കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്പനിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് തയാറായില്ല, പ്രവര്‍ത്തനം തുടങ്ങിയിട്ട് രണ്ടു വര്‍ഷം

രണ്ടു വര്‍ഷം പൂര്‍ത്തിയാവാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (കിയാല്‍) ഓഡിറ്റ് റിപ്പോര്‍ട്ട് തയാറായില്ല. സ്വകാര്യ സ്ഥാപനമായ ഡിലോയിറ്റ് ആന്‍ഡ് ടുഷെയെയാണ് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ (സിഎജി) ഒഴിവാക്കി ഓഡിറ്റിങ്ങിനായി കിയാല്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.
പ്രവര്‍ത്തനം തുടങ്ങി രണ്ടു വര്‍ഷം പൂര്‍ത്തിയാവുമ്പോഴും വരവുചെലവു കണക്കുപോലും പുറത്തുവിടാത്തത് ഓഹരി ഉടമകളെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ കമ്പനിയുടെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ അവതരിപ്പിച്ചിരുന്നില്ല. സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് പൂര്‍ത്തിയാക്കാത്തതിനാലാണ് കണക്ക് അവതരിപ്പിക്കാത്തതെന്നും ഇതിനായി പ്രത്യേക യോഗം വിളിക്കുമെന്നുമായിരുന്നുമായിരുന്നു ഓഹരി ഉടമകളെ അറിയിച്ചിരുന്നത്.
ഇടതു സര്‍ക്കാര്‍ 2016-ല്‍ അധികാരത്തില്‍ വന്നശേഷമാണ്, കിയാലിന്റെ തുടക്കം മുതല്‍ ഓഡിറ്റ് നടത്തിയിരുന്ന സിഎജി-യെ ഓഡിറ്റ് ചെയ്യുന്നതില്‍ നിന്നു വിലക്കിയത്. ഓഡിറ്റ് തുടര്‍ച്ചയായി തടസ്സപ്പെടുത്തിയതോടെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം കിയാല്‍ മാനേജിങ് ഡയറക്ടര്‍ക്കു നോട്ടിസ് അയച്ചു. തുടര്‍ന്ന്, സ്വകാര്യ കമ്പനിയാണെന്നും സിഎജി ഓഡിറ്റില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കിയാല്‍ ഹൈക്കോടതിയെ സമീപിച്ചു. കിയാലിന്റെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി സിഎജി ഓഡിറ്റ് നടപടി സ്റ്റേ ചെയ്യുകയും കേന്ദ്ര സര്‍ക്കാരിനുള്‍പ്പെടെ നോട്ടിസ് അയയ്ക്കുകയും ചെയ്തിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെയും പങ്കാളിത്തമുള്ള കമ്പനിയെന്ന നിലയില്‍ മുഖ്യമന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡില്‍ അഞ്ചു മന്ത്രിമാരും എയര്‍പോര്‍ട്ട് അതോറിറ്റി, ബിപിസിഎല്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രതിനിധികളും വ്യവസായികളും സ്വതന്ത്ര ഡയറക്ടര്‍മാരും ഉള്‍പ്പെടെ 16 പേരാണുള്ളത്. 2018-ലെ വാര്‍ഷിക പൊതുയോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച് 38.94 ശതമാനമാണു കിയാലില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം. ഭാരത് പെട്രോളിയത്തിന് 24.12 ശതമാനവും എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് 7.42 ശതമാനവും പങ്കാളിത്തമുണ്ട്.
വിമാനത്താവള കമ്പനിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് ഡിലോയിറ്റ് ആന്‍ഡ് ടുഷെ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് കിയാല്‍ എഡി വി.തുളസീദാസ് പറഞ്ഞു. ഡിസംബറില്‍ നടക്കാനിരിക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha