ആ 5 വര്‍ഷങ്ങള്‍... സര്‍ക്കാര്‍ മേഖലയിലെ വന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഊരാളുങ്കല്‍ സഹകരണസംഘം വല്ലാത്ത അവസ്ഥയില്‍; കഴിഞ്ഞ് 5 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളും പദ്ധതി വിവരങ്ങളും കൈമാറണമെന്ന ഇഡിയുടെ ആവശ്യം ഞെട്ടിപ്പിക്കുന്നത് വമ്പന്‍മാരെ; ഇങ്ങനെപോയാല്‍ കാര്യങ്ങള്‍ എങ്ങോട്ടെന്ന ചോദ്യം ബാക്കി

ഒരിക്കല്‍ കൂടി ഊരാളുങ്കല്‍ സഹകരണസംഘം വാര്‍ത്തകളില്‍ നിറയുകയാണ്. മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഊരാളുങ്കല്‍ സൊസൈറ്റിയില്‍ നിക്ഷേപമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച ഇഡി അവിടെയെത്തുന്നത്. എന്നാല്‍ വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നാണ് ഊരാളുങ്കല്‍ അധികൃതര്‍ പറഞ്ഞത്. രവീന്ദ്രന്റെ ഭാര്യയ്ക്ക് ജെസിബി നല്‍കിയതിന്റെ വാടകയിനത്തില്‍ ലക്ഷങ്ങള്‍ വരുന്നതായി സൂചന ലഭിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്. വിവരങ്ങള്‍ ചോദിച്ചറിയാന്‍ വെറുതേ വന്ന ഇഡി കടിപ്പിക്കുകയാണ്. 5 വര്‍ഷത്തെ വിവരങ്ങളാണ് ചോദിച്ചിരിക്കുന്നത്. ആ 5 വര്‍ഷത്തിന് ഒരു പ്രത്യേകതയുണ്ട്. ഈ സര്‍ക്കാരിന്റേതാണ് നാലര വര്‍ഷവും.
കേരളത്തിലെ ഒരു പ്രമുഖ സഹകരണ സ്ഥാപനമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റി. 1925 ല്‍ വാഗ്ഭടാനന്ദനാണ് ഇതാരംഭിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയില്‍ 1415ഓളം അംഗങ്ങളുണ്ട്. നാലായിരത്തിലധികം വര്‍ക്കുകള്‍ ഇതിനകം സംഘം വിജയകരമായി പൂര്‍ത്തിയാക്കി. കോഴിക്കോട് സരോവരം പദ്ധതി, കാപ്പാട് ബീച്ച് നവീകരണം, എഡിബി സഹായത്തോടെ 39കോടി രൂപയുടെ കോഴിക്കോട് അരയിടത്തു പാലം മേല്‍പ്പാലം, ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്,പാലം, ആലപ്പുഴ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് തുടങ്ങി കോടിക്കണക്കിന് രൂപ ചെലവ് വരുന്ന പദ്ധതികളെല്ലാം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റി ഏറ്റെടുത്ത് നടത്തിയതാണ്. ഈ സര്‍ക്കാര്‍ വന്ന ശേഷം ഊരാളുങ്കലിനെ അമിതമായി സഹായിക്കുന്നു എന്ന ആക്ഷേപം വന്നിരുന്നു. ഇതാണ് കാര്യങ്ങള്‍ കൈവിട്ടത്.
രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഹാജരാകാത്തതോടെ ഇഡി നേരെ ഊരാളുങ്കലിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്നാണ് നിര്‍ണായക നീക്കം നടത്തിയത്. ഊരാളുങ്കല്‍ സഹകരണസംഘം 5 വര്‍ഷത്തിനിടയില്‍ കരാര്‍ ഏറ്റെടുത്തു പൂര്‍ത്തിയാക്കിയതും ഇപ്പോള്‍ നടക്കുന്നതുമായ മുഴുവന്‍ പദ്ധതികളുടെയും വിശദാംശങ്ങള്‍ ഹാജരാക്കാനാണ് ഇഡി ആവശ്യപ്പെട്ടത്. സംഘത്തിന്റെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും ബാങ്ക് രേഖകളും കൂടി ഹാജരാക്കാനാണ് അസി.ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ നിര്‍ദേശിച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണു രേഖകള്‍ ആവശ്യപ്പെട്ടത്. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിനു മുന്നോടിയായി നടത്തിയ ഇന്റലിജന്‍സ് വിവര ശേഖരണത്തിനിടെയാണ് ഊരാളുങ്കല്‍ സഹകരണ സംഘവുമായി രവീന്ദ്രനുള്ള സാമ്പത്തിക ഇടപാടുകളുടെ സൂചന ലഭിച്ചത്.
കഴിഞ്ഞയാഴ്ച നടത്തിയ ഇഡി പരിശോധനയെ ഊരാളുങ്കല്‍ തള്ളിക്കളഞ്ഞിരുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് റെയ്ഡ് നടത്തി എന്ന മട്ടില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നാണ് സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്‍ പറഞ്ഞത്. ഇഡിയുടെ രണ്ട് ഉദ്യോഗസ്ഥര്‍ സൊസൈറ്റിയില്‍ വന്നിരുന്നു എന്നതു വസ്തുതയാണ്. ഇവരില്‍ കോഴിക്കോട് ഓഫിസിലെ ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണു സൊസൈറ്റിയില്‍ പ്രവേശിച്ചത്. നിലവില്‍ ഇഡി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും സൊസൈറ്റിയുമായി ബന്ധമുണ്ടോ എന്നു ചോദിക്കുക മാത്രമാണ് ചെയ്തതെന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍ അതിനെക്കാള്‍ അപ്പുറത്തേക്കാണ് ഇഡി പോകുന്നത്. രവീന്ദ്രനെ 10 ന് ചോദ്യം ചെയ്യും മുന്‍പു രേഖകള്‍ ഊരാളുങ്കല്‍ കൈമാറുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഇല്ലെങ്കില്‍ ഊരാളുങ്കല്‍ ആസ്ഥാനം റെയ്ഡ് ചെയ്യാനാണു നീക്കം. സൊസൈറ്റി ഭാരവാഹികള്‍, ഉപകരാര്‍ കമ്പനി ഉടമകള്‍ എന്നിവര്‍ ഒരു മാസത്തിലധികമായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണത്തിലാണ്. ഇതോടെ കാര്യങ്ങള്‍ വല്ലാത്തൊരവസ്ഥയിലേക്കാണ് നീങ്ങുന്നത്.
"
https://www.facebook.com/Malayalivartha