അടുക്കളയുടെ വാതില്‍ അകത്തു നിന്നും കുറ്റിയിട്ട ശേഷം രണ്ടു സാരി കൂട്ടിക്കെട്ടി ഫ്ലാറ്റിലെ ആറാം നിലയില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച 55 വയസ്സുകാരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു... കൊച്ചി മറൈന്‍ ഡ്രൈവിന് സമീപത്തുള്ള ലിങ്ക് ഹൊറൈസണ്‍ എന്ന ഫ്ലാറ്റിൽ നിന്നും യുവതിയുടെ രക്ഷാശ്രമം എന്തിന് വേണ്ടി?... ദുരൂഹത തുടരുന്നു..

കൊച്ചിയിലെ ഫ്ലാറ്റില്‍ ആറാം നിലയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ താഴെ വീണ് പരിക്കേറ്റ 55 വയസ്സുകാരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററിലാണ് തമിഴ്നാട് സ്വദേശിയായ കുമാരി. സംഭവത്തില്‍ ഫ്ലാറ്റുടമയുടെയും ഫ്ലാറ്റിലെ മറ്റ് താമസക്കാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഫ്ലാറ്റിലെ ജോലിക്കാരിയായ കുമാരി ഇത്തരത്തില്‍ സാഹസികമായി താഴേക്കിറങ്ങാന്‍ ശ്രമിച്ചതെന്തിനാണെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
അടുക്കളയുടെ വാതില്‍ അകത്തു നിന്നും കുറ്റിയിട്ട ശേഷമാണ് ഇവര്‍ പുറത്തേക്ക് രണ്ടു സാരി കൂട്ടിക്കെട്ടി താഴേക്ക് ഇറങ്ങാൻ ശ്രമിച്ചത്.
മറൈന്‍ ഡ്രൈവിന് സമീപത്തുള്ള ലിങ്ക് ഹൊറൈസണ്‍ എന്ന ഫ്ലാറ്റിലാണ് സംഭവമുണ്ടായത്.
55 വയസ്സുള്ള കുമാരി കഴിഞ്ഞ കുറച്ചുകാലമായി ഫ്ലാറ്റുടമയായ ഇംതിയാസ് അഹമ്മദിന്‍റെ വീട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു.
കൊവിഡ് ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം നാട്ടിലേക്ക് മടങ്ങിയ ഇവര്‍ പത്ത് ദിവസം മുൻപ് മാത്രമാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്.
ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷന്‍ സെക്രട്ടറിയാണ് ഇംതിയാസ് അഹമ്മദ്. ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ തന്നെയാണ് ഇവര്‍ ചാടിയതെന്ന് തന്നെയാണ് പൊലീസിന്‍റെ ഇപ്പോഴത്തെ നിഗമനം.
അബദ്ധത്തില്‍ ഇവര്‍ ഫ്ലാറ്റിന്‍റെ ആറാം നിലയില്‍ നിന്ന് വീണതാണോ എന്ന് പൊലീസ് പരിശോധിച്ചിരുന്നു.
എന്നാല്‍ അതല്ലെന്ന് പൊലീസ് ഉറപ്പിക്കുന്നു. സാരി താഴേക്ക് കെട്ടിത്തൂക്കിയിട്ടാണ് ഇവര്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത്.
ചാടുന്ന സമയത്ത് അടുക്കള അകത്ത് നിന്ന് പൂട്ടിയിരുന്നുവെന്നും പൊലീസ് പറയുന്നു.
ഇതുകൊണ്ടുതന്നെ, ആത്മഹത്യാശ്രമമോ അബദ്ധത്തില്‍ വീണതോ അല്ലെന്ന് പൊലീസ് ഉറപ്പിക്കുന്നു. പരിക്കേറ്റ സ്ത്രീക്ക് മാനസികപ്രശ്നങ്ങളുണ്ടായിരുന്നോ എന്നതടക്കമുള്ള വിവരങ്ങളും അന്വേഷിക്കും.
https://www.facebook.com/Malayalivartha