വണ്ടി റെഡിയാണ്.... ഉന്നതബന്ധം ഉറപ്പിക്കാന്‍ സ്വപ്‌നയുടെ രഹസ്യമൊഴി; വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ വീണ്ടെടുത്തതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാകുന്നു; ഒരു ഉന്നതനെ കാണാന്‍ സ്വപ്‌ന പൊതിയുമായി പോകുന്നതും തിരിച്ചുവരുന്നതും കണ്ടതായി സെക്യൂരിറ്റി ജീവനക്കാരനും

സ്വര്‍ണക്കടത്ത് കേസ് നിര്‍ണായക വഴിത്തിരിവിലേക്കാണ് പോകുന്നത്. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വമ്പന്മാരെ ഒന്നൊന്നായി പൊക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളാണ് സ്വര്‍ണക്കടത്തു കേസില്‍ ഉന്നത നേതാവിന്റെ പങ്ക് വ്യക്തമാക്കിയത്. സര്‍ക്കാരിലെ ഉന്നതന്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ വീണ്ടെടുത്തതാണു നിര്‍ണായകമാകുന്നത്. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമടക്കം ഏതാനും പ്രമുഖരെപ്പറ്റി സ്വപ്‌ന ഞെട്ടിപ്പിക്കുന്നമൊഴി നല്‍കിയെന്നു സൂചന.
രണ്ടു വര്‍ഷത്തെ സന്ദേശങ്ങളാണ് സ്വപ്‌നയുടെ ഫോണില്‍ നിന്നു ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തിയത്. ഡോളര്‍ കടത്തിലടക്കം സുപ്രധാന വിവരങ്ങളുള്ള ചാറ്റുകളാണിവ. ഇ.ഡിയില്‍നിന്നു വിശദാംശങ്ങള്‍ വാങ്ങി കസ്റ്റംസ് നടത്തിയ ചോദ്യംചെയ്യലില്‍ സ്വപ്‌ന നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയതോടെയാണു മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ മൂന്നു മുതല്‍ രണ്ടു ദിവസം നടത്തിയ മൊഴിയെടുക്കല്‍ ഇന്നു തുടരും. ഒരു ഉന്നതനെ കാണാന്‍ സ്വപ്‌ന പൊതിയുമായി പോകുന്നതും തിരിച്ചുവരുന്നതും കണ്ടതായി സെക്യൂരിറ്റി ജീവനക്കാരന്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്. ഇദ്ദേഹം തനിക്കൊപ്പം വിദേശയാത്ര നടത്തിയെന്നു സ്വപ്‌ന വെളിപ്പെടുത്തി. ഈ യാത്രകളില്‍ ഗ്രീന്‍ ചാനല്‍ സൗകര്യമുപയോഗിച്ചു സ്വന്തം ബാഗില്‍ ഡോളര്‍ കടത്തിയോ എന്നു പരിശോധിക്കുകയാണ്. ചില വിവരങ്ങള്‍ വീണ്ടെടുത്ത ചാറ്റിലുണ്ടെന്നാണു വിവരം.
ഏതാനും വര്‍ഷങ്ങള്‍ക്കിടെ നടത്തിയ നിരവധി വിദേശ യാത്രകളുടെയും സ്വപ്‌നയുമായുള്ള വ്യക്തിബന്ധത്തിന്റെയും വിദേശത്തെ കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ ചാറ്റുകളിലുണ്ടെന്നാണു സൂചന. ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല. രഹസ്യമൊഴിയുടെ പകര്‍പ്പു ലഭിക്കുന്നതോടെ ഉന്നതനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് അനുമതിതേടും. അതേസമയം സ്വപ്‌നയുടെയും സരിത്തിന്റെയും കസ്റ്റംസ് കസ്റ്റഡി കാലാവധി ഇന്നു തീരുകയാണ്.
രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ പ്രമുഖരുടെ കള്ളപ്പണം ഡോളറാക്കി സ്വപ്‌നയും സംഘവും യു.എ.ഇ. കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ചാനലിലൂടെ കടത്തിയെന്നാണു കസ്റ്റംസിനു വ്യക്തമായത്. മൂന്നു വര്‍ഷമായി സ്വപ്‌നയും സംഘവും റിവേഴ്‌സ് ഹവാല ഇടപാട് നടത്തുന്നതായാണു കണ്ടെത്തല്‍. സ്വപ്‌നയുടെ മൊഴിയിലും റിവേഴ്‌സ് ഹവാല നടത്തിയെന്നു വ്യക്തമാണ്. റിവേഴ്‌സ് ഹവാലപ്പണം വിദേശത്തു ബിസിനസില്‍ മുടക്കുകയാണു ചെയ്യുന്നത്. സ്റ്റാര്‍ട്ടപ്പുകളിലും പല ഉന്നതരും ബിനാമിയായി പണം മുടക്കിയിട്ടുണ്ടെന്നാണു വിവരം. വിദേശത്തു നടക്കുന്ന പല ബിസിനസ് ഡീലുകളുടെയും ഒത്തുതീര്‍പ്പുകളുടെയും കമ്മീഷന്‍ സ്വര്‍ണമാക്കിയാണ് ഇന്ത്യയിലെത്തിക്കുന്നത്.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. ശിവശങ്കറിന് ഡോളര്‍ കടത്ത് കേസില്‍ ഉള്ള പങ്കിനെ കുറിച്ച് ആയിരുന്നു പ്രധാനമായും അന്വേഷണം കഴിഞ്ഞ ദിവസങ്ങളില്‍ അറിയാന്‍ ശ്രമിച്ചത്. ഡോളര്‍ കടത്ത് കേസില്‍ വമ്ബന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസിന് കണ്ടെത്തല്‍. ഇനി അവരെ പൊക്കി എല്ലാം മറനീക്കി പുറത്താക്കാനുള്ള ശ്രമത്തിലാണ് കസ്റ്റംസും ഇഡിയും.
"
https://www.facebook.com/Malayalivartha