുണയായത് പല ഘടകങ്ങളാണെന്ന് വിലയിരുത്തല്‍. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ക്ലൈമാക്‌സിലെത്തിയപ്പോള്‍ പല ചര്‍ച്ചകളും സജീവമായി. ന്യൂനപക്ഷ വോട്ടുകളടക്കം ഭിന്നിപ്പിച്ച് ബിജെപിക്കും എന്‍ഡിഎയ്ക്കും തുണയായത് അസദുദ്ദീന്‍ ഒവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ എന്ന പാര്‍ട്ടിയാണെന്നാണ് വിലയിരുത്തല്‍.
ഒവൈസി പിടിച്ച വോട്ടുകള്‍ മോദിക്കെതിരായ മഹാസഖ്യത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചെന്ന വിമര്‍ശനം ശക്തമായിക്കഴിഞ്ഞു. കിഷന്‍ഗഞ്ച്, പൂര്‍ണിയ, കതിഹാര്‍, അരാരിയ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന സീമാഞ്ചല്‍ മേഖലയിലാണ് ഒവൈസി വോട്ടു പിടിച്ചത്. ബിഹാറിലെ പരമ്പരാഗത മുസ്‌ലിം ഭൂരിപക്ഷമുള്ള ഈ മേഖല ആര്‍ജെഡിയെയും കോണ്‍ഗ്രസിനെയുമാണ് എപ്പോഴും പിന്തുണച്ചിട്ടുള്ളത്.
ബിഎസ്പി, ആര്‍എല്‍എസ്പി. എന്നിവരെ ഉള്‍പ്പെടുത്തി മുന്നണി രൂപീകരിച്ചാണ് ഒവൈസിയുടെ പാര്‍ട്ടി ബിഹാറില്‍ മത്സരിച്ചത്. 233 സീറ്റിലാണ് ഇവര്‍ മത്സരിക്കാനിറങ്ങിയത്. അതില്‍ തന്നെ 5 സീറ്റുകളില്‍ എഐഎംഐഎം ജയിച്ചു. ഇതാണ് നിര്‍ണായകമായത്.
എന്‍ഡിഎ സഖ്യം മുന്നിലെത്തിയതോടെ എഐഎംഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തി. മഹാസഖ്യത്തിന്റെ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയുടെ സഖ്യകക്ഷിയെപ്പോലെയായി ഒവൈസിയുടെ പാര്‍ട്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി. വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന ഒവൈസിയുടെ നീക്കങ്ങളെക്കുറിച്ച് എല്ലാ മതേതര പാര്‍ട്ടികളും കരുതിയിരിക്കണമെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.
മഹാസഖ്യം വിജയം ഉറപ്പിച്ചിരുന്നു എന്നാല്‍, ചില ചെറു പാര്‍ട്ടികളാണ് വിജയത്തിനു തടയിട്ടത്. മഹാസഖ്യത്തിനെതിരെ ബിജെപി ഒവൈസിയെ ഉപയോഗിക്കുകയാണ്. നിതീഷ് കുമാറിന്റെ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ എല്‍ജെപിയെയും ബിെജപി ഉപയോഗപ്പെടുത്തിയെന്നും ചൗധരി പറഞ്ഞു.
അതേസമയം പുലര്‍ച്ചെ മൂന്നു മണിയോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് അന്തിമഫലം പുറത്തുവന്നത്. രാവിലെ എട്ടു മണിക്ക് തുടങ്ങിയ വോട്ടെണ്ണല്‍ അര്‍ധരാത്രി പിന്നിട്ടതോടെ വോട്ടെണ്ണല്‍ ഫലം അധികം വൈകാതെ തന്നെ പുറത്തുവരുമെന്ന ഉറപ്പുമായി രാത്രി ഒരു മണിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ വാര്‍ത്താസമ്മേളനവും പ്രത്യേകതയായി. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ആദ്യം മുന്നിട്ടുനിന്നത് മഹാസഖ്യമാണ്. എന്‍ഡിഎയെ 20ലധികം സീറ്റുകളില്‍ പിന്നിലാക്കി 50 കടന്ന മഹാസഖ്യം വിജയത്തിലേക്കെന്ന പ്രതീതി ജനിപ്പിച്ചു. എന്നാല്‍ തൊട്ടുപിന്നാലെ ബിജെപി മുന്നേറ്റത്തോടെ എന്‍ഡിഎയ്ക്ക് അനുകൂലമായ ഫലസൂചനകള്‍ വന്നു. കേവല ഭൂരിപക്ഷവും കടന്ന് എന്‍ഡിഎയുടെ ലീഡ് നില കുതിക്കുന്ന കാഴ്ചയായി പിന്നീട്.
എന്നാല്‍ ഉച്ചയ്ക്ക് ഒന്നരയോടെ അന്തിമഫലം വൈകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ് എത്തി. എങ്കിലും തുടര്‍ന്നുള്ള മണിക്കൂറില്‍ എന്‍ഡിഎ ലീഡ് നിലനിര്‍ത്തി. വൈകിട്ട് കൂടുതല്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ മഹാസഖ്യം വീണ്ടും മുന്നേറിയെങ്കിലും എന്‍ഡിഎയെ മറികടക്കാനായില്ല. ഇതിനിടെ മഹാസഖ്യത്തിലെ 119 പേര്‍ ജയിച്ചെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അത് അംഗീകരിക്കുന്നില്ലെന്നും ആരോപിച്ച് ആര്‍ജെഡി നേതാക്കള്‍ രംഗത്തെത്തിയതും വാര്‍ത്തകളില്‍ ഇടം നേടി. എന്നാല്‍ അവസാനം മഹാസഖ്യത്തിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്ത് എന്‍ഡിഎ മുന്നിലെത്തുകയായിരുന്നു. ഒവൈസി നേടിയ 5 സീറ്റുകളാണ് മഹാ സഖ്യത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്. മാത്രമല്ല മഹാ സഖ്യം തോറ്റത് പലയിടത്തും ചെറിയ വോട്ടുകള്‍ക്കാണ്. ഒബൈസിയുടെ ഈ വോട്ട് ചോര്‍ച്ചയാണ് മഹാസഖ്യത്തിന്റെ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കിയത്.
https://www.facebook.com/Malayalivartha