തളിപ്പറമ്പ് പീഡനക്കേസില്‍ നിര്‍ണായക വഴിത്തിരിവ്; പത്താം ക്ലാസുകാരനല്ല 13-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്!

തളിപ്പറമ്പ് കുറുമാത്തൂരില്‍ പതിമൂന്നുകാരി പീഡനത്തിനിരയായ കേസില്‍ അച്ഛന്‍ ഭീഷണിപ്പെടുത്തിയതിനാലാണ് പത്താം ക്ലാസുകാരനാണ് പീഡിപ്പിച്ചതെന്ന് ആദ്യം മൊഴി നല്‍കിയതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പീഡിപ്പിച്ചത് അച്ഛനാണെന്നാണ് ഇപ്പോള്‍ പെണ്‍കുട്ടി അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്.
വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പല തവണയായി പീഡനത്തിനു ഇരയാക്കിയതെന്ന് പൊലീസ് പറയുന്നു.മകളെ പീഡിപ്പിച്ച ശേഷം, കുറ്റം ബന്ധുവായ പത്താംക്ലാസുകാരനില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് പൊളിഞ്ഞത്. നാട്ടിലുണ്ടായിരുന്ന ഇയാള്‍ ലോക്ഡൗണിനു ശേഷം വിദേശത്തേക്ക് തിരിച്ചുപോവുകയും ചെയ്തു.
കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ആറുമാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. വിദേശത്തുള്ള പിതാവിനെ കാര്യങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍, പിതാവ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കുട്ടി പൊലീസിനോട് ആദ്യം സത്യാവസ്ഥ തുറന്നു പറഞ്ഞിരുന്നില്ല.
വീട്ടില്‍ ആളില്ലാതിരുന്ന ദിവസം 2019 ഡിസംബറില്‍ ബന്ധുവായ പത്താം ക്ലാസുകാരന്‍ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ കണ്ടെത്തിയ ചില വൈരുദ്ധ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ സംശയമുയര്‍ത്തി. തുടര്‍ന്നാണ് വനിതാ പൊലീസുകാരും കൗണ്‍സിലിങ്ങ് വിദഗ്ധരും ചേര്‍ന്ന് കുട്ടിയോട് വിശദമായി സംസാരിച്ചത്.
പലതവണ അച്ഛന്‍ പീഡനത്തിന് ഇരയാക്കിയെന്ന് പെണ്‍കുട്ടി ഒടുവില്‍ സമ്മതിച്ചു. പീഡിപ്പിച്ച ശേഷം മകളെ ഭീഷണിപ്പെടുത്തി ബന്ധുവായ കൗമാരക്കാരന്റെ തലയില്‍ കെട്ടിവെച്ചു തലയൂരാനാണ് പിതാവ് ശ്രമിച്ചതെന്ന് പൊലീസിന് വ്യക്തമായി. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടി അച്ഛന്റെ പേര് വെളിപ്പെടുത്തിയതായാണ് സൂചന.
https://www.facebook.com/Malayalivartha