എന്തിന് മൊഴിമാറ്റി... അഞ്ച് മാസത്തോളം എം. ശിവശങ്കറിനേയും മറ്റ് വേണ്ടപ്പെട്ടവരേയും വേണ്ടതുപോലെ സംരക്ഷിച്ച സ്വപ്ന സുരേഷ് പെട്ടന്ന് മൊഴിമാറ്റിയതെന്തിന്? നിരവധി ചോദ്യങ്ങള്‍ ബാക്കിയാകുമ്പോള്‍ അടുത്തിടെ ഇറങ്ങിയ ശബ്ദ സന്ദേശത്തിന് പുറകിലും സംശയം ഉയരുന്നു

ശിവങ്കര്‍ സാര്‍ പാവമാണ്, അങ്ങനെയൊന്ന് ചിന്തിക്കുന്നത് തന്നെ പാപം കിട്ടും, അത്രയ്ക്ക് പുണ്യജന്മമാണത്... എന്നൊക്കെയായിരുന്നു കഴിഞ്ഞ 5 മാസക്കാലവും സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെപ്പറ്റി സ്വപ്ന സുരേഷിന് പറയാനുണ്ടായിരുന്നത്. സ്വപ്നയുടെ ഈ ഉറച്ച നിലപാട് തന്നെയാണ് അന്വേഷണ സംഘത്തിന് ശിവശങ്കറിലേക്കെത്താന്‍ വൈകിപ്പിച്ചത്. എന്നാല്‍ സ്വപ്നയുടെ ജയില്‍വാസം അനന്തമായി നീണ്ടു പോയതോടെ തന്നെ സംരക്ഷിക്കാത്തവരെ താനെന്തിന് സംരക്ഷിക്കണം എന്നമട്ടിലായി കാര്യങ്ങള്‍. മുഖ്യമന്ത്രിക്കെതിരെ പറയാന്‍ അന്വേഷണ സംഘം പ്രേരിപ്പിക്കുന്നു എന്ന സ്വപ്നയുടെ ഓഡിയോ സന്ദേശം വന്നതിന് പുറകേയാണ് സ്വപ്ന രഹസ്യ മൊഴി നല്‍കിയതെന്നു കൂടിയോര്‍ക്കണം. ആ ഓഡിയോയിലെ അന്വേഷണവും എങ്ങും എത്തിയില്ല. ഇതും അതും തമ്മില്‍ ബന്ധമുണ്ടോന്ന ചോദ്യം മാത്രം ബാക്കിയായി.
സ്വര്‍ണക്കടത്ത് അന്വേഷണം തുടങ്ങി അഞ്ചുമാസത്തോളം ആവര്‍ത്തിച്ച മൊഴികള്‍ സ്വപ്നാ സുരേഷ് പൊടുന്നനെ മാറ്റിയതോടെയാണ് അത് എന്തിനെന്ന ചോദ്യമുയരുന്നന്നത്. എം. ശിവശങ്കറിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു സ്വപ്നയുടെ ഇതുവരെയുള്ള മൊഴി.
പുതിയ മൊഴിയില്‍ ശിവശങ്കറിന് എല്ലാം അറിയാമായിരുന്നു എന്നാണുള്ളത്. ഈ മൊഴിമാറ്റത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്കും ദുരൂഹമായ മൗനമാണ്. കോടതിയില്‍ സമര്‍പ്പിച്ച പുതിയ മൊഴിക്കൊപ്പം സ്വപ്ന എന്തിന് മൊഴിമാറ്റി എന്നതിന് ഉത്തരം നല്‍കിയിട്ടുമില്ല. അന്വേഷണം ആറാം മാസത്തിലേക്ക് കടക്കുമ്പോള്‍ മജിസ്‌ട്രേറ്റിനുമുന്നില്‍ സ്വപ്ന നല്‍കുന്ന രഹസ്യമൊഴിയില്‍ പുതിയ വെളിപ്പെടുത്തലുകളോ മൊഴിമാറ്റങ്ങളോ ഉണ്ടാകുമെന്നാണ് കരുതുന്നത്. അടിക്കടി മാറ്റിക്കൊണ്ടിരിക്കുന്ന സ്വപ്നയുടെ മൊഴികളുടെ വിശ്വാസ്യതയും ഇതോടെ ചോദ്യംചെയ്യപ്പെടുകയാണ്.
സ്വര്‍ണക്കടത്തില്‍ ജൂലായ് അഞ്ചിനാണ് കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജൂലായ് 11ന് എന്‍.ഐ.എ. സ്വപ്നയെയും സന്ദീപ് നായരെയും ബെംഗളൂരുവില്‍നിന്നും പിടികൂടി. തൊട്ടടുത്ത ദിവസം കൊച്ചിയിലെത്തിച്ചു. അന്നുമുതല്‍ നവംബര്‍ 10ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) പുതിയ മൊഴി നല്‍കുന്നതുവരെ എം. ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നാണ് സ്വപ്ന ആവര്‍ത്തിച്ചിരുന്നത്. സ്വപ്ന ശിവശങ്കറിനെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് അന്വേഷണ ഏജന്‍സികള്‍ ഇതിനെ ന്യായീകരിക്കുന്നത്. പക്ഷേ, എന്തിന് രക്ഷിക്കാന്‍ ശ്രമിച്ചു എന്നതിന് ഉത്തരമില്ല.
സ്വര്‍ണക്കടത്ത് അന്വേഷണത്തില്‍ കസ്റ്റംസിന് പ്രതി നല്‍കുന്ന മൊഴി, കസ്റ്റംസ് ആക്ട് സെക്ഷന്‍ 108 പ്രകാരവും ഇ.ഡി.ക്ക് നല്‍കുന്ന മൊഴി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പി.എം.എല്‍.എ.) സെക്ഷന്‍ 50 പ്രകാരവുമാണ്. ഇവ രണ്ടും കോടതിയില്‍ തെളിവുമൂല്യമായി കണക്കാക്കുന്നതാണ്. ഈ മൊഴികളാണ് സ്വപ്നാ സുരേഷ് മാറ്റിപ്പറഞ്ഞിരിക്കുന്നത്.
സ്വപ്നയുടെ പുതിയ മൊഴിയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ശിവശങ്കറിന് ജാമ്യം നിഷേധിച്ചുള്ള വിധിയില്‍ നവംബര്‍ 10ലെ മൊഴി സൂക്ഷ്മ പരിശോധന നടത്തേണ്ടതുണ്ടെന്നും ഏതെങ്കിലും വാഗ്ദാനങ്ങളുടെ പുറത്തുള്ളതാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം സ്വപ്നയുടെ പുതിയ മൊഴിയില്‍ പല വമ്പന്‍മാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. സ്വപ്ന കസ്റ്റംസിന് നല്‍കിയ പുതിയ മൊഴിയുടെ പശ്ചാത്തലത്തിലാണ് റിവേഴ്‌സ് ഹവാലയില്‍ അന്വേഷണം നടക്കുന്നത്. അതില്‍ പല വമ്പന്‍മാരും ഉണ്ടെന്നാണ് പറയുന്നത്. എന്തായാലും സ്വപ്നയുടെ പെട്ടന്നുള്ള മൊഴിമാറ്റത്തിന്റെ ഫലം എന്താകുമെന്ന് ഉടനറിയാം.
"
https://www.facebook.com/Malayalivartha