ബിനീഷിനും പൊല്ലാപ്പ്... സിബിഐയെ മൂലയ്ക്കിരുത്തി സിബിഐയുടെ റോള്‍ സിപിഎം ഏറ്റെടുത്തപ്പോഴും കണ്ടെത്തിയത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍; കളമശേരി മുന്‍ ഏരിയാ സെക്രട്ടറി വി.എ. സക്കീര്‍ ഹുസൈനെതിരെയുള്ള സി.പി.എം അന്വേഷണ റിപ്പോര്‍ട്ട് കണ്ട് സകല സഖാക്കള്‍ക്കും ഞെട്ടല്‍; സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം കൂടി ഏല്‍പ്പിച്ചാലോയെന്ന് ചാനല്‍ ചര്‍ച്ചാ സഖാക്കള്‍

ഏയ് അതൊന്നും പോലീസോ സിബിഐയോ അന്വേഷിക്കേണ്ട കാര്യമില്ല. പാര്‍ട്ടിക്ക് അന്വേഷിക്കാനുള്ള എല്ലാ സംവിധാനവുമുണ്ട്. നേതാക്കന്‍മാര്‍ ഊരാക്കുടുക്കില്‍ പെടുമ്പോള്‍ പാര്‍ട്ടിയാണ് അന്വേഷണ കമ്മീഷനെ വയ്ക്കുന്നതും കണ്ടെത്തുന്നതും നടപടിയെടുക്കുന്നതും. ഈ രാജ്യത്ത് നിയമ സംവിധാനമുള്ളപ്പോള്‍ ഈ പാര്‍ട്ടി ലൈന്‍ വേറെയാണ്. പരാതിക്കാരും വേട്ടക്കാരനും പാര്‍ട്ടിക്കാര്‍ ആകുമ്പോള്‍ അവസാനം എല്ലാം കോപ്ലിമെന്റ്. പുറത്ത് പരാതി പറയാന്‍ ആരും ധൈര്യപ്പെടാത്തതിനാല്‍ എല്ലാം അതോടെ അവസാനിപ്പിക്കും.
ഇപ്പോള്‍ സിബിഐയെക്കാളും വെല്ലുന്ന അന്വേഷണമാണ് സിപിഎം നടത്തിയിരിക്കുന്നത്. സിബിഐ അന്വേഷണം വലിച്ചിഴച്ച് നാണക്കേടുണ്ടാക്കുമ്പോള്‍ അതിനേക്കാള്‍ പതിന്മടങ്ങ് വേഗത്തില്‍ ഒരീച്ച പോലും അറിയാതെ അന്വേഷണം പൂര്‍ത്തിയാക്കി സിപിഎം റിപ്പോര്‍ട്ടും നല്‍കി. ഇന്നലെ ഒരു സ്വകാര്യ ചാനലിലൂടെയാണ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നത്.
സി.പി.എം കളമശേരി ഏരിയാ മുന്‍ സെക്രട്ടറി വി.എ. സക്കീര്‍ ഹുസൈനെതിരായുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദിക്കുകയും സംശയകരമായ വിദേശയാത്രകള്‍ നടത്തുകയും ചെയ്തതായാണ് പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയത്. രണ്ട് സെന്റിലെ വീട്ടില്‍ താമസിച്ചിരുന്ന സക്കീര്‍ ഹുസൈന്‍ 10 വര്‍ഷത്തിനിടെ അഞ്ച് വീടുകളാണ് സ്വന്തമാക്കിയത്. 76 ലക്ഷം രൂപയ്ക്കാണ് ഒടുവില്‍ വീട് വാങ്ങിയത്. ഇതിന് വേണ്ടി 65 ലക്ഷം വായ്പയെടുത്തെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ സക്കീറിനെ നിയന്ത്രിക്കാന്‍ ഏരിയാകമ്മിറ്റിക്ക് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി എറണാകുളം ജില്ലാ കമ്മിറ്റി അന്വേഷണം നടത്തി ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്ന് സക്കീറിനെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംസ്ഥാന സമിതിയംഗം സി.എം. ദിനേശ് മണി, ജില്ലാ സെക്രട്ടേറിയറ്റംഗം പി.ആര്‍. മുരളീധരന്‍ എന്നിവരാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്. നാലു വീടുകള്‍ വാങ്ങിക്കൂട്ടി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ സക്കീര്‍ 2018 ല്‍ 76 ലക്ഷം രൂപയുടെ ഒരു വീട് കൂടി വാങ്ങി. ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നുമായി 65 ലക്ഷം രൂപ വായ്പയെടുത്തു. മുമ്പ് വാങ്ങിയ വീടുകള്‍ക്കും പുതിയ വീടിനുമുള്ള വായ്പ തിരിച്ചടയ്ക്കാനുള്ള വരുമാനം സക്കീറിന്റെ കുടുംബത്തിനില്ല. പത്തു വര്‍ഷത്തിനിടെയാണ് ഇത്രയും വീടുകള്‍ വാങ്ങിയത്. ഇക്കാലത്ത് രണ്ടു കമ്മിഷനുകള്‍ അന്വേഷിച്ചെങ്കിലും തെറ്റ് തിരുത്താന്‍ സക്കീറിനായില്ല. 2016ലെ വിദേശയാത്ര പാര്‍ട്ടിയെ അറിയിച്ചില്ല. ദുബായില്‍ പോയെന്നായിരുന്നു വിശദീകരണം. പാസ്‌പോര്‍ട്ട് പ്രകാരം പോയത് ബാങ്കോക്കിലേക്കാണ് പോയത്. ജില്ലാ കമ്മിറ്റി അംഗം വീടു വാങ്ങുമ്പോള്‍ പാര്‍ട്ടി അനുമതി വാങ്ങണമെന്നത് പാലിച്ചില്ല. വിദേശത്ത് പോകാന്‍ സംസ്ഥാന കമ്മിറ്റിയുടെ അനുമതി വേണം. സക്കീറിന് വേറെ വീടുകളുണ്ടെന്ന് ഏരിയാ കമ്മിറ്റിക്ക് അറിയാമായിരുന്നു.
സക്കീറിനെതിരെ കളമശേരി സ്‌കൂള്‍ ബ്രാഞ്ച് സെക്രട്ടറി കെ.കെ. ശിവനാണ് പാര്‍ട്ടിക്ക് 2019 ജൂണില്‍ പരാതി നല്‍കിയത്. റിപ്പോര്‍ട്ട് ലഭിച്ച ജില്ലാ കമ്മിറ്റി 2020 മാര്‍ച്ചില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സക്കീറിന്റെ വിശദീകരണം ജൂലായില്‍ തള്ളി. തുടര്‍ന്ന് ആറു മാസത്തേക്ക് പാര്‍ട്ടി അംഗത്വം സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു.
അതിനിടെ ബിനീഷുമായും ബന്ധമെന്ന് ഇ.ഡിക്ക് പരാതി കിട്ടിയിട്ടുണ്ട്. സക്കീര്‍ ഹുസൈന്റ അനധികൃത സ്വത്ത് സമ്പാദ്യത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കളമശേരിയിലെ പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു പരാതി നല്‍കി. പാര്‍ട്ടി സ്ഥാനം മറയാക്കി ക്രിമിനല്‍ കേസുകള്‍ ഒത്തുതീര്‍ത്തും അട്ടിമറിച്ചും ക്വട്ടേഷന്‍ നടത്തിയുമാണ് കള്ളപ്പണം സമ്പാദിക്കുന്നതെന്നാണ് പരാതി. ബിനീഷ് കോടിയേരിയുമായുള്ള ബന്ധം ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തുന്നതെന്നും പരാതിയില്‍ പറയുന്നു.
L
https://www.facebook.com/Malayalivartha