കിഴക്കമ്പലത്ത് വോട്ടർക്ക് ഭാര്യയുടെ മുന്നിൽ വച്ച് സി പി എമ്മിന്റെ ക്രൂര മർദ്ദനം; പരാതിയുമായി ട്വന്റി 20
എറണാകുളം കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട് പുതുതായി ചേർത്തവരുടെ വോട്ടിനെ ചൊല്ലി തർക്കവും സംഘർഷവും. വോട്ടു ചെയ്യാൻ എത്തിയവരെ മർദ്ദിച്ച സംഭവത്തിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ട്വന്റി 20 ജനകീയ കൂട്ടായ്‌മ.വോട്ടിംഗിനിടെ സംഘർഷം നടന്ന ഏഴാം വാർഡിൽ റീപോളിംഗ് വേണമെന്ന് ആവശ്യപ്പെട്ട് ട്വന്റി 20 തിരഞ്ഞെടുപ്പ് കമ്മിഷനും കളക്‌ടർക്കും പരാതി നൽകുകയും ചെയ്‌തിട്ടുണ്ട്. സി പി എം പ്രവർത്തകരാണ് മർദ്ദിച്ചതെന്നാണ് ട്വന്റി 20 ആരോപണം.
കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറി നൽകിയ കാർഡുമായി വോട്ട് ചെയ്യുന്നതിന് എത്തിയപ്പോഴാണ് പ്രശ്‌നമുണ്ടായത്. പഞ്ചായത്ത് സെക്രട്ടറി നൽകിയ കാർഡുമായി എത്തിയവരെ യു ഡി എഫ്, എൽ ഡി എഫ് പ്രവർത്തകർ ചേർന്ന് തടയുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകളുണ്ടെങ്കിലേ വോട്ട് ചെയ്യാൻ അനുവദിക്കൂവെന്നായിരുന്നു സി പി എമ്മിന്റെയും കോൺഗ്രസിന്റെയും ആവശ്യം.വോട്ട് ചെയ്യുന്നതിന് എത്തിയ ട്വന്റി 20 പ്രവർത്തകരായ പ്രിന്റു, ഭാര്യ ബ്രജിത എന്നിവരെ സി പി എമ്മിന്റെ നേതൃത്വത്തിൽ സംഘം ചേർന്ന് ആക്രമിച്ചെന്നാണ് പരാതിയുണ്ടായിരിക്കുന്നത്. വോട്ടർ പട്ടികയിൽ പേരില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പ്രിന്റുവിന്റെ ഭാര്യയുടെ മുന്നിൽ വച്ച് ക്രൂരമായി സി പി എം പ്രവർത്തകർ മർദ്ദിക്കുന്ന വീഡിയോ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു .വയനാട് സ്വദേശികളായ പ്രിന്റുവും ഭാര്യയും 14 വർഷമായി കിഴക്കമ്പലത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ്. വാടകയ്‌ക്ക് താമസിക്കുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നായിരുന്നു സി പി എം നിലപാട്. ആവശ്യമായ രേഖകളുമായി എത്തിയവരെയാണ് തടഞ്ഞതെന്ന് ട്വന്റി 20 പ്രവർത്തകർ പറഞ്ഞു.വിവിധ വാർഡുകളിലായി 523 പുതിയ വോട്ടർമാരെ വോട്ടർ പട്ടികയിൽ പുതുതായി ചേർത്തിരുന്നു. ഇവർക്ക് വോട്ട് ചെയ്യാൻ പൊലീസ് സംരക്ഷണമൊരുക്കണമെന്ന ഹൈക്കോടതി ഉത്തരവുമായി പൊലീസും നിലയുറപ്പിച്ചതോടെ വാക്കേറ്റമായി. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ വച്ചാണ് പ്രിന്റുവിനും ഭാര്യയ്‌ക്കും നേരെ ആക്രമണമുണ്ടായത്.
"
https://www.facebook.com/Malayalivartha