തദ്ദേശ സ്ഥാപന അധ്യക്ഷപദവി സംവരണം ചെയ്യുന്നതില്‍ ഭരണഘടനാനുസൃതമായി റൊട്ടേഷന്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

അധ്യക്ഷ സ്ഥാനം തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകളില്‍ സംവരണം ചെയ്യപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ ഇത്തവണ പൊതുവിഭാഗത്തില്‍പ്പെടുത്തി പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അധ്യക്ഷ സ്ഥാനം സംവരണം ചെയ്യുന്നതില്‍ ഭരണഘടനാനുസൃതമായി റൊട്ടേഷന്‍ ഉറപ്പാക്കണം. അധ്യക്ഷ പദവി വനിത, എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് മാറിമാറി തുടര്‍ച്ചയായി മൂന്നാംവട്ടം സംവരണം ചെയ്യുന്നതും ഒരു വിഭാഗത്തിനു തന്നെ രണ്ടാംവട്ടം ആവര്‍ത്തിച്ചു സംവരണം ചെയ്യുന്നതും ഒഴിവാക്കി പുനഃക്രമീകരണം നടത്തണം.
പൊതുവിഭാഗത്തില്‍പ്പെടുന്ന സ്ഥാനാര്‍ഥിക്ക് പ്രസിഡന്റ്/ ചെയര്‍പഴ്‌സന്‍ ആകാനുള്ള അവസരം തുടര്‍ച്ചയായി നഷ്ടപ്പെടുന്നതു 'റിവേഴ്‌സ് വിവേചനം' ആകും. ഏതെങ്കിലും ഒരിടത്ത് അധ്യക്ഷസ്ഥാനം സ്ഥിരമായി സംവരണം ചെയ്യണമെന്നു ഭരണഘടന ഉദ്ദേശിക്കുന്നില്ലെന്നു കോടതി വ്യക്തമാക്കി. റൊട്ടേഷന്‍ പാലിക്കാതിരുന്നാല്‍ തുല്യഅവസരം നിഷേധിക്കപ്പെടും. ഭരണഘടനയില്‍ പറയുന്ന റൊട്ടേഷന്‍ തത്വം പാലിക്കാതെയുള്ള അധ്യക്ഷപദവി സംവരണം നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞു.
അബൂബക്കര്‍ കണ്ണിയന്‍ അടക്കം മഞ്ചേരി മുനിസിപ്പാലിറ്റിയിലെ അധ്യക്ഷപദവി സംവരണത്തില്‍ തര്‍ക്കമുന്നയിച്ച് സമര്‍പ്പിച്ച 20 ഹര്‍ജികള്‍ അനുവദിച്ചാണു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. ഭരണഘടനയുടെ 234 (ഡി) (4) പ്രകാരം സംവരണ സീറ്റുകള്‍ റൊട്ടേഷന്‍ പാലിച്ച് അനുവദിക്കേണ്ടതാണെന്നു കോടതി ചൂണ്ടിക്കാട്ടി.
കോടതിയിലെത്തിയ തുടര്‍സംവരണങ്ങള്‍: പഞ്ചായത്തുകള്‍ - കരകുളം, നന്ദിയോട് (തിരുവനന്തപുരം ജില്ല), തൃക്കോവില്‍ വട്ടം (കൊല്ലം), കടമ്പനാട് (പത്തനംതിട്ട), കുമളി (ഇടുക്കി), ഐക്കരനാട് (എറണാകുളം), വണ്ടൂര്‍, പാണ്ടിക്കാട്, കുറ്റിപ്പുറം (മലപ്പുറം), കുന്നമംഗലം (കോഴിക്കോട്). മുനിസിപ്പാലിറ്റികള്‍ - മഞ്ചേരി, കൊണ്ടോട്ടി, മാനന്തവാടി, തൃപ്പൂണിത്തുറ. എന്നാല്‍ പൊതു നിര്‍ദേശമായാണ് കോടതി ഉത്തരവ്.
https://www.facebook.com/Malayalivartha