അമ്പരന്ന് കേന്ദ്ര നേതാക്കള്‍... ഒരിടവേളയ്ക്ക് ശേഷം കസ്റ്റംസ് ആഞ്ഞടിച്ചപ്പോള്‍ അന്വേഷണമെത്തിയത് മറ്റൊരു വഴിക്ക്; ഇതുവരെ കണ്ടെത്തിയതില്‍ വലിയ നേതാവ് പെടുമോയെന്ന് ആശങ്ക; സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാവിന് ഡോളര്‍ കടത്തിലും പങ്കെന്ന് സരിത്തിന്റേയും സ്വപ്നയുടേയും വെളിപ്പെടുത്തല്‍

കുറേനാള്‍ ഉറക്കത്തിലാണെന്ന് പേരുദോഷം കേള്‍പ്പിച്ച കസ്റ്റംസ് വീണ്ടും അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. അതോടെ വലിയ കണ്ടെത്തലുകളാണ് നടത്തിയിരിക്കുന്നത്. അന്വേഷണം കടുപ്പിച്ചപ്പോള്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സരിത്തും സ്വപ്നയും വലിയ വെളിപ്പെടുത്തലുകളാണ് നടത്തിയത്. സംസ്ഥാനത്ത് പ്രമുഖ പദവി വഹിക്കുന്ന ഉന്നത രാഷ്ട്രീയനേതാവിനു ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്നാണ്പി.എസ്. സരിത് കസ്റ്റംസിനു മൊഴി നല്‍കി. ഇതു സ്ഥിരീകരിച്ചും നേതാവുമായി തനിക്കുള്ള ബന്ധം വെളിപ്പെടുത്തിയും സ്വപ്ന സുരേഷും മൊഴി നല്‍കി. ഇതോടെ നേതാവിന്റെ കാര്യത്തില്‍ തീരുമാനമായി. ഇദ്ദേഹത്തിന്റെ കാര്യത്തില്‍ കേന്ദ്ര നേതാക്കളും അതൃപ്തി രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്.
അതേസമയം ഡോളറാക്കിയ പണത്തിന്റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദ അന്വേഷണത്തിനൊരുങ്ങുകയാണ്. ഏതു തരത്തിലുള്ള പണമാണു കൈമാറ്റം ചെയ്തതെന്നും ആരുടെയൊക്കെ സാമ്പത്തിക പങ്കാളിത്തമുണ്ടെന്നും അന്വേഷിക്കും.
നേതാവിന്റെ വിദേശയാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കു പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യും. നേതാവിനെയും ചോദ്യം ചെയ്യേണ്ടി വരുമെന്നതിനാല്‍ ഇതിന്റെ നിയമവശം കൂടി അന്വേഷണ സംഘം പരിശോധിക്കുകയാണ്.
നേതാവ് കൈമാറിയ പണം, അതിനു ഡോളര്‍ നല്‍കിയ സ്ഥലം എന്നിവയടക്കമുള്ള വിശദാംശങ്ങള്‍ സരിത്ത് നല്‍കിയതായാണ് വിവരം. ഇടപാടില്‍ താന്‍ നല്‍കിയ സഹായത്തെക്കുറിച്ചു സ്വപ്നയും വെളിപ്പെടുത്തി.
ഒരു പ്രമുഖ വിദേശ സര്‍വകലാശാലയുടെ ഫ്രാഞ്ചൈസി യുഎഇയിലെ ഷാര്‍ജയില്‍ തുടങ്ങാന്‍ നേതാവിന് ഉദ്ദേശമുണ്ടായിരുന്നതായാണു സ്വപ്ന നല്‍കിയ വിവരം. ഇതിനാണ് ഡോളറാക്കി പണം നല്‍കിയത്. ബെംഗളൂരുവില്‍ വിദ്യാഭ്യാസ കണ്‍സല്‍റ്റന്‍സി സ്ഥാപനം നടത്തുന്ന മലയാളി യുഎഇയിലെ തന്റെ ബന്ധങ്ങള്‍ വച്ച് നേതാവിനു വേണ്ട സഹായം ചെയ്തിരുന്നു. ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരവും കസ്റ്റംസിനു കൈമാറി. നേതാവുമായുള്ള ബന്ധത്തെക്കുറിച്ചു സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകളും സാമ്പത്തിക ഇടപാടു വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചു. പരിശോധനയില്ലാതെ വിമാനം വരെ പോകാവുന്ന വിഐപി പരിരക്ഷയാണ് ഇദ്ദേഹത്തിനു വിമാനത്താവളത്തില്‍ ലഭിച്ചിരുന്നത്. അതു ദുരുപയോഗം ചെയ്യപ്പെട്ടതായി അന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നു.
അതേസമയം യുഎഇ കോണ്‍സുലേറ്റ് ഫിനാന്‍സ് വിഭാഗം മുന്‍ തലവന്‍ ഖാലിദ് അലി ഷൗക്രി 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്കു കടത്തിയ കേസില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി വരെ നീണ്ടു. ഈ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ ചോദ്യം ചെയ്യും.
സ്വര്‍ണക്കടത്തു കേസ് പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും സഹായത്തോടെ 2019 ഓഗസ്റ്റ് 7ന് ഖാലിദ് ഡോളര്‍ കടത്തിയെന്നാണു കേസ്. ലൈഫ് മിഷന്‍ പദ്ധതി കരാറിന്റെ കമ്മിഷനായി 3.8 കോടി രൂപ 2019 ഓഗസ്റ്റ് 2ന് അലി ഷൗക്രിക്കു കൈമാറിയതായും ഇതിലൊരുഭാഗം ഡോളറായിരുന്നുവെന്നും സന്തോഷ് മൊഴി നല്‍കിയിരുന്നു. തിരുവനന്തപുരത്തെയും കൊച്ചിയിലെയും കരിഞ്ചന്തയില്‍ നിന്നാണു ഡോളര്‍ സംഘടിപ്പിച്ചതെന്നും മൊഴിയിലുണ്ട്. താന്‍ നല്‍കിയതു കൈക്കൂലിയല്ലെന്നും കമ്മിഷനാണെന്നും ചോദ്യം ചെയ്യലിനെത്തിയ സന്തോഷ് ഈപ്പന്‍ മാധ്യമങ്ങളോടു പറഞ്ഞു.
സ്വര്‍ണക്കടത്തു കേസില്‍ എം. ശിവശങ്കറിന്റെയും ഡോളര്‍ കടത്തു കേസില്‍ സ്വപ്ന, സരിത് എന്നിവരുടെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. 2 കേസുകളിലുമായി കസ്റ്റഡിയിലുള്ള പ്രതികളെ ഒരുമിച്ചിരുത്തിയാണു ചോദ്യം ചെയ്യുന്നത്. ശിവശങ്കറിനെ ഡോളര്‍ കടത്ത് കേസില്‍ പ്രതി ചേര്‍ക്കാനും കസ്റ്റംസ് ആലോചിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha