കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ

രാമന്തളിയിൽ കുടുംബത്തിലെ നാലുപേരുടെ മരണത്തിനു കാരണമായതു മക്കളെ പിരിയുന്നതിലുള്ള വിഷമം. നാടകപ്രവർത്തകനും ടൗണിലെ ഓട്ടോ ഡ്രൈവറുമായ എ.കെ.ഉണ്ണിക്കൃഷ്ണന്റെ ഭാര്യ കൊയിത്തട്ട താഴത്തെവീട്ടിൽ ഉഷയും മകൻ കലാധരനും കലാധരന്റെ മക്കളായ ഹിമയും കണ്ണനുമാണു തിങ്കളാഴ്ച രാത്രി വീടിനകത്തു മരിച്ചനിലയിൽ കണ്ടെത്തിയത്.
കലാധരനും ഭാര്യയും തമ്മിൽ കുറച്ചു വർഷങ്ങളായി പ്രശ്നങ്ങളുണ്ടായിരുന്നു. ഭാര്യയുടെ പരാതിയിൽ കോടതികളിൽ കേസുകളുമുണ്ട്. വിവാഹമോചനക്കേസ് കുടുംബക്കോടതിയുടെ പരിഗണനയിലാണ്. കോടതി മക്കളെ അമ്മയോടൊപ്പമാണ് വിട്ടതെങ്കിലും ആഴ്ചയിൽ ശനിയും ഞായറും മക്കളെ അച്ഛനോടൊപ്പം വിടാനും തീരുമാനമുണ്ട്. മറ്റുദിവസങ്ങളിൽ അച്ഛന് വിഡിയോകോൾ വഴി മക്കളെ കാണാനും അവസരമുണ്ടെന്നു ബന്ധുക്കൾ പറയുന്നു.
ശനിയാഴ്ച മകൾ അച്ഛന്റെ അടുത്തെത്തി. ആധാർ തയാറാക്കുന്നതിനായി തിങ്കളാഴ്ച മകനെയും കൊണ്ടുവന്നു. എന്നാൽ മക്കളെ വിടാത്തതിനാൽ ക്രൈംബ്രാഞ്ച് പൊലീസിന്റെ നിർദേശമനുസരിച്ചു പൊലീസ് കലാധരന്റെ വീട്ടിലെത്തി തിരിച്ചുപോയിരുന്നു. കലാധരന്റെ അച്ഛൻ ഉണ്ണിക്കൃഷ്ണൻ രാത്രി ജോലി കഴിഞ്ഞെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നതാണു കണ്ടത്. ഭാര്യയെ വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്യുന്നുണ്ടെങ്കിലും മകന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഇതിനിടെ, വരാന്തയിൽവച്ച് ഉണ്ണിക്കൃഷ്ണന് ആത്മഹത്യക്കുറിപ്പ് ലഭിച്ചു.
വീടിനുള്ളിൽ പ്രിയപ്പെട്ടവർ മരിച്ചുക്കിടക്കുന്ന വിവരം അപ്പോഴും ഉണ്ണിക്കൃഷ്ണൻ അറിഞ്ഞിരുന്നില്ല. തുടർന്ന് കത്തുമായി പൊലീസ് സ്റ്റേഷനിലെത്തി. പൊലീസ് ഉഷയുടെ ഫോൺ നമ്പർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഫോണുള്ളത് വീട്ടിൽതന്നെയാണ്. തുടർന്നു പൊലീസെത്തി പരിശോധിച്ചപ്പോഴാണു വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയിൽ നാലുപേരും മരിച്ചുകിടക്കുന്നതു കണ്ടത്.
ആത്മഹത്യക്കുറിപ്പിൽ കലാധരൻ മക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നുണ്ട്. അവരില്ലാതെ ജീവിതമില്ലെന്നും പറയുന്നു. മരണത്തിന് ഉത്തരവാദികളെക്കുറിച്ചും വർഷങ്ങളായി കോടതി വഴിയും പൊലീസ് വഴിയും മാനസികമായി പീഡിപ്പിക്കുന്നതുമെല്ലാം കുറിപ്പിലുണ്ടെന്നു പൊലീസ് പറഞ്ഞു. 4 മൃതദേഹങ്ങളും വിലാപയാത്രയായി രാമന്തളി സമുദായ ശ്മശാനത്തിലെത്തിച്ചു ഇന്നലെ രാത്രി സംസ്കരിച്ചു.
∙ കലാധരൻ പാചകവിദഗ്ധൻതിങ്കളാഴ്ച രാത്രി മരിച്ച രാമന്തളിയിലെ കലാധരൻ പാചകവിദഗ്ധനാണ്. കുടുംബപ്രശ്നത്തെ തുടർന്ന് മാനസിക സംഘർഷം അനുഭവിച്ച കലാധരൻ തിങ്കളാഴ്ച അമ്മയുടെ നാടായ കാങ്കോലിലെ വൈദ്യനാഥേശ്വരക്ഷേത്രം തെക്കൻ കരിയാത്തൻ കോട്ടം കളിയാട്ടത്തിൽ ഭക്ഷണമുണ്ടാക്കി മടങ്ങിയതായിരുന്നു. 10 വർഷമായി ഈ ക്ഷേത്രത്തിലെ കളിയാട്ടത്തിനു കലാധരന്റെ നേതൃത്വത്തിലാണു പാചകം. ഇത്തവണ 4 ദിവസവും ഭക്ഷണമുണ്ടാക്കിയിരുന്നു.
ഞായറാഴ്ച രാത്രി ഭക്ഷണമുണ്ടാക്കാൻ കലാധരൻ മുഴുവൻ സമയവും ക്ഷേത്രത്തിലെ അടുക്കളയിലുണ്ടായിരുന്നു. മുഴുവൻ ഭക്ഷണവും തയാറാക്കി, വിളമ്പാനുള്ള പാത്രങ്ങളിൽ തയാറാക്കി വച്ച് ഒപ്പമുള്ളവരെ ഏൽപ്പിച്ചാണ് തിങ്കളാഴ്ച രാവിലെ 11 മണിക്കു ക്ഷേത്രത്തിൽനിന്നു മടങ്ങിയത്. രാത്രിയോടെ ആ നാടറിഞ്ഞത് കലാധരന്റെ മരണവാർത്തയും. ക്ഷേത്രത്തിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ കലാധരൻ ഏറെ അസ്വസ്ഥനായിരുന്നുവെന്ന് കമ്മിറ്റിക്കാർ പറയുന്നു.
https://www.facebook.com/Malayalivartha

























