അഞ്ച് ജില്ലകൾ നാളെ പോളിംഗ് ബൂത്തിലേക്ക്;ആശങ്കയോടെയും ആവേശത്തോടെയും മുന്നണികൾ

ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകൾ നാളെ പോളിംഗ് ബൂത്തിലേക്ക്. 88 ലക്ഷത്തോളം വോട്ടർമാരാണ് വിധിയെഴുതുന്നത്. ആവേശകരമായ പരസ്യപ്രചരണത്തിന് ശേഷം നിശബ്ദ പ്രചാരണത്തിൽ സജീവമാകുകയാണ് സ്ഥാനാർത്ഥികൾ.
കൊവിഡ‍് നിയന്ത്രണങ്ങൾക്കിടയിലും വാശിയേറിയ പരസ്യപ്രചാരണത്തിനാണ് അഞ്ച് ജില്ലകളും സാക്ഷ്യംവഹിച്ചത്. നിശബ്ദ പ്രചാരണത്തിലേക്ക് മുന്നണികൾ കടക്കുമ്പോൾ ആത്മവിശ്വാസത്തിനൊപ്പം ആശങ്ക നൽകുന്ന ഘടകങ്ങളും നിരവധി. തിരുവനന്തപുരം കോർപ്പറേഷൻ ദേശീയ ശ്രദ്ധയിലേക്ക് എത്തിയതോടെ മൂന്ന് മുന്നണികൾക്കും അഭിമാനപോരാട്ടമായി മാറികഴിഞ്ഞു. അതേസമയം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നേരിട്ടുള്ള എൽഡിഎഫ് യുഡിഎഫ് പോര്. കോർപ്പറേഷനും നാല് മുൻസിപ്പാലിറ്റികളും ജില്ലാ പഞ്ചായത്തും നിലനിർത്തുക എന്നതാണ് എൽഡിഎഫിന് മുന്നിലെ ലക്ഷ്യം. തിരുവനന്തപുരം കോർപ്പറേഷനും ജില്ലയിലെ പതിനഞ്ച് ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ബിജെപി നീക്കങ്ങൾ. ജില്ലാപഞ്ചായത്തിലും ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളിലും മടങ്ങിയെത്തുക എന്നതാണ് യുഡിഎഫിന് മുന്നിലെ വെല്ലുവിളി. കൊല്ലം ജില്ലയിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ആദ്യം പൂർത്തിയാക്കാൻ കഴിഞ്ഞതാണ് യുഡിഎഫിന്‍റെ നേട്ടം. എന്നാൽ വിമത ശല്യം ഇപ്പോഴും തലവേദന. എൽഡിഎഫ് തകർപ്പൻ ജയം നേടിയ ജില്ലയിൽ അതേവിജയം ആവർത്തിക്കുക എൽഡിഎഫിന് എളുപ്പമല്ല. സിപിഎം സിപിഐ പ്രശ്നങ്ങൾ മുന്നണിക്കുള്ളിലും തലവേദന.
പത്തനംതിട്ടയിലും ഇടുക്കിയിലും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് കരുത്ത് തെളിയിക്കേണ്ട നിർണ്ണായ പരീക്ഷണം. ഇരുമുന്നണികളുടെയും പ്രകടനത്തിന്‍റെ ഭാവിയും കേരള കോണ്‍ഗ്രസിന്‍റെ പ്രകടനത്തെ കൂടി ആശ്രയിച്ചാകും.ആലുപ്പുഴയിലും ശക്തമായ മത്സരം. ഭൂരിഭാഗം മേഖലകളിലും എൽഡിഎഫ് യുഡിഎഫ് നേർക്കുനേർ മത്സരം. ജില്ലാപഞ്ചായത്ത് ഭരണം എങ്ങോട്ട് എന്നതും നിർണ്ണായകം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള വോട്ടെടുപ്പിൻറെ എല്ലാ ഒരുുക്കങ്ങളും പൂർത്തിയായി.അതെ സമയം ഇന്നലെ പരസ്യ പ്രചാരണം അവസാനിക്കുമ്പോൾ യുഡിഎഫും എൽഡിഎഫും പരസ്പരം ബിജെപി ബന്ധത്തിൽ പഴിചാരിയപ്പോൾ പ്രചാരണത്തിലെ പിണറായിയുടെ അസാന്നിധ്യമായിരുന്നു ഇടതുമുന്നണിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ ആയുധം. തങ്ങളുമായല്ല മറിച്ച് യുഡിഎഫും എൽഡിഎഫും തമ്മിലാണ് കൂട്ടുകെട്ടെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.ഇടുക്കി ജില്ലയിലെ കുമ്മംകല്ലിൽ നിയന്ത്രണങ്ങൾ ലംഘിച്ച് കലാശക്കൊട്ട് നടത്തി. 40 ഓളം എൽ ഡി എഫ് പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തു. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ തൊടുപുഴയിൽ പ്രതിഷേധ പ്രകടനം നടത്തി. തിരുവനന്തപുരത്ത് കാഞ്ഞിരംപാറയിൽ എൽഡിഎഫിന്റെയും എൻഡിഎയുടെയും പ്രവർത്തകർ കലാശക്കൊട്ട് നടത്തി. മറ്റിടങ്ങളിൽ കലാശക്കൊട്ട് ഉണ്ടായിരുന്നില്ല. പരാമവധി വോട്ടർമാരെ കണ്ട് സ്ഥാനാർത്ഥികളും അടിച്ചും തിരിച്ചടിച്ചും നേതാക്കളും കളം കടുപ്പിച്ചു. ത്രികോണപ്പോര് മുറുകുമ്പോൾ ഒന്നാം ഘട്ട വോട്ടെടുപ്പിന്റെ അവസാന ലാപ്പിൽ സിപിഎം ശക്തമായി എടുത്തിടുന്നത് കോൺഗ്രസ്-ബിജെപി രഹസ്യബന്ധമായിരുന്നു. ന്യൂനപക്ഷ വോട്ടിൽ കണ്ണ് വെച്ച് മാത്രമല്ല പാർട്ടി സെക്രട്ടറി മുതൽ മന്ത്രിമാർ വരെ രഹസ്യബന്ധം ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha