ആൽത്തറ വിനീഷ് കൊലക്കേസ്: തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകൽ ശോഭാ ജോണിൻ്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശോഭാ ജോണടക്കം 8 പ്രതികളെയും വെറുതെ വിട്ടു

ഗുണ്ടാത്തലവൻ ആൽത്തറ വിനീഷിനെ സംസ്ഥാനത്തിലെ വനിതാ ഗുണ്ടാ ലിസ്റ്റിലെ ആദ്യ വനിതാ ഗുണ്ടയായ ശോഭാ ജോണിൻ്റെ ഗുണ്ടാ സംഘം തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന് സമീപം പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശോഭാ ജോണടക്കം 8 പ്രതികളെയും വെറുതെ വിട്ടു. തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ഷിജു ഷെയ്ക്കാണ് വിധി പ്രസ്താവിച്ചത്.
തൊണ്ടിമുതലുകൾ കാണാനില്ലാത്തതിനാൻ പ്രതികളുടെ വിചാരണ അനിശ്ചിത കാലത്തേക്ക് സെഷൻസ് കോടതി നിർത്തി വക്കാൻ ഉത്തരവിട്ടെന്ന പ്രത്യേകത കൂടി കേസിനുണ്ട്. തൊണ്ടിമുതലുകൾ മിസ്സിംഗ് ആയതിനാലാണ് വിചാരണ നടപടികൾ നിർത്തി വച്ചിരുന്നത്.
കേരള പോലീസിൻ്റെ വനിതാ ഗുണ്ടാ ലിസ്റ്റിലെ ഒന്നാം പേരുകാരിയും അനവധി ക്രിമിനൽ കേസിലെ പ്രതിയുമായ ശോഭാ ജോണിൻ്റെ കൂട്ടാളിയും നിലവിലെ ഭർത്താവും നാലു വധശ്രമക്കേസുകളിലും വാഹന മോഷണക്കേസുകളിലുമടക്കം പ്രതിയുമായ ശാസ്തമംഗലം പാങ്ങോട് കൂട്ടാംവിള തച്ചങ്കരി വീട്ടിൽ കേപ്പൻ അനിയെന്ന അനിൽകുമാർ , ശാസ്തമംഗലം സ്വദേശി പൂക്കട രാജൻ എന്ന ടി. രാജേന്ദ്രൻ , ശോഭാ ജോൺ , ചന്ദ്ര ബോസ് , അറപ്പു രതീഷ് എന്ന രതീഷ് , സജു , വിമൽ , രാധാകൃഷ്ണൻ എന്നിവരാണ് വിനീഷ് കൊലക്കേസിലെ ഒന്നു മുതൽ എട്ടു വരെയുള്ള പ്രതികൾ.
2010 ൽ കേസ് റെക്കോർഡുകൾ കമ്മിറ്റ് ചെയ്ത് വിചാരണക്കോടതിക്ക് അയച്ചെങ്കിലും മജിസ്ട്രേട്ട് കോടതിയിലെ അന്നത്തെ ജൂനിയർ സൂപ്രണ്ട് തൊണ്ടിമുതലുകൾ അയച്ചിരുന്നില്ല. തൊണ്ടിമുതലുകൾ ഹാജരാക്കാൻ ഒരു മാസം സമയം വേണമെന്ന് ഇപ്പോഴത്തെ ജൂനിയർ സൂപ്രണ്ട് സെഷൻസ് കോടതിയിൽ സാവകാശം തേടിയുള്ള അപേക്ഷാ കത്ത് സമർപ്പിക്കുകയായിരുന്നു. അപേക്ഷ അനുവദിച്ച മുൻ സെഷൻസ് ജഡ്ജി സി.ജെ. ഡെന്നി ഫെബ്രുവരി 22 നകം തൊണ്ടിമുതലുകൾ ഹാജരാക്കാൻ ഉത്തരവിട്ടിരുന്നു. കേസ് വിചാരണ തീയതി ഷെഡ്യൂൾ ചെയ്യാനിരിക്കെയാണ് നിർണ്ണായക തൊണ്ടി മുതലുകൾ മിസ്സിംഗ് ആയ വിവരം വിചാരണ കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. മൂന്നാം പ്രതിയും സംസ്ഥാനത്തെ ഗുണ്ടാ ലിസ്റ്റിലെ ആദ്യ വനിതാ ഗുണ്ടയുമായ ശോഭാ ജോൺ അടക്കം എട്ടു പ്രതികളെ വിചാരണ ചെയ്യാനായി വിചാരണ തീയതി കോടതി ഷെഡ്യൂൾ ചെയ്യാനിരിക്കെയാണ് തൊണ്ടി മുതലുകളും രേഖകളും പരിശോധിച്ച് ഉറപ്പു വരുത്താൻ വിചാരണ കോടതി ഓഫീസിനോട് നിർദേശിച്ചത്. അപ്രകാരം നടത്തിയ പരിശോധനയിലാണ് കമ്മിറ്റൽ കോടതിയായ മജിസ്ട്രേട്ട് കോടതിയിൽ നിന്നും തൊണ്ടിമുതലുകൾ മാത്രം വിചാരണക്കോടതിയിൽ എത്താത്ത കാര്യം ശ്രദ്ധയിൽപ്പെട്ടത്.
വിചാരണക്കു മുന്നോടിയായി പ്രതികൾക്കു മേൽ സെഷൻസ് കോടതി കഴിഞ്ഞ വർഷം കുറ്റം ചുമത്തിയിരുന്നു. തന്നെ വിചാരണ കൂടാതെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ശോഭ ജോൺ സമർപ്പിച്ച വിടുതൽ ഹർജി തള്ളിക്കൊണ്ടാണ് വിചാരണ കോടതി പ്രതികൾക്ക് മേൽ കുറ്റം ചുമത്തിയത്. 2010 ൽ പോലീസ് കുറ്റപത്രം സമർപ്പിച്ച് 10 വർഷം പിന്നിട്ട ശേഷം 2020 ൽ യാതൊരു ഉദ്ദേശ്യ ശുദ്ധിയുമില്ലാതെ വിടുതൽ ഹർജിയുമായി എത്തിയത് വൈകി വന്ന വിവേകമാണോയെന്ന് കോടതി നിരീക്ഷണം നടത്തി. ശോഭാ ജോണും കേപ്പൻ അനിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് ബംഗ്ളുരുവിലടക്കം പെൺവാണിഭം നടത്തിയ ആലുവ വരാപ്പുഴ - വടക്കൻ പറവൂർ പീഢന കേസിൽ 18 വർഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് ശിക്ഷാ തടവു പുള്ളികളായി നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരവെ അപ്പീൽ ജാമ്യത്തിൽ കഴിഞ്ഞു വരികയാണ്.
വിനീഷ് കൊലക്കേസിൽ വിചാരണ ഷെഡ്യൂൾ ചെയ്ത് സാക്ഷി വിസ്താരം തുടങ്ങാനിരിക്കെയാണ് ശോഭ വിടുതൽ ഹർജിയുമായി എത്തിയത്. വിചാരണക്ക് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ച് പ്രതികൾക്ക് മേൽ കുറ്റം ചുമത്താനിരിക്കെയാണ് വിടുതൽ ഹർജിയെന്ന അടവു തന്ത്രം ശോഭാ ജോൺ പുറത്തെടുത്തത്. 2010 ൽ പോലിസ് കുറ്റപത്രം സമർപ്പിച്ച് 10 വർഷം പിന്നിട്ട ശേഷമാണ് ശോഭ വിടുതൽ ഹർജി സമർപ്പിച്ചത്. തനിക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമായതിനാലും തന്നെ ശിക്ഷിക്കാൻ തനിക്കെതിരെ നിയമ സാധുതയുള്ള തെളിവില്ലാത്തതിനാലും തന്നെ വിചാരണ കൂടാതെ കുറ്റവിമുക്തയാക്കി വിട്ടയക്കണമെന്നായിരുന്നു ശോഭയുടെ ഹർജിയിലെ ആവശ്യം. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 227 പ്രകാരമുള്ള വിടുതൽ ഹർജി തള്ളിക്കൊണ്ടാണ് വകുപ്പ് 228 പ്രകാരം കുറ്റം ചുമത്തിയത്. പ്രതികൾ കൃത്യം ചെയ്തതായി പ്രഥമദൃഷ്ട്യാ അനുമാനിക്കാവുന്ന തെളിവുകൾ കോടതി മുമ്പാകെ ഉള്ളതായി ചൂണ്ടിക്കാട്ടിയാണ് പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തിയത്.
2015 മാർച്ച് 27 ന് വിചാരണ തുടങ്ങാനായി കോടതി കുറ്റം ചുമത്താനിരിക്കെ നാലാം പ്രതി ചന്ദ്രബോസും അഞ്ചാം പ്രതി അറപ്പു രതീഷും കോടതിയിൽ ഹാജരാകാതെ മുങ്ങി ഒളിവിൽ പോയി. തുടർന്ന് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടുത്തരവ് നടപ്പിലാക്കി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാൻ വേണ്ടി വന്ന കാലതാമസമാണ് വിചാരണ ആരംഭിക്കൽ വൈകിപ്പിച്ചത്. തുടർന്നാണ് ശോഭ വിടുതൽ ഹർജിയെന്ന അടവു തന്ത്രം പയറ്റി നോക്കാനായി പുറത്തെടുത്തത്.
2009 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുണ്ടാ നേതാവും നഗരത്തിലെ മുന്തിയ ഹോട്ടലുകൾ , മണൽ ലോറികൾ , ക്വാറി - മണ്ണ് മാഫിയ തുടങ്ങിയവരിൽ നിന്നും ഗുണ്ടാ പിരിവ് , കൂലിത്തല്ല് , അടിപിടി തുടങ്ങി അനവധി കേസുകളിലെ പ്രതിയുമായിരുന്നു ആൽത്തറ വിനീഷ്.
ഇയാൾ തിരുവനന്തപുരം നഗരമധ്യത്തിലെ സിറ്റി പോലീസ് കമീഷണറുടെ മുന്നിൽ കോടതി ഉത്തരവിട്ട ജാമ്യവ്യവസ്ഥ പാലിക്കാനായി ഹാജരായി രജിസ്റ്ററിൽ ഒപ്പിട്ട് പുറത്തിറങ്ങിയ ഉടൻ ശോഭാ ജോണിൻ്റെ ഗുണ്ടാ സംഘം വിനീഷിനെ പട്ടാപ്പകൽ കമീഷണറാഫീസിന് സമീപം വെച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. വെട്ടു കൊണ്ടോടിയ വിനീഷ് ഇൻകം ടാക്സ് ഉദ്യോഗസ്ഥാനായിരുന്ന റാവുവിൻ്റെ കരിങ്കൽ മതിൽ ചാടിക്കടന്നെങ്കിലും ഗുണ്ടകൾ സംഘം ചേർന്ന് വാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കമ്മീഷണറാഫീസിലെ ഒരു സർക്കിൾ ഇൻസ്പെക്ടറാണ് വിനീഷിനെ സ്കെച്ച് ചെയ്ത് ശോഭാ ജോണിന് ഒറ്റിക്കൊടുത്ത് വിവരം കൈമാറിയതെന്ന് ആരോപണമുണ്ട്. കൊല്ലപ്പെടുന്നതിന് ആറു മാസം മുമ്പ് വിനീഷ് വെള്ളയമ്പലം ബുറാക്ക് ഹോട്ടലിൽ ചെന്ന് ഗുണ്ടാപ്പിരിവ് ചോദിച്ചു. എന്നാൽ മുതലാളി സ്ഥലത്തില്ലെന്നും മുതലാളി പറയാതെ പണം തരാൻ പറ്റില്ലെന്നും കാഷ്യർ അറിയിച്ച ഉടൻ വാൾ കൊണ്ട് വെട്ടി വിനീഷ് കാഷ്യറുടെ കൈക്ക് മാരകമായി പരിക്കേൽപ്പിച്ച് ക്യാഷ് കൗണ്ടറിലെ ക്യാഷ് ബോക്സിൽ നിന്നും പണം പിടിച്ചു പറിച്ചു കൊണ്ടുപോയി.
നഗരത്തിലെ സമ്പന്നരുടെ മക്കളെ സംഘത്തിൽ ചേർത്ത് അവരെക്കൊണ്ട് കുറ്റകൃത്യങ്ങൾ ചെയ്യിച്ച് അവർക്ക് പുറത്തിറങ്ങാനാവാത്ത വിധം അവരെ തൻ്റെ വരുതിയിൽ നിർത്തുന്നതിൽ വിരുതനായിരുന്നു വിനീഷ്.
നഗരത്തിൽ ശോഭാ ജോൺ' നടത്തി വന്ന നക്ഷത്ര വേശ്യാലയം ഉൾപ്പെടെയുള്ള നിയമ വിരുദ്ധ ബിസിനസ്സിൽ നിന്നും ഗുണ്ടാ പിരിവ് ചോദിച്ചതും ശോഭയുടെ നിലവിലെ ഭർത്താവ് കേപ്പൻ അനിയുടെ സഹോദരനെ കൊലപ്പെടുത്തിയതിൽ വിനീഷ് പ്രധാന പങ്കു വഹിച്ചതിലും നഗരത്തിലെ പ്രബല ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും ബിസിനസ് വൈരാഗ്യവുമാണ് വിനീഷിൻ്റെ കൊലയ്ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷൻ കേസ്.
വരാപ്പുഴയിലെയും വടക്കൻ പറവൂരിലെയും മൈനർ പെൺകുട്ടികളെ ബംഗ്ളുരുവിൽ അടക്കം കൊണ്ടുപോയി പെൺവാണിഭം നടത്തിയതിന് ചാർജ് ചെയ്യപ്പെട്ട പറവൂർ - വരാപ്പുഴ പീഡനക്കേസുകളിൽ 18 വർഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട ശോഭയും കേപ്പൻ അനിയും അപ്പീൽ ജാമ്യത്തിലാണ്. പീഡനക്കേസിൽ സിനിമാ താരം ബെച്ചു റഹ്മാൻ ശോഭയുടെ കൂട്ടു പ്രതിയാണ്. 30 പീഡന കേസുകളിൽ ഇനിയും വിചാരണ നടക്കേണ്ടതായിട്ടുണ്ട്.
https://www.facebook.com/Malayalivartha

























